ADVERTISEMENT

മുംബൈ∙ ബാറ്റിങ് റെക്കോർഡുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറിന്റെ പേരിൽ സെഞ്ചുറികളുമായി ബന്ധപ്പെട്ടു മാത്രമുള്ള റെക്കോർഡുകൾ ഒട്ടനവധിയുണ്ട്. എല്ലാ ഫോർമാറ്റിലുമായി കൂടുതൽ സെഞ്ചുറികൾ, ടെസ്റ്റിൽ കൂടുതൽ സെഞ്ചുറി, ഏകദിനത്തിൽ കൂടുതൽ സെഞ്ചുറി എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഒരുകാലത്തും ആർക്കും എത്തിപ്പിടിക്കാനാകില്ലെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ സച്ചിന്റെ സെഞ്ചുറി റെക്കോർഡുകളിലൊന്ന് ഉടൻ നിലംപൊത്തും. സച്ചിന്റെ ഒട്ടേറെ റെക്കോർഡുകൾക്കു ഭീഷണി ഉയർത്തി കുതിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് ഈ റെക്കോർഡിന് തൊട്ടരികെ എത്തിനിൽക്കുന്നത്.

ഇന്ത്യൻ മണ്ണിൽ ഏകദിനത്തിൽ കൂടുതൽ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോർഡാണ് കോലിക്കു മുന്നിൽ വഴിമാറാൻ ഒരുങ്ങുന്നത്. ഇന്ത്യൻ മണ്ണിൽനിന്നു മാത്രം 20 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കിയ സച്ചിന്റെ പേരിലുള്ള റെക്കോർഡിന് ഒരേയൊരു സെഞ്ചുറി മാത്രം അകലെയാണ് കോലി. ഒരു സെഞ്ചുറി കൂടി നേടിയാൽ കോലിക്ക് സച്ചിനൊപ്പമെത്താം. രണ്ടു സെഞ്ചുറി നേടിയാൽ സച്ചിന്റെ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാ.ം ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് സച്ചിന്റെ നാടായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ ആരാധകരുടെ ആകാംക്ഷകളിലൊന്നും ഈ റെക്കോർഡിന്റെ ഭാവിയാണ്.

ഏകദിനത്തിൽ കൂടുതൽ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോർഡും ഈ കലണ്ടർ വർഷത്തിൽ കോലി തകർക്കുമെന്നു കരുതുന്നവരാണ് ഏറെയും. 463 മത്സരങ്ങളിൽനിന്ന് 49 സെഞ്ചുറിയുമായാണ് സച്ചിൻ ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ഇതുവരെ 242 മത്സരങ്ങൾ മാത്രം കളിച്ച കോലിയുടെ പേരിൽ ഇപ്പോൾത്തന്നെ 43 സെഞ്ചുറികളായി. വെറും ആറു സെഞ്ചുറി മാത്രം അകലെ നിൽക്കുന്ന ഈ റെക്കോർഡ് നിലവിലെ ഫോമിൽ അധികം വൈകാതെ കോലിയുടെ പേരിലാകാനാണ് സാധ്യത. ഇവർക്കു പിന്നിൽ മൂന്നാമതു നിൽക്കുന്ന ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്ങിന്റെ പേരിൽ ആകെയുള്ളത് 30 സെഞ്ചുറികൾ മാത്രമാണ്.

സജീവ ക്രിക്കറ്റിലുള്ളവരിൽ കോലിക്കു പിന്നിലുള്ളത് ഇന്ത്യയുടെ തന്നെ രോഹിത് ശർമയാണ്. 221 മത്സരങ്ങളിൽനിന്ന് 28 സെഞ്ചുറികൾ. മൂന്നാം സ്ഥാനത്തേക്ക് എത്താൻ രോഹിത്തിന് വേണ്ടത് രണ്ടു സെഞ്ചുറികൾ മാത്രം. വിരമിക്കലിന്റെ വക്കിലുള്ള വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് സജീവ ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറികൾ ഉള്ള മറ്റൊരാൾ; 25 സെഞ്ചുറികൾ. ഇതിനും പിന്നിൽ ഓസീസ് താരം ഡേവിഡ് വാർണർ. 116 മത്സരങ്ങളിൽനിന്ന് നേടിയത് 17 സെഞ്ചുറികൾ.

English Summary: Virat Kohli one ton away from matching massive Sachin Tendulkar milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com