sections
MORE

ഉയരെപ്പറന്ന കോലിപ്പടയെ ‘വലിച്ചു നിലത്തിട്ട്’ ഓസീസ്; തിരുത്താനുണ്ട്, പഠിക്കാനും!

warner-finch-kohli
മത്സരശേഷം ഹസ്തദാനം നൽകുന്ന വാർണറും ഫിഞ്ചും. മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഭാവപ്രകടനം.
SHARE

ഹർഷ ഭോഗ്‍ലെ കുറിച്ചതാണ് ശരി; ഇത് ഇന്ത്യ ജയിക്കാനായി കളിച്ച കളിയല്ല. മറക്കാനായി കളിച്ച കളിയാണ്! കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നാട്ടിലും വിദേശത്തുമായി വിരാട് കോലിയും സംഘവും പടുത്തുയർത്തിയ സകല സൽപ്പേരും ഇതാ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വീണുടഞ്ഞിരിക്കുന്നു! മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ ഏകദിന ലോകകിരീടം ഉയർത്തിയ അതേ വാങ്കഡെയിൽത്തന്നെ! നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടീമെന്നും ഏറ്റവും മികച്ച പേസ് ബോളിങ് ഡിപ്പാർട്ട്മെന്റെന്നും ഗർവ് പറഞ്ഞുനടന്ന ഇന്ത്യയ്ക്ക് ഇനി ആത്മപരിശോധന നടത്താം. അതിനുള്ള വകയെല്ലാം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും എന്നുവേണ്ട സമസ്ത മേഖലകളിലും ഇന്ത്യയെ നിസാരരാക്കിയാണ് ഒന്നാം ഏകദിനത്തിൽ ഓസീസ് അനായാസം ജയിച്ചുകയറിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറിൽ ‘മുക്കിയും മൂളിയും’ പടുത്തുയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തു ബാക്കിനിൽക്കെ മറികടക്കുമ്പോൾ, 10 വിക്കറ്റും ഓസീസിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഏകദിനത്തിൽ അരങ്ങേറ്റത്തിനു തയാറായെത്തിയ മൂന്നാം നമ്പർ താരം മാർനസ് ലബുഷെയ്ന് ഒരു പന്തുപോലും നേരിടാൻ അവസരം നൽകാതെയാണ് ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും മത്സരം തീർത്തുകളഞ്ഞത്. വാർണർ 112 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 128 റൺസോടെയും ഫിഞ്ച് 114 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 110 റൺസോടെയും പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്കു കൈപിടിച്ചത്. വാർണറാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി.

ഏകദിനത്തിൽ ഇന്ത്യൻ മണ്ണിൽ ഇന്ത്യയ്‌ക്കെതിരെ ഓസീസിന്റെ തുടർച്ചയായ നാലാം ജയമാണിത്. മാത്രമല്ല, ഏകദിനത്തിൽ ഇന്ത്യയുടെ അഞ്ചാമത്തെ മാത്രം 10 വിക്കറ്റ് തോൽവിയാണ് ഓസീസിനെതിരെ പിണഞ്ഞത്. 2005ൽ കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയാണ് ഇന്ത്യ ഇതിനു മുൻപ് 10 വിക്കറ്റിനു തോറ്റ് നാണംകെട്ടത്. അതേസമയം, 250ന് മുകളിൽ റൺസ് നേടിയിട്ടും 10 വിക്കറ്റ് തോൽവി വഴങ്ങുന്നത് ഇതാദ്യം. 1997ൽ ബ്രിജ്ടൗണിൽ വെസ്റ്റിൻഡീസിനെതിരെ 200 റൺസ് വിജയലക്ഷ്യമുയർത്തിയിട്ടും 10 വിക്കറ്റിന് തോറ്റതാണ് ഇതിനു മുൻപത്തെ വലിയ നാണക്കേട്. ദയനീയമെങ്കിലും ഈ തോൽവിയോടെ ഇന്ത്യൻ‌ ക്രിക്കറ്റ് കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടുകയൊന്നുമില്ല. വിരാട് കോലി മത്സരശേഷം പറഞ്ഞതുപോലെ, ആരാധകർ ആശങ്കപ്പെടേണ്ട കാര്യവുമില്ല. കാരണം, ക്രിക്കറ്റിൽ ഇതൊക്കെ സാധാരണമാണ്. എങ്കിലും ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ചില ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കുമുള്ള സൈറണാണ് ഈ മത്സരമെന്ന കാര്യത്തിൽ ലവലേശം സംശയമില്ല.

∙ ഇന്ത്യയുടെ പിഴവും ഓസീസിന്റെ മികവും

സത്യത്തിൽ തൊട്ടതെല്ലാം ഇന്ത്യയ്ക്കു പിഴച്ച ദിവസമാണ് ചൊവ്വാഴ്ച. ബാറ്റിങ്ങിൽ ഉൾപ്പെടെ പിഴവുകളേറെ വരുത്തിയെങ്കിലും ഇന്ത്യയ്ക്ക് ഭാഗ്യക്കേടിന്റെ കൂടി ദിവസമായിരുന്നു ഇത്. ഓസീസിന്റെ ഓപ്പണിങ് കൂട്ടുകെട്ടു പൊളിക്കാൻ ആഞ്ഞു പരിശ്രമിച്ച ഇന്ത്യ അതിൽ വിജയിച്ചപ്പോൾ അംപയർമാർ കനിഞ്ഞില്ല. അപംയർമാർ കനിഞ്ഞപ്പോൾ ഡിആർഎസും എതിരുനിന്നു. വാർണറെ വ്യക്തിഗത സ്കോർ അഞ്ചിൽനിൽക്കെ ഷാർദുൽ താക്കൂറും 90ൽ നിൽക്കെ രവീന്ദ്ര ജഡേജയും പൂറത്താക്കിയെങ്കിലും ഡിആർഎസിലൂടെ താരം രണ്ടു തവണയും ‘ആയുസ് നീട്ടിയെടുത്തു. ഇതിനിടെ വ്യക്തിഗത സ്കോർ 62ൽ നിൽക്കെ കുൽദീപിന്റെ പന്തിൽ ആരോൺ ഫിഞ്ച് പുറത്തായപ്പോൾ അംപയർ ഔട്ട് അനുവദിച്ചുമില്ല. അതിനു മുൻപേ ഇന്ത്യ ഏക റിവ്യൂ അവസരം നഷ്‍ടമാക്കിയിരുന്നു.

ക്യാച്ചുകൾ കൈവിടുന്നത് ഇന്ത്യയുടെ പതിവായി മാറിയിട്ടുണ്ടെങ്കിലും ഈ മത്സരത്തിൽ ഇന്ത്യ ക്യാച്ചുകളൊന്നും നഷ്ടമാക്കിയിട്ടില്ല. പലപ്പോഴും അനായാസ ക്യാച്ചുകളായി പരിണമിക്കാറുള്ള തരം ചില മിസ് ഹിറ്റുകൾ വാർണർ, ഫിഞ്ച് എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണ്. എന്നിട്ടും ഇത്തവണ അതൊന്നും ക്യാച്ചുകളായി രൂപാന്തരപ്പെട്ടില്ല. ചില പന്തുകൾ ഇന്ത്യൻ ഫീൽഡർമാരുടെ കൈപ്പാകത്തിനു തൊട്ടുചേർന്ന് ഉയർന്നു പോയപ്പോൾ, മറ്റു ചില ഷോട്ടുകൾ ഫീൽഡർമാരോട് തൊട്ടുചേർന്ന് നിലംപതിച്ചു. പറഞ്ഞിട്ടെന്ത്, അർധാവസരങ്ങൾ പോലും മുതലെടുക്കേണ്ട മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് അതിനു സാധിക്കാതെ പോയതോടെ 10 വിക്കറ്റിന്റെ ദയനീയ തോൽവിയായി ഫലം.

∙ ഈ പേസർമാർ ‘കുട്ടികളാണ്’!

2019ൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേസ് ബോളിങ് വിഭാഗത്തിന്റെ മികവൊക്കെ എത്രപെട്ടെന്നാണ് ചോദ്യചിഹ്നമായി മാറിയത്! കഴിഞ്ഞ വർഷം ഏകദിനത്തിൽ ഇന്ത്യയുടെ മുൻനിര ബോളർമാരായിരുന്ന ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പൂർണ മികവോടെ കളിച്ച മത്സരമാണെന്ന് ഓർക്കണം. താരതമ്യേന പുതുമുഖമായി ഉണ്ടായിരുന്നത് ഷാർദുൽ താക്കൂർ മാത്രം. ബുമ്ര പരുക്കിന്റെ പിടിയിൽനിന്ന് തിരികെ വന്നതേ ഉള്ളൂവെന്ന് ന്യായം പറയാമെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ ആ പഴയ മികവ് പുറത്തെടുത്ത കാര്യം അങ്ങനെ മറക്കാമോ? എന്നിട്ടും ഓസീസിനെതിരെ ബുമ്ര ഫലപ്രദമാകാതെ പോയത് എതിരാളികളുടെ വലുപ്പംകൊണ്ടു തന്നെയാണ്.

ഓസീസിനെതിരെ ബുമ്ര അപ്രതീക്ഷിതമായി നിരായുധനായിപ്പോയത് ക്യാപ്റ്റൻ വിരാട് കോലിയെ മാത്രമല്ല, ഇന്ത്യൻ ആരാധകരെ ഒന്നടങ്കം നിസഹായരാക്കി. മത്സരത്തിലാകെ ഏഴ് ഓവർ ബോൾ ചെയ്ത ബുമ്ര, 50 റൺസ് വഴങ്ങിയെന്നു മാത്രമല്ല വിക്കറ്റൊന്നും കിട്ടിയുമില്ല. വിക്കറ്റ് അത്യാവശ്യമായിരിക്കുമ്പോൾ കോലി ഏറ്റവുമധികം ആശ്രയിക്കുന്ന ബോളറാണ് ബുമ്ര. ആ ബുമ്ര തന്നെ നിസഹായനായിപ്പോയാൽ എന്തു ചെയ്യും? വാങ്കഡെയിൽ സംഭവിച്ചത് മറ്റൊന്നല്ല. ഐപിഎൽ മുംബൈ ഇന്ത്യൻസ് താരമെന്ന നിലയിൽ ബുമ്രയുടെ ‘ഹോം ഗ്രൗണ്ട്’ കൂടിയാണ് ഇതെന്ന് ഓർക്കണം. 

jasprit-bumrah-bowling
ജസ്പ്രീത് ബുമ്രയുടെ ബോളിങ്. ചിത്രം: വിഷ്ണു വി.നായർ

ലൈനും ലെങ്തും പാലിച്ചു ബോൾ ചെയ്ത മുഹമ്മദ് ഷമിക്കും വിക്കറ്റുകൾ ലഭിക്കാതെ പോയത് നിർഭാഗ്യമെന്നല്ലാതെ എന്തുപറയാൻ! 7.4 ഓവർ ബോൾ ചെയ്ത ഷമി 58 റൺസാണ് വഴങ്ങിയത്. ബാറ്റിങ്ങിലെ പ്രാവീണ്യം കൂടി കണക്കിലെടുത്ത മൂന്നാം പേസറായി അവസരം ലഭിച്ച ഷാർദുൽ താക്കൂറിന് ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാൻ പറ്റിയില്ല. നവ്ദീപ് സെയ്നിയെപ്പോലൊരു ബോളറെ പുറത്തിരുത്തി താക്കൂറിന് അവസരം നൽകിയ നീക്കം അക്ഷരാർഥത്തിൽ ഒരു ചൂതാട്ടമായിരുന്നു. അതു പാളിപ്പോയി. അഞ്ച് ഓവർ മാത്രം ബോൾ ചെയ്ത താക്കൂർ വഴങ്ങിയത് 43 റൺസ്!

∙ ഫലിക്കാതെ പോയ സ്പിൻ

വാങ്കഡെയിൽ ഇന്ത്യയുടെ സ്പിൻമുഖമായി അവതരിച്ച കുൽദീപ് യാദവും രവീന്ദ്ര ജഡേജയും റൺ വിട്ടുകൊടുക്കുന്ന കാര്യത്തിൽ പേസർമാരേക്കാൾ പിശുക്കു കാട്ടിയെങ്കിലും, അനുകൂലവും പരിചിതവുമായ സാഹചര്യങ്ങളിൽ വിക്കറ്റു നേടാനാകാതെ പോയത് തിരിച്ചടിയായി. ഓസീസ് നിരയിൽ റൺസ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഓസീസ് പേസർമാരാണ് പിശുക്കു കാട്ടിയതെങ്കിൽ, ഇന്ത്യൻ ബോളർമാരിൽ അത് സ്പിന്നർമാരായി. കുൽദീപ് യാദവ് 10 ഓവറിൽ 55 റൺസും ജഡേജ എട്ട് ഓവറിൽ 41 റൺസും വഴങ്ങി.

kohli-expression
അംപയർ ഔട്ട് നിഷേധിച്ചപ്പോൾ വിരാട് കോലിയുടെ പ്രതികരണം.

കറക്കിവീഴ്ത്താനാണ് ഇരുവരെയും കൊണ്ടുവന്നതെങ്കിലും അസാധാരണ മികവിൽ ബാറ്റു ചെയ്ത വാർണറിനും ഫിഞ്ചിനും മുന്നിൽ ഇരുവരും കറങ്ങിപ്പോയി എന്നതാണ് വാസ്തവം. കുൽദീപ് ഒരുതവണ വിക്കറ്റിനടുത്തെത്തിയെങ്കിലും അംപയർ ഷംസുദ്ദീന്റെ തീരുമാനം എതിരായി. ജഡേജയ്ക്ക് ഒരുതവണ അംപയർ വിക്കറ്റ് അനുവദിച്ചെങ്കിലും ഡിആർഎസ്സും എതിരായി! ഇന്ത്യൻ മണ്ണിൽ എപ്പോഴും ടീമിന് മുൻതൂക്കം നൽകുന്നതിൽ സ്പിന്നർമാർക്കുള്ള പങ്ക് നിസ്തർക്കമാണ്. ഈ മത്സരത്തിൽ കുൽദീപിനും ജഡേജയ്ക്കും ആ മുൻതൂക്കം സമ്മാനിക്കാനായില്ല.

∙ വിക്കറ്റുകൾ ‘സമ്മാനിച്ച’ ബാറ്റ്സ്മാൻമാർ

രണ്ടാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് മാന്യമായ സ്കോർ ഉറപ്പാക്കുന്നതിൽ ശിഖർ ധവാനും ലോകേഷ് രാഹുലും വഹിച്ച പങ്ക് ചെറുതല്ല. എങ്കിലും ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും മത്സരം ജയിക്കാനായി ബാറ്റു ചെയ്തപ്പോൾ, ശിഖർ ധവാനും ലോകേഷ് രാഹുലും ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാർ ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനാണ് ബാറ്റു ചെയ്തതെന്ന് മത്സരശേഷം ചില ആരാധകർ എഴുതിക്കണ്ടു. മൂന്ന് ഓപ്പണർമാരെയും ടീമിൽ ഉൾക്കൊള്ളിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നടത്തിയ ചൂതാട്ടത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ ഇരുവരുടെയും ബാറ്റിങ് അത്തരമൊരു സംശയമുണർത്തുന്നുണ്ട്. രണ്ടാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് ഇരുവരും കരുത്തുകാട്ടിയെങ്കിലും അതിന്റെ വേഗത നിരാശപ്പെടുത്തി.

അതേസമയം, അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റുകൾ വലിച്ചെറിയുന്നതിൽ വിരാട് കോലി ഉൾപ്പെടെയുള്ള ബാറ്റ്സ്മാൻമാർ മത്സരിക്കുന്നതും കണ്ടു. മൂന്ന് ഓപ്പണർമാരെയും ടീമിൽ ഉൾക്കൊള്ളിക്കുന്നതിന് ബാറ്റിങ് ഓർഡറിൽ നടത്തിയ പരിഷ്കരണവും തിരിച്ചടിച്ചെന്നാണ് വിദഗ്ധമതം. മൂന്നാം നമ്പറിൽ ലോകത്തെ തന്നെ ഒന്നാം നമ്പർ താരമായ കോലി രാഹുലിനായി നാലാം നമ്പറിലേക്ക് മാറിയപ്പോൾ, താരത്തിന് അവിടെ ശോഭിക്കാനായില്ല. സ്വാഭാവികമായും അ‍ഞ്ചാമതായിപ്പോയ അയ്യരും നിരാശപ്പെടുത്തി. നാലാം നമ്പറിൽ കഴിഞ്ഞ നാലിൽ മൂന്ന് ഇന്നിങ്സിലും അർധസെ‍ഞ്ചുറി നേടിയ താരമാണ് അയ്യരെന്ന് ഓർക്കണം. ഒരു ഘട്ടത്തിൽ ഒന്നിന് 134 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ, 30 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി അഞ്ചിന് 164 റൺസെന്ന നിലയിൽ തകരുകയായിരുന്നു.

virat-kohli-out-1
ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായി മടങ്ങുന്നു. ചിത്രം: വിഷ്ണു വി.നായർ

ആറാം വിക്കറ്റിൽ 49 റൺസ് കൂട്ടുകെട്ടു തീർത്ത ഋഷഭ് പന്ത് – രവീന്ദ്ര ജഡേജ സഖ്യം ഭേദപ്പെട്ടു നിന്നെങ്കിലും അവരുടെ രക്ഷാപ്രവർത്തനം ഇന്ത്യയെ കരകയറ്റാൻ പ്രാപ്തമായില്ല. അനാവശ്യ ഷോട്ടുകൾക്കു ശ്രമിച്ച് ഇരുവരും പുറത്താകുകയും ചെയ്തു. പിന്നീട് വാലറ്റം കൂട്ടിച്ചേർത്ത ‘ബോണസ് റൺസു’കളുടെ കരുത്തിലാണ് ഇന്ത്യ 250 കടന്നത്.

∙ ഫിഞ്ചിനും വാർണറിനും കയ്യടി

ഇന്ത്യൻ ടീം വരുത്തിയ പിഴവുകൾ തൽക്കാലം അവിടെ നിൽക്കട്ടെ. അതേക്കുറിച്ച് വിശദീകരിച്ച് ചെറുതാക്കി കാട്ടേണ്ടതല്ല ഈ മത്സരത്തിൽ ഡേവിഡ് വാർണറും ഫിഞ്ചും പുറത്തെടുത്ത പ്രകടനം. ഒരുങ്ങിയിറങ്ങിയാൽ ഓസീസിനോളം വരില്ല ആരും എന്ന് ഒരിക്കൽക്കൂടി അടിവരയിട്ട പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ‘ഇന്ത്യ, ഇതാ ഞങ്ങൾ വരുന്നു’ എന്ന പ്രഖ്യാപനത്തോടെ പരമ്പരയ്ക്കെത്തിയ ഡേവിഡ് വാർണറും കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ പരമ്പരയുടെ താരമായ ആരോൺ ഫിഞ്ചും ചേർന്ന് അടിച്ചൊതുക്കിയത് ഇന്ത്യൻ ടീമിന്റെ സകല ഗർവുകളും കൂടിയാണ്!‍

warner-finch
ഫിഞ്ചും വാർണറും മത്സരത്തിനിടെ. ചിത്രം: വിഷ്ണു വി.നായർ

ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഓസീസ് ബോളർമാരെ ബഹുമാനിച്ചു കളിച്ചപ്പോൾ, ഇന്ത്യൻ ബോളർമാരെ സ്കൂൾ കുട്ടികളെപ്പോലെയാണ് വാർണറും ഫിഞ്ചും കൈകാര്യം ചെയ്തത്. മനോഭാവത്തിലെ ഈ വ്യത്യാസം മത്സരഫലത്തിലും പ്രകടമായിക്കണ്ടു. ഓസീസ് ബോളർമാർക്ക് ഇന്ത്യൻ ബാറ്റ്സ്മാൻമാർ അനാവശ്യ ബഹുമാനം നൽകിയെന്ന് മത്സരശേഷം ഇന്ത്യൻ നായകൻ വിരാട് കോലി തന്നെ ഏറ്റുപറഞ്ഞിരുന്നു.

