sections
MORE

രണ്ടാം ഏകദിനത്തിനുള്ള ടീമിൽനിന്ന് പന്ത് പുറത്ത്; വിക്കറ്റ് കാക്കാൻ ആരു വരും?

rishabh-pant
ഋഷഭ് പന്ത് (ഫയൽ ചിത്രം)
SHARE

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ പാറ്റ് കമിൻസിന്റെ പന്ത് ഹെൽമറ്റിലിടിച്ച് പരുക്കേറ്റ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രാജ്കോട്ടിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കി. ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ രണ്ടാം ഏകദിനത്തിനായി രാജ്കോട്ടിലെത്തിയെങ്കിലും പന്ത് ടീമിനൊപ്പമില്ല. വിശദപരിശോധനകൾക്കും കണ്‍കഷൻ പ്രോട്ടോക്കോൾ പ്രകാരം കായികക്ഷമത തെളിയിക്കുന്നതിനുമായി പന്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകും. അവിടെ കായികക്ഷമത തെളിയിച്ച ശേഷമേ പന്തിനെ വീണ്ടും ടീമിലേക്കു പരിഗണിക്കൂ.

‘രണ്ടാം ഏകദിനത്തിൽനിന്ന് പന്തിനെ ഒഴിവാക്കുകയാണ്. ഐസിസിയുടെ സ്റ്റാൻഡേർഡ് കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം പന്ത് കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കും താരത്തെ മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പരിഗണിക്കുക’ – ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഐസിസിയുടെ കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം ടീമിനു പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമാണ് പന്ത്.

അതേസമയം, സ്കാനിങ്ങിൽ പന്തിനു കുഴപ്പമൊന്നുമില്ലെന്നാണ് വ്യക്തമായതെന്നും ബിസിസിഐ വ്യക്തമാക്കി. എങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ കൺകഷൻ പ്രോട്ടോക്കോൾ പ്രകാരമാണ് താരത്തെ വിശദ പരിശോധനകൾക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയയ്ക്കുന്നതെന്നും ബിസിസിഐ അറിയിച്ചു. നേരത്തെ, 17ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് വേദിയാകുന്ന രാജ്കോട്ടിലേക്കു പോകുന്ന ഇന്ത്യൻ സംഘത്തിനൊപ്പം ഋഷഭ് പന്ത് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. പന്തിനെ കൂടുതൽ സമയം നിരീക്ഷണത്തിൽ വയ്ക്കുന്നതിനാണ് താരത്തിന്റെ യാത്ര നീട്ടിയത്.

ഒന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റു ചെയ്യവെ കമിൻസ് എറിഞ്ഞ 44–ാം ഓവറിലെ രണ്ടാം പന്താണ് ഋഷഭിന്റെ ഹെൽമറ്റിലിടിച്ചത്. പിച്ചു ചെയ്തശേഷം പതിവിലുമധികം ഉയർന്നുപൊങ്ങിയ പന്ത് ബൗണ്ടറിയിലേക്കു തിരിച്ചുവിടാൻ താരം ശ്രമിച്ചെങ്കിലും ആദ്യം ബാറ്റിലും പിന്നീട് ഹെൽമറ്റിലുമിടിച്ചശേഷം ആഷ്ടൺ ടേണറുടെ കൈകളിലെത്തുകയായിരുന്നു. പന്ത് ബാറ്റിൽ കൊണ്ടോ എന്ന കാര്യത്തിൽ അംപയർ സംശയം പ്രകടിപ്പിച്ചെങ്കിലും പന്ത് നേരെ പവലിയനിലേക്കു മടങ്ങി. മത്സരത്തിലാകെ 33 പന്തുകൾ നേരിട്ട പന്ത് രണ്ടു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്താണ് പുറത്തായത്.

∙ ആരു വിക്കറ്റ് കീപ്പറാകും?

രണ്ടാം ഏകദിനത്തിനുള്ള ടീമിൽനിന്ന് പന്ത് പുറത്തായതോടെ പകരം ആരു വിക്കറ്റ് കീപ്പറാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പന്തിനു പരുക്കേറ്റതിനെ തുടർന്ന് ഒന്നാം ഏകദിനത്തിൽ ലോകേഷ് രാഹുലാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കാത്തത്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായ ലോകേഷ് രാഹുലിന്റെ പേരിനു തന്നെയാണ് മുൻഗണന. പന്തിനു പകരം മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ടീമിനു പുറത്തുള്ള താരങ്ങളിൽ ആർക്കെങ്കിലും അവസരം ലഭിക്കുമോ എന്ന ആകാംക്ഷയുമുണ്ട്. ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പമാണ് നിലവിൽ സഞ്ജു.

പന്തിനു പകരം രാഹുൽ വന്നാൽ കോലിക്ക് മൂന്നാം നമ്പറിലേക്കും ശ്രേയസ് അയ്യർക്ക് നാലാം നമ്പറിലേക്കും മാറാമെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ രാഹുൽ അഞ്ചാം നമ്പറിൽ കളിക്കേണ്ടിവരും. ഇതോടെ കേദാർ ജാദവിനെയോ ശിവം ദുബെയേയോ ടീമിൽ ഉൾപ്പെടുത്താനും അവസരം ലഭിക്കും. കഴിഞ്ഞ മത്സരത്തിൽ ആറാം ബോളറുടെ അഭാവം ഇന്ത്യൻ ബോളിങ്ങിൽ പ്രകടമായിരുന്നു. മുംബൈ താരം ഷാർദുൽ താക്കൂറിനു പകരം നവ്ദീപ് സെയ്നിക്ക് രണ്ടാം മത്സരത്തിൽ അവസരം നൽകണമെന്ന ആവശ്യവും ശക്തമാണ്. ഇതുവരെ ഒരേയൊരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ താരമാണ് സെയ്നി. സ്വാഭാവികമായ പേസ് കൊണ്ട് ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന സെയ്നിയുടെ ശേഖരത്തിൽ ഉഗ്രൻ യോർക്കറുകളുമുണ്ട്.

കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹലിന് അവസരം നൽകണമെന്നാണ് മറ്റൊരു വാദം. എന്തായാലും ഒന്നാം ഏകദിനത്തിലെ നാണംകെട്ട തോൽവിയുടെ നിരാശ മായിക്കാൻ രാജ്കോട്ടിൽ കോലിക്കും സംഘത്തിനും തകർപ്പൻ വിജയം തന്നെ വേണ്ടിവരും.

English Summary: Rishabh Pant Not To Travel With Team India To Rajkot After Suffering Concussion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA