sections
MORE

സിലക്ടർമാർക്കു സഞ്ജുവിനേക്കാൾ പ്രിയം പന്തിനെ?; ലോബി മാത്രമല്ല കാരണം!

sanju-pant
സഞ്ജു സാംസൺ, ഋഷഭ് പന്ത്
SHARE

മുംബൈ∙ വിക്കറ്റ് കീപ്പർമാരുടെ നിരയിൽ ഇന്ത്യയ്ക്ക് സ്വന്തമായൊരു മേൽവിലാസം സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗ അണിയാൻ പോകുന്ന താരം ആരാണ്? ഇപ്പോഴത്തെ സാഹചര്യത്തിൽ ഋഷഭ് പന്ത് എന്നായിരിക്കും ഉത്തരം. ധോണി ടീമിൽനിന്നു വിട്ടുനിന്നതിനു ശേഷം മൂന്നു ട്വന്റി20 പരമ്പരകളിൽ മലയാളി താരം സഞ്ജു സാംസണും സിലക്ടർമാർ അവസരം നൽകിയെങ്കിലും താരം കളത്തിലിറങ്ങിയത് ഒരേയൊരു മത്സരത്തിൽ മാത്രം. ഇതിനു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിൽനിന്ന് തഴയുകയും ചെയ്തു. ഫോമിന്റെ കാര്യത്തിൽ ഇതിനകം കയറ്റിറക്കങ്ങൾ അനവധി കണ്ടെങ്കിലും പന്തിൽ സിലക്ടർമാർക്ക് ഇപ്പോഴും പൂർണ വിശ്വാസമാണ്!

ഈ ‘താൽപര്യം’ കാണുമ്പോഴാണ് ആരാധകരിൽ പലരും ഇന്ത്യൻ ക്രിക്കറ്റിലെ ‘നോർത്ത് ഇന്ത്യൻ ലോബി’യെ പഴിചാരുന്നത്. മുംബൈയും ഡൽഹിയും കൊൽക്കത്തയും ഉൾപ്പെടുന്ന വടക്കൻ ഭാഗത്തുനിന്നുള്ള ക്രിക്കറ്റ് താരങ്ങളോട് ബിസിസിഐയ്ക്കും സിലക്ടർമാർക്കും പ്രത്യേക മമതയുണ്ടെന്ന ആക്ഷേപത്തിന് വർഷങ്ങൾ പഴക്കമുണ്ട്. കേരളമുൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളോട് പൊതുവെ കാട്ടുന്ന അവഗണനയുടെ പേരിലാണ് ഇത്തരമൊരു ആരോപണം കനപ്പെട്ടത്. അതേസമയം, കർണാടകയും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുമുണ്ട്.

സഞ്ജുവിനായുള്ള വാദമുഖങ്ങൾക്ക് വൈകാരിക തലം കൂടിയുള്ളതിനാൽ പന്തിനോട് കടുത്ത വിരോധം തോന്നാമെങ്കിലും, പിഴവുകൾ നിലനിൽക്കെത്തന്നെ സിലക്ടർമാരും ടീം മാനേജ്മെന്റും യുവതാരത്തിൽ തുടർച്ചയായി പ്രതീക്ഷ വയ്ക്കുന്നതിന് മറ്റു ചില കാരണങ്ങളുമുണ്ട്. ഇടയ്ക്ക് പന്തിന്റെ വിക്കറ്റ് കീപ്പിങ് ശരിയാക്കാൻ പ്രത്യേക പരിശീലകനെ നിയമിക്കുമെന്നുപോലും റിപ്പോർട്ടുകൾ വന്നു. ‘എങ്ങനെയും പന്തിനെ ശരിയാക്കിയെടുക്കണം’ എന്ന സിലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും താൽപര്യത്തിന് മറ്റു ചില വശങ്ങളുണ്ട്. സഞ്ജുവിനേക്കാൾ എന്തുകൊണ്ട് അവർ പന്തിൽ പ്രതീക്ഷ വയ്ക്കുന്നു എന്നു നോക്കാം:

ഇടംകൈ–വലംകൈ കോംബിനേഷൻ

ഇടംകയ്യൻ ബാറ്റ്സ്മാനാണെന്നത് സഞ്ജു ഉൾപ്പെടെയുള്ള മറ്റു വിക്കറ്റ് കീപ്പർമാർക്കുമേൽ ഋഷഭ് പന്തിനു നൽകുന്ന മുൻതൂക്കം ചെറുതല്ല. വലംകയ്യൻ ബാറ്റ്സ്മാൻമാർ തിങ്ങിനിറഞ്ഞ ഇന്ത്യൻ ടീമിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടംകൈകൊണ്ട് വൈവിധ്യം നൽകാൻ ചുരുക്കം താരങ്ങളേയുള്ളൂ. ഓപ്പണർ ശിഖർ ധവാനാണ് മറ്റൊരാൾ. രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിങ്ങനെ ടീമിൽ സ്ഥാനമുറപ്പുള്ളവരെല്ലാം വലംകയ്യൻമാരാണ്!

ഓൾറൗണ്ടർ ശിവം ദുബെ ഇടംകയ്യനാണെങ്കിലും ഹാർദിക് പാണ്ഡ്യ പരുക്കുമാറി തിരിച്ചെത്തുന്നതോടെ താരത്തിന്റെ ടീമിലെ സ്ഥാനം ചോദ്യചിഹ്നമാകും. പാണ്ഡ്യയും വലംകയ്യൻ ബാറ്റ്സ്മാൻ തന്നെ. പിന്നെയുള്ളൊരു ഇടംകയ്യൻ രവീന്ദ്ര ജഡേജയാണ്. ബാറ്റിങ് ലൈനപ്പിൽ തന്ത്രപ്രധാനമായ സ്ഥാനം ഇടംകയ്യൻമാർക്കുള്ളതിനാൽ പന്തിന് തന്നെ പ്രഥമ പരിഗണന.

∙ സഞ്ജുവും നാലാം നമ്പറും

ബാറ്റിങ് ശൈലികൊണ്ടും കളിക്കുന്ന സാഹചര്യങ്ങൾകൊണ്ടും ഒരു നാലാം നമ്പർ ബാറ്റ്സ്മാനാണ് സഞ്ജു. അവിടെനിന്നിളക്കി മറ്റു സ്ഥാനങ്ങളിൽ സഞ്ജുവിനെ പരീക്ഷിക്കുന്നത് ചൂതാട്ടമാകാനാണ് സാധ്യത.

അതേസമയം, ബാറ്റിങ് ലൈനപ്പിൽ ഏതു സ്ഥലത്തും കളിപ്പിക്കാവുന്ന താരമാണ് പന്തെന്നതും പ്രധാനപ്പെട്ടതാണ്. ഓപ്പണർമാർ തിളങ്ങിയാൽ റണ്ണടിച്ചുകൂട്ടുന്നതിന് പന്തിനെ വൺഡൗണായിപ്പോലും കളിപ്പിക്കാം. ഓപ്പണർമാർ പരാജയപ്പെട്ടാൽ വൺഡൗണായി വിരാടി കോലി, നാലാമനായി ശ്രേയസ് അയ്യർ എന്നിവർക്ക് ഇറങ്ങാം. അവസാന ഓവറുകളിൽ തകർത്തടിക്കാനും പന്തിന്റെ ശൈലി ഉത്തമം തന്നെ.

നാലാം നമ്പർ ബാറ്റ്സ്മാനെന്ന നിലയിൽ കണ്ണുംപൂട്ടി അടിക്കുന്ന ശൈലിയല്ല സഞ്ജുവിന്റേത്. അജിൻക്യ രഹാനെ ഉൾപ്പടെയുള്ള താരങ്ങളെപ്പോലെ നിലയുറപ്പിച്ചു കളിക്കുന്നതാണ് സഞ്ജുവിന്റെ രീതി. ഇന്ത്യൻ ടീമിന്റെ നിലവിലെ ബാറ്റിങ് ലൈനപ്പിൽ സഞ്ജുവിനേക്കാൾ ഉത്തമം പന്താണെന്ന് സിലക്ടർമാർ കരുതുന്നുണ്ടാകാം.

∙ ഓസീസ് മണ്ണിലെ പരിചയസമ്പത്ത്

ഈ വർഷം ഒക്ടോബർ–നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണല്ലോ സിലക്ടർമാർ ടീമിനെ രൂപപ്പെടുത്തുന്നത്. ഓസീസ് മണ്ണിൽ കളിച്ചു പരിചയമുള്ള താരമെന്നതും പന്തിന് അനുകൂല ഘടകം തന്നെ. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ സഞ്ജുവിനേക്കാൾ തഴക്കം പന്തിനുതന്നെ.

രാജ്യാന്തര ക്രിക്കറ്റിൽ രണ്ടേ രണ്ടു മത്സരങ്ങളുടെ പരിചയസമ്പത്തു മാത്രമാണ് സഞ്ജുവിനുള്ളത്. വിവിധ രാജ്യങ്ങളിൽ അതാത് ടീമുകളുടെ ബോളർമാരെ നേരിട്ടുള്ള പരിചയം പന്തിനുണ്ട്. പേസർമാർക്ക് അനുകൂലമായ ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും പിച്ചുകളിൽ സെഞ്ചുറി നേടി മികവു കാട്ടിയിട്ടുമുണ്ട്. മാത്രമല്ല, ഐസിസി ടൂർണമെന്റുകളുടെ സമ്മർദ്ദം താങ്ങാൻ സഞ്ജുവിനേക്കാൾ പന്തിനാകും സാധിക്കുകയെന്നും സിലക്ടർമാർ കരുതുന്നു. കാരണം, കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ കളിച്ച താരമാണ് പന്ത്. ആ പരിചയസമ്പത്ത് അവഗണിക്കാനാകുമോ?

English Summary: Why Rishabh Pant is preferred ahead of Sanju Samson for T20 World Cup 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA