ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതിനെതിരെ ആരാധകർക്കിടയിൽ അമർഷം പുകയുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐയുടെ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിൽ ആരാധകർ ഒന്നടങ്കം പ്രതിഷേധവും വിമർശനവുമായി കൂട്ടത്തോടെയെത്തി. ന്യൂസീലൻഡ് പര്യടനത്തിനായി പ്രഖ്യാപിച്ച 16 അംഗ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ ഏക താരമാണ് സഞ്ജു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ വിശ്രമത്തിലായിരുന്ന ഓപ്പണർ രോഹിത് ശർമയുടെ തിരിച്ചുവരവാണ് സഞ്ജുവിന്റെ പുറത്താകലിനു കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം.

ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ട്വന്റി20 പരമ്പരകളിലും ടീമിൽ അംഗമായിരുന്ന സഞ്ജുവിന് ഒരേയൊരു മത്സരത്തിലാണ് കളിക്കാൻ അവസരം നൽകിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ നേരിട്ട ആദ്യ പന്തുതന്നെ സിക്സടിച്ചാണ് സഞ്ജു തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ പുറത്താകുകയും ചെയ്തു. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുത്തത്. ട്വന്റി20 ടീമിൽനിന്ന് പുറത്തായെങ്കിലും സഞ്ജു ഇപ്പോൾത്തന്നെ ന്യൂസീലൻഡിലുണ്ട്. അവിടെ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമായതിനാലാണ് അത്. മറ്റൊരു മലയാളി താരം സന്ദീപ് വാരിയരും ഇന്ത്യ എയുടെ ഭാഗമായി ന്യൂസീലൻഡിലുണ്ട്.

2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് വീണ്ടും ഇന്ത്യൻ ജഴ്സിയണിയാൻ കഴിഞ്ഞ ദിവസം പുണെയിൽ അവസരം ലഭിച്ചത്. രണ്ടു ട്വന്റി20 മത്സരങ്ങൾക്കിടയിലെ ഇടവേളയുടെ കാര്യത്തിൽ ഇത് ഇന്ത്യൻ റെക്കോർഡാണ്. 65 മത്സരങ്ങൾ കാത്തിരുന്ന ഉമേഷ് യാദവാണ് സഞ്ജുവിനു പിന്നിലായത്. ലോക ക്രിക്കറ്റിൽത്തന്നെ ഇതിൽക്കൂടുതൽ മത്സരങ്ങൾ കാത്തിരുന്നത് ഇംഗ്ലണ്ട് താരങ്ങളായ ജോ ഡെൻലി (79), ലിയാം പ്ലങ്കറ്റ് (74) എന്നിവർ മാത്രം.

രോഹിത് ശർമയുടെ തിരിച്ചുവരവോടെ സഞ്ജു പുറത്താകുമ്പോൾ, ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പർ ആരെന്ന ചോദ്യവും ബാക്കിയാണ്. നിലവിൽ പ്രഖ്യാപിച്ച ടീമിൽ ഋഷഭ് പന്താണ് ഏക വിക്കറ്റ് കീപ്പർ. ഓപ്പണറായി ടീമിലുള്ള ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്ന സാധ്യത മാത്രമാണ് ഇക്കാര്യത്തിലുള്ളത്.

രോഹിത് ശർമയുടെ മടങ്ങിവരവിനെ സഞ്ജുവിനെ പുറത്താകലിന് കാരണമായി ചൂണ്ടിക്കാട്ടുമ്പോഴും, ബോളിങ് വിഭാഗത്തിൽ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് നിലവിലുള്ള അംഗങ്ങളുടെ സാധ്യതകളെ ബാധിച്ചില്ലെന്നത് ശ്രദ്ധേയം. ഷമിയെക്കൂടി ഉൾപ്പെടുത്താൻ ടീം വിപുലീകരിച്ച് 16 അംഗ ടീമിനെയാണ് ന്യൂസീലൻഡ് പര്യടനത്തിനായി പ്രഖ്യാപിച്ചത്. ബോളർമാരിൽ ആരെയും ഒഴിവാക്കാതിരിക്കാനാണ് ഇത്. സഞ്ജു ഒഴികെ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിലെ എല്ലാവരും ടീമിൽ സ്ഥാനം നിലനിർത്തിയെന്നതും ശ്രദ്ധേയം. മനീഷ് പാണ്ഡെ, ശിവം ദുബെ തുടങ്ങിയവർ ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിലുണ്ട്.

അതേസമയം, ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെ കായികക്ഷമത സംബന്ധിച്ച ആശയക്കുഴപ്പാണ് കാരണമെന്നാണ് സൂചന. കായികക്ഷമത തെളിയിക്കാത്തതിനാൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽനിന്ന് പാണ്ഡ്യയെ പിൻവലിച്ചിരുന്നു. തമിഴ്നാട് താരം വിജയ് ശങ്കറാണ് പകരക്കാരൻ.

English Summary: Dropped after 2 balls: Fans slam BCCI selectors as Sanju Samson snubbed for New Zealand series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com