∙ അടി, അടിയോടടി

തുടക്കം മുതലേ അടിയോടടിയായിരുന്നു ഓസീസിന്റെ നിലപാട്. ഇതിന്റെ ഫലം പവർപ്ലേയിൽ കണ്ടു. ഒന്നാം പവർപ്ലേയിൽ (1–10 ഓവർ) ഓസീസ് നേടിയ 84 റൺസ് 2015നുശേഷം സ്വന്തം നാട്ടിൽ ഇന്ത്യ പവർപ്ലേയിൽ വഴങ്ങുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. 2016ൽ റാഞ്ചിയിൽ ന്യൂസീലൻഡ് വിക്കറ്റ് നഷ്ടം കൂടാതെ നേടിയ 80 റൺസാണ് പിന്നിലായത്. വിദേശ രാജ്യങ്ങളും പരിഗണിച്ചാൽ ഇതിൽ കൂടുതൽ റൺസ് ഇന്ത്യ വഴങ്ങിയത് ഒരിക്കൽ മാത്രം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോർട്ട് ഓഫ് സ്പെയിനിൽ വിൻഡീസ് വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്തത് 114 റൺസ്.

ഫിഞ്ചും വാർണറും ചേർന്ന കൂട്ടുകെട്ട് വെറും 43 പന്തിലാണ് ഓസീസിനെ 50 കടത്തിയത്. 75 പന്തിൽ അവർ നൂറും 136 പന്തിൽ 150ഉം കടന്നു. 200 കടക്കാൻ ഇരുവർക്കും വേണ്ടിവന്നത് 182 പന്തും 250 കടക്കാൻ വേണ്ടിവന്നത് 224 പന്തും. ഇനി വ്യക്തിപരമായ കണക്ക്. 40 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതമാണ് വാർണർ അർധസെഞ്ചുറി പിന്നിട്ടത്. ഫിഞ്ച് ആകട്ടെ 52 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 50 കടന്നു.  

finch-warner-celebration
ഫിഞ്ചും വാർണറും വിജയമാഘോഷിക്കുന്നു. ചിത്രം: വിഷ്ണു വി.നായർ

108 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 16–ാം ഏകദിന സെഞ്ചുറിയിലെത്തിയത്. വാർണറാകട്ടെ, 88 പന്തിൽ 12 ഫോറും മൂന്നു സിക്സും സഹിതം 18–ാം ഏകദിന സെഞ്ചുറിയും സ്വന്തമാക്കി. ഇതോടെ, ഓസീസിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ മാർക്ക് വോയ്ക്കൊപ്പം വാർണർ രണ്ടാം സ്ഥാനത്തെത്തി. 29 സെഞ്ചുറികളുമായി മുൻ നായകൻ റിക്കി പോണ്ടിങ്ങാണ് ഒന്നാമത്. മത്സരത്തിലാകെ വാർണർ 112 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 128 റൺസും ഫിഞ്ച് 114 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 110 റൺസുമാണ് നേടിയത്.

∙ റെക്കോർഡ് ബുക്കിലെ മത്സരം

ഇന്ത്യൻ ബോളർമാരെ നിരായുധരാക്കിയ ഓസീസ് ഓപ്പണർമാരുടെ കുതിപ്പിൽ ഒരുപിടി റെക്കോർഡുകളും വീണുടഞ്ഞു. ഏകദിനത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയകരമായി പിന്തുടരുന്ന ഉയർന്ന രണ്ടാമത്തെ സ്കോർ, വാങ്കഡെയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം തോൽവി തുടങ്ങിയവ അതിൽ ചിലതു മാത്രം. മത്സരത്തിലെ ചില റെക്കോർഡുകളിലൂടെ...

∙ 2013 ഒക്ടോബറിനു ശേഷം ഇന്ത്യയ്‌ക്കെതിരായ ഓപ്പണിങ് കൂട്ടുകെട്ടുകൾ

110 ആരോണ്‍ ഫിഞ്ച് - ഫിൽ ഹ്യൂഗ്സ്, പുണെ, 2013

231 ആരോണ്‍ ഫിഞ്ച് - ഡേവിഡ് വാർണർ, ബെംഗളൂരു, 2017

193 ആരോണ്‍ ഫിഞ്ച് - ഉസ്മാൻ ഖവാജ, 2017

100* ആരോണ്‍ ഫിഞ്ച് - ഡേവിഡ് വാർണർ, മുംബൈ, 2020

∙ ഏകദിനത്തിൽ ഓസീസിനായി ഓപ്പണിങ്ങിൽ കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകൾ

16 ആഡം ഗിൽക്രിസ്റ്റ് – മാത്യു ഹെയ്ഡൻ

9 ആരോൺ ഫിഞ്ച് – ഡേവിഡ് വാർണർ

8 ആഡം ഗിൽക്രിസ്റ്റ് – മാർക്ക് വോ

7 ഡേവിഡ് ബൂൺ – ജെഫ് മാർഷ്

∙ ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ നാല് ഇന്നിങ്സുകളിൽ വാർണറിന്റെ പ്രകടനം

124 (119)

53 (62)

56 (84)

128* (112)

∙ ഏകദിനത്തിൽ ഇന്ത്യയുടെ 10 വിക്കറ്റ് തോൽവികൾ

113 (വിജയലക്ഷ്യം) – ന്യൂസീലൻഡ് മെൽബണിൽ, 1981

200 – വെസ്റ്റിൻഡീസ് ബ്രിജ്ടൗണിൽ, 1997

165 – ദക്ഷിണാഫ്രിക്ക ഷാർജയിൽ, 2000

189 – ദക്ഷിണാഫ്രിക്ക കൊൽക്കത്തയിൽ, 2005

256 – ഓസ്ട്രേലിയ മുംബൈയിൽ 2020 *

∙ ഏകദിനത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ ചേസ് ചെയ്തിട്ടുള്ള ഉയർന്ന സ്കോറുകൾ

279 ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെതിരെ, കിംബെർലിയിൽ, 2017 (ഹാഷിം അംല, ക്വിന്റൻ ഡികോക്ക്)

256 ഓസ്ട്രേലിയ ഇന്ത്യയ്‍ക്കെതിരെ മുംബൈയിൽ, 2020 (ഫിഞ്ച്, വാർണർ)

255 ഇംഗ്ലണ്ട് ശ്രീലങ്കയ്‌ക്കെതിരെ എ‍ജ്ബാസ്റ്റണിൽ, 2016 (അലക്സ് ഹെയ്‍ൽസ്, ജെയ്സൻ റോയി)

236 ന്യൂസീലൻഡ് സിംബാബ്‍വെയ്ക്കെതിരെ ഹരാരെയിൽ, 2015 (ഗപ്ടിൽ, ടോം ലാഥം)

230 ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ കൊളംബോയിൽ, 2011 (ദിൽഷൻ, തരംഗ)

∙ മുംബൈ വാങ്കഡെയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഏകദിന തോൽവി

ദക്ഷിണാഫ്രിക്കയോട് 214 റൺസ് തോൽവി, 2015

ന്യൂസീലൻഡിനോട് ആറു വിക്കറ്റ് തോൽവി, 2017

ഓസ്ട്രേലിയയോട് 10 വിക്കറ്റ് തോൽവി, 2020

∙ ഏകദിനത്തിൽ ഓസീസിന്റെ ഉയർന്ന കൂട്ടുകെട്ടുകൾ

284 ട്രാവിസ് ഹെഡ് – ഡേവിഡ് വാർണർ, പാക്കിസ്ഥാനെതിരെ (1st) അഡ്‌ലെയ്ഡ്, 2017

260 സ്റ്റീവ് സ്മിത്ത് – ഡേവിഡ് വാർണർ, അഫ്ഗാനിസ്ഥാനെതിരെ (2nd) പെർത്ത് 2015

258* ആരോണ്‍ ഫിഞ്ച് – ഡേവിഡ് വാർണർ, ഇന്ത്യയ്ക്കെതിരെ (1st) മുബൈ 2020

പിൻകുറിപ്പ്: 2004നുശേഷം മഹേന്ദ്രസിങ് ധോണി ആദ്യ ഇലവനിൽ ഇല്ലാതെ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ലെന്നൊരു രസകരമായ കണക്കും കണ്ടു. കഴിഞ്ഞ വർഷം ആദ്യം ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനത്തിന് എത്തിയപ്പോൾ അഞ്ച് ഏകദിനങ്ങളാണ് കളിച്ചത്. അതിൽ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യയും അവസാന മൂന്നു മത്സരങ്ങൾ ഓസീസും ജയിച്ചു. വാങ്കഡെയിലെ തോൽവികൂടി ചേരുമ്പോൾ ഓസീസിനെതിരെ ഇന്ത്യയിൽ ഇന്ത്യയുടെ തോൽവികളുടെ എണ്ണം നാലാകും!

English Summary: India vs Australia, 1st ODI - Match Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA