sections
MORE

ചില പരീക്ഷണങ്ങൾ പാളും: നാലാം നമ്പറിൽ ബാറ്റു ചെയ്തതിനെക്കുറിച്ച് കോലി

virat-kohli
ഓസീസിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോലി.
SHARE

മുംബൈ∙ ഏകദിനത്തിലെ മൂന്നാം നമ്പർ താരങ്ങളിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ചവരിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോലി. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങളുടെ റെക്കോർഡുകളിൽ പലതും കോലി തകർത്തെറിഞ്ഞത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്താണ്. എന്നാൽ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മുംബൈ വാങ്കഡെയിൽ ഓപ്പണർമാർ മൂന്നു പേർക്കും ടീമിൽ സ്ഥാനമുറപ്പാക്കാനായി വിരാട് കോലി നാലാം നമ്പറിലാണ് ബാറ്റിങ്ങിനെത്തിയത്. രോഹിത് ശർമയ്ക്കൊപ്പം ശിഖർ ധവാൻ ഓപ്പണറായപ്പോൾ, ലോകേഷ് രാഹുലാണ് വൺഡൗണായെത്തിയത്. ഇതോടെ കോലി നാലാമനായി.

പരീക്ഷണങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്നൊരു നീക്കമായിരുന്നു ഇതെങ്കിലും, അത് അടിയേ പാളിയ സ്ഥിതിയിലാണ് ടീം ഇന്ത്യ. ഒന്നാം ഏകദിനത്തിൽ ഓസീസിനോടു വഴങ്ങിയ കനത്ത തോൽവിയിൽ ഈ പാളിയ നീക്കത്തെയും പ്രതിസ്ഥാനത്തു നിർത്തുന്നവർ ഏറെ! മത്സരശേഷം സംസാരിക്കുമ്പോൾ കോലി തന്നെ ഇക്കാര്യം സമ്മതിച്ചു. രാജ്കോട്ടിൽ 19ന് നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി പ്ലാനുകളിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ക്യാപ്റ്റന്റെ ഏറ്റുപറച്ചിൽ.

മൂന്നാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ ലോകേഷ് രാഹുൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും, നാലാമനായെത്തിയ കോലിക്ക് സ്വാഭാവിക പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. കോലി നാലാമനായതോടെ അഞ്ചിലേക്ക് മാറിയ ശ്രേയസ് അയ്യർക്കും ശോഭിക്കാനായില്ല. ഈ സാഹചര്യത്തിലാണ് ബാറ്റിങ് ലൈനപ്പിൽ ഇന്ത്യ നടത്തിയ പരീക്ഷണം പാളിപ്പോയെന്ന വിലയിരുത്തൽ.

‘ഞാൻ നാലാമനായി ബാറ്റിങ്ങിനെത്തുന്ന കാര്യം ഞങ്ങൾ മുൻപും പലകുറി ചർച്ച ചെയ്തിട്ടുള്ളതാണ്. അടുത്തിടെയായി ലോകേഷ് രാഹുൽ ബാറ്റു ചെയ്യുന്ന രീതിവച്ച് അദ്ദേഹത്തെയും ടീമിൽ ഉൾക്കൊള്ളിക്കാനായിരുന്നു ശ്രമം. എങ്കിലും ഞാൻ നാലാമനായി കളിച്ചത് അത്ര വിജയിച്ചില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ ആ നീക്കം പുനഃപരിശോധിക്കേണ്ടതുണ്ട്’ – മത്സരശേഷം കോലി ചൂണ്ടിക്കാട്ടി.

‘ഫോമിലുള്ള താരങ്ങൾക്ക് അവസരം ഉറപ്പാക്കുക എന്നതും പ്രധാനമാണ്. മികച്ച താരങ്ങളെ വ്യത്യസ്ത സ്ഥാനങ്ങളിൽ പരീക്ഷിക്കുന്നത് ടീമിന്റെ കെട്ടുറപ്പു വർധിപ്പിക്കാൻ കൂടിയാണ്. ഈ ഒരു മത്സരത്തിന്റെ പേരിൽ ആരാധകർ പരിഭ്രാന്തരാകേണ്ട കാര്യമൊന്നുമില്ല. ചില സമയത്ത് നമ്മൾ നടത്തുന്ന പരീക്ഷണങ്ങൾ പൊളിയും. അതു സ്വാഭാവികമാണ്. അത്തരമൊരു ദിവമായിരുന്നു ഇത്’ – കോലി വിശദീകരിച്ചു.

‘കളിയുടെ മൂന്ന് മേഖലകളിലും ഓസീസ് നമ്മളേക്കാൾ മികച്ചുനിന്നു. ഇത് വളരെ ശക്തരായ ഓസീസ് ടീമാണ്. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അവർ നമ്മളെ വേദനിപ്പിക്കും. അതാണ് ഇന്നു കണ്ടത്. ബാറ്റിങ്ങിന്റെ സമയത്ത് കൂടുതൽ റൺസ് ഉന്നമിട്ടു കളിക്കാനോ ഓസീസ് ബോളർമാരെ സമ്മർദ്ദത്തിലാക്കാനോ നമുക്കു കഴിഞ്ഞില്ല എന്നതാണ് വാസ്തവം’ – കോലി പറഞ്ഞു.

‘ചില സമയത്ത് ഓസീസ് ബോളർമാരോട് നമ്മൾ അനാവശ്യ ബഹുമാനം കാട്ടിയെന്നു പോലും എനിക്കു തോന്നുന്നു. മത്സരത്തിൽ ഓസീസിനോടു ഇടിച്ചുനിൽക്കാൻ നമുക്കായില്ല. ഈ അവസ്ഥയിൽനിന്ന് ശക്തമായി തിരിച്ചുവരികയാണ് ഇനി നമ്മുടെ ജോലി. എന്തായാലും ഇന്നത്തെ മത്സരത്തിൽ സമ്പൂർണ കയ്യടിയും ഓസീസ് അർഹിക്കുന്നു’ – കോലി പറഞ്ഞു.

English Summary: Will probably have to rethink but no need to panic: Virat Kohli on dropping himself down to No. 4.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA