ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ആരാധകർക്ക് ആവേശം പകരുന്നൊരു വിഡിയോയുമായി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ). ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിസിസിഐ ഈ വിഡിയോ പങ്കുവച്ചത്. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയും ഇന്ത്യൻ പേസ് വിഭാഗത്തിന്റെ പുതിയ മുഖമായ നവ്ദീപ് സെയ്നിയുമാണ് ഈ വിഡിയോയിലുള്ളത്. മത്സരത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി ഇരുവരും നെറ്റ്സിൽ ബോൾ ചെയ്യുന്നതാണ് ബിസിസിഐ പങ്കുവച്ച വിഡിയോയിലുള്ളത്. ഇരുവരും തുടർ യോർക്കറുകളുമായി സ്റ്റംപിളക്കുന്ന കാഴ്ച ആരാധകരിൽ ആവേശം സൃഷ്ടിക്കും.

പരുക്കുമൂലം ദീർഘകാലമായി ടീമിനു പുറത്തായിരുന്ന ബുമ്ര സജീവ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ ശ്രീലങ്കയ്ക്കെതിരായ 3–ാം മത്സരത്തിൽ ഫോം കണ്ടെത്തിയതോടെ ടീം പ്രതീക്ഷയിലാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ചെറുതായി നിരാശപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തിൽ തകർപ്പൻ സ്പെല്ലുമായി താരം വരവറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പരമ്പരയിൽ നടത്തിയ പ്രകടനം ഇത്തവണയും ബുമ്ര ആവർത്തിച്ചാൽ ഓസീസിനെതിരെ ബോളിങ് നിരയെക്കുറിച്ച് ഇന്ത്യയ്ക്ക് ടെൻഷൻ വേണ്ട.

അതേസമയം, ഡൽഹിയിലെ മൈതാനങ്ങളിൽ ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ചു നടന്ന പയ്യൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പേസ് ബോളിങ് പ്രതീക്ഷയായി ഞൊടിയിടയിൽ വളർന്നതിന്റെ നേർച്ചിത്രമാണ് നവ്ദീപ് സെയ്നി.  ബുമ്രയും ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഉൾപ്പെടെയുള്ള പതിവു മുഖങ്ങൾ പരുക്കേറ്റ് പുറത്തായപ്പോഴാണ് സെയ്നിക്ക് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഇതു മുതലാക്കി താരം ശ്രീലങ്കൻ പരമ്പരയിലെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരത്തിളക്കവുമായാണ് വരുന്നത്. വാർണറേയും സ്മിത്തിനേയും പിടിച്ചുകെട്ടാൻ ബുമ്രയ്ക്കും ഷമിയ്ക്കുമൊപ്പം ഇന്ത്യ ആശ്രയിക്കുക സെയ്നിയുടെ അളന്നുതൂക്കിയ യോർക്കറുകളെയായിരിക്കും.

Englis Summary: Jasprit Bumrah, Navdeep Saini Bowling in Nets. Watch Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com