ADVERTISEMENT

മുംബൈ ∙ ഒരുങ്ങിയിറങ്ങിയാൽ ഓസ്ട്രേലിയയോളം വരില്ല ഒരു ടീമും! 38–ാം ഓവറിലെ നാലാം പന്ത് ലോങ് ഓൺ ബൗണ്ടറിയിലേക്കു പായിച്ച ഡേവിഡ് വാർണർ ആകാശത്തേക്കു കുതിച്ചു ചാടി വിജയമാഘോഷിച്ചപ്പോൾ മണ്ണിൽ വീണുടഞ്ഞത് ആരാധകരുടെ പ്രതീക്ഷകൾക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ഇന്ത്യയുടെ ഗർവ് കൂടിയായിരുന്നു. വാങ്കഡെയുടെ മണ്ണിൽ ഓസീസ് ഓപ്പണർമാർ തനിസ്വരൂപം കാണിച്ചപ്പോൾ കാഴ്ചക്കാരായി നിൽക്കാനേ വിരാട് കോലിക്കും സംഘത്തിനും സാധിച്ചുള്ളൂ.

വാശിയോടെ കളിച്ച വാർണറും (128*) ഇന്ത്യയെ ഇഞ്ചിഞ്ചായി ചതച്ച ഫിഞ്ചും (110*) ഓസീസിന്റെ ഇന്ത്യൻ പര്യടനത്തിനു സ്വപ്നതുല്യമായ തുടക്കം നൽകി. അതിനു കാഴ്ചക്കാരാകാൻ വിധിക്കപ്പെട്ടത് ലോക ഒന്നാം നമ്പർ ബോളർ ജസ്പ്രീത് ബുമ്രയടങ്ങുന്ന ഇന്ത്യയുടെ ബോളിങ് നിരയും. രണ്ടാം മത്സരത്തിനായി വെള്ളിയാഴ്ച രാജ്കോട്ടിലിറങ്ങുമ്പോൾ ക്യാപ്റ്റൻ കോലിക്കു മുന്നിലുള്ള ചോദ്യങ്ങൾ നിരവധി.

∙ വിക്കറ്റു വേണോ വിക്കറ്റ്!

ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ എങ്ങനെ കളിക്കരുത് എന്നതിന്റെ മാതൃകയാണ് വാങ്കഡെയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കാഴ്ചവച്ചത്. മികച്ച തുടക്കം കിട്ടിയിട്ടും ഓസീസ് ബോളർമാർക്ക് വിക്കറ്റ് സമ്മാനിക്കാൻ മത്സരിക്കുകയായിരുന്നു ക്യാപ്റ്റൻ കോലിയടക്കമുള്ള ബാറ്റ്സ്മാൻമാർ. ഒരു ഘട്ടത്തിൽ 300 റൺസ് കടക്കുമെന്നു തോന്നിച്ച ഇന്ത്യൻ ഇന്നിങ്സ് ഇന്ത്യൻ പിന്നീട് 250 കടത്തിയത് വാലറ്റത്ത് ജഡേഡയും (25) ഷാർദൂൽ ഠാക്കൂറും (13) ഷമിയും (10) കുൽദീപും (17) നടത്തിയ ചെറുത്തു നിൽപാണ്.

അലക്ഷ്യമായ ഷോട്ടുകളിലൂടെ രോഹിതും (10) ധവാനും (74) രാഹുലും (47) കോലിയും (16) വിക്കറ്റ് വലിച്ചെറിഞ്ഞപ്പോൾ വാലറ്റത്തെ ചുരുട്ടിക്കെട്ടുന്ന ജോലി മാത്രമേ ഓസീസ് ബോളിങ് നിരയ്ക്ക് ഉണ്ടായിരുന്നുള്ളു. 3 വിക്കറ്റുമായി മിച്ചൽ സ്റ്റാർക്ക് മുന്നിൽ നിന്നു നയിച്ചപ്പോൾ പാറ്റ് കമിൻസും കെയ്ൻ റിച്ചാർഡ്സനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

∙ കോലിക്ക് തെറ്റിയോ?

‘ക്യാപ്റ്റൻ എന്ന നിലയിൽ ഏതു പൊസിഷനിൽ ബാറ്റ് ചെയ്യാനും ഞാൻ തയാറാണ്’– ഒന്നാം ഏകദിനത്തിനു മുൻപായി വിരാട് കോലിയുടെ വാക്കുകൾ. തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പർ കെ.എൽ.രാഹുലിന് നൽകി കോലി നാലാമനായി ഇറങ്ങിയപ്പോൾ ബാറ്റിങ് ഓർഡർ മുഴുവനായും മാറി. നാലാം നമ്പറിൽ കഴിഞ്ഞ 5 ഇന്നിങ്സിൽ നാലിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ അഞ്ചാമനായി ഇറങ്ങേണ്ടി വന്നു. ഋഷഭ് പന്ത് (28) ആറാമനായി. പൊസിഷൻ മാറ്റം കോലിയുടേയും അയ്യരുടേയും (4) പ്രകടനങ്ങളെ ബാധിച്ചു.

∙ ഓപ്പണിങ് ഓഹോ!

ഇന്ത്യയ്ക്കെതിരെ ഓസീസ് ടീമിന്റെ ഏറ്റവുമുയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് (258) ഇന്നലെ വാങ്കഡെയിൽ പിറന്നത്. 2017ൽ തങ്ങൾ തന്നെ സ്ഥാപിച്ച 231 റൺസിന്റെ റെക്കോർഡാണ് ഫിഞ്ച്–വാർണർ സഖ്യം തിരുത്തിയെഴുതിയത്. സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കാനും വാർണർക്കു സാധിച്ചു.

∙ പന്തിനു പരുക്ക്

ബാറ്റിങ്ങിനിടെ പരുക്കേറ്റ ഋഷഭ് പന്തിനു പകരം കെ.എൽ.രാഹുലായിരുന്നു ടീം ഇന്ത്യയ്ക്കുവേണ്ടി കീപ്പിങ് ഗ്ലൗസ് അണിഞ്ഞത്. പാറ്റ് കമിൻസ് എറിഞ്ഞ ബൗൺസർ പന്തിന്റെ ബാറ്റിൽ തട്ടിയശേഷം ഹെൽമറ്റിൽ ഇടിച്ച് ആഷ്ടൻ ടർണറുടെ കൈകളിലേക്കെത്തുകയായിരുന്നു. പരുക്കമൂലം പന്തിന് പരമ്പര നഷ്ടമായാൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ടീമിലേക്കെത്താനുള്ള വിദൂര സാധ്യതയുണ്ട്.

∙ സ്കോർ കാർഡ്

ടോസ് – ഓസ്ട്രേലിയ

ഇന്ത്യ ബാറ്റിങ്

രോഹിത് സി വാർണർ ബി സ്റ്റാർക് 10, ധവാൻ സി അഗർ ബി കമിൻസ് 74, രാഹുൽ സി സ്മിത്ത് ബി അഗർ 47, കോലി സി ആൻഡ് ബി സാംപ 16, ശ്രേയസ് സി കാരി ബി സ്റ്റാർക് 4, പന്ത് സി ടർണർ ബി കമിൻസ് 28, ജഡേജ സി കാരി ബി റിച്ചാർഡ്സൻ 25, ഷാർദൂൽ ബി സ്റ്റാർക് 13, ഷമി സി കാരി ബി റിച്ചാർഡ്സൻ 10, കുൽദീപ് റൺ ഔട്ട് (സ്മിത്ത്) 17, ബുമ്ര നോട്ടൗട്ട് 0 എക്സ്ട്രാസ് 11. ആകെ 49.1 ഓവറിൽ 255

ഓസ്ട്രേലിയ ബോളിങ്

സ്റ്റാർക് 10–0–56–3, കമിൻസ് 10–1–44–2, റിച്ചാർഡ്സൻ 9.1–0–43–2, സാംപ 10–0–53–1, അഗർ 10–1–56–1

ഓസേട്രേലിയ ബാറ്റിങ്

വാർണർ നോട്ടൗട്ട് 128, ഫിഞ്ച് നോട്ടൗട്ട് 110. എക്സ്ട്രാസ് 20. ആകെ 37.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 258

ഇന്ത്യ ബോളിങ്

ഷമി 7.4–0–58–0, ബുമ്ര 7–0–50–0, ഷാർദൂൽ 5–0–43–0, കുൽദീപ് 10–0–55–0, ജഡേജ 8–0–41–0

English Summary: India vs Australia, 1st ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com