sections
MORE

ബിസിസിഐ വാർഷിക കരാറിൽനിന്ന് ധോണി പുറത്ത്; കരിയർ പൂർണം?

ms-dhoni
മഹേന്ദ്രസിങ് ധോണി
SHARE

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽനിന്നു മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി പുറത്തായതോടെ താരത്തിന്റെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി.

കഴിഞ്ഞ വർഷം ലോകകപ്പ് സെമിയിലെ തോൽവിക്കുശേഷം ഇതുവരെ കളത്തിലിറങ്ങാത്ത മുൻ ക്യാപ്റ്റനെ ടീമിൽനിന്നു പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണു കരാറിൽനിന്നു പുറത്താക്കിയതെന്നു സൂചനകളുണ്ട്. മുപ്പത്തെട്ടുകാരനായ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിനു ധോണി നൽകിയ സംഭാവനകൾ എണ്ണിയെണ്ണിപ്പ‍റഞ്ഞ് താങ്ക്‌യൂ ധോണി (നന്ദി ധോണി) എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ആരാധകർ രംഗത്തിറങ്ങി.

കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം സെപ്റ്റംബർ വരെ കാലാവധിയുള്ള കരാറിൽനിന്നാണു നിലവിൽ എ ഗ്രേഡിലായിരുന്ന ധോണിയെ ഒഴിവാക്കിയത്. മടങ്ങിവരവിനെപ്പറ്റി ധോണി ഇതുവരെ മനസ്സ് തുറന്നിട്ടില്ലെങ്കിലും ഐപിഎല്ലിൽ താരം ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ബിസിസിഐ കരാറിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ രാജ്യത്തിനു 2 ലോകകപ്പ് കിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റന്റെ തിരിച്ചുവരവ് വീണ്ടും ചർച്ചയാവുകയാണ്.

ധോണിയെ അറിയിച്ചു

കരാറിൽനിന്ന് ഒഴിവാക്കുമെന്ന വിവരം ധോണിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നു ഒരു ബിസിസിഐ ഭാരവാഹി പറഞ്ഞു. ഒരു ബിസിസിഐ ഉന്നതൻ ധോണിയോടു സംസാരിച്ചെന്നും സെപ്റ്റംബർ മുതൽ കളിക്കളത്തിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ കരാറിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നു താരത്തെ അറിയിച്ചതായും ഭാരവാഹി വെളിപ്പെടുത്തി. പ്രസിഡന്റ് സൗരവ് ഗാംഗുലിയാണോ ധോണിയോടു സംസാരിച്ചതെന്ന ചോദ്യത്തോടു ഭാരവാഹി പ്രതികരിച്ചില്ല.

ധോണി വിരമിക്കുമോ?

കരാറിൽനിന്നു പുറത്തായ ധോണി ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കുമോ? ബിസിസിഐ ഭാരവാഹിയോടു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: അതു മഹേന്ദ്രസിങ് ധോണിക്കു മാത്രമേ അറിയൂ. മറ്റാർക്കും അതിനെപ്പറ്റി പറയാൻ കഴിയില്ല.

ധോണിയുടെ ഭാവി? 

ഇന്ത്യയ്ക്കായി ഇനി ധോണി ഏകദിന ക്രിക്കറ്റ് മത്സരം കളിക്കാൻ സാധ്യത കുറവാണെന്നാണു വിദഗ്ധർ പറയുന്നത്. എന്നാൽ, ട്വന്റി20 ലോകകപ്പ് കളിക്കാൻ ധോണി തിരിച്ചെത്തിയേക്കാം. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഫോം തെളിയിക്കുകയും ശാരീരിക ക്ഷമത നേടുകയും ചെയ്താൽ ‘ക്യാപ്റ്റൻ കൂളി’നെ ഒരിക്കൽക്കൂടി പരിഗണിച്ചേക്കും. ഏഷ്യാ കപ്പ് ട്വന്റി20 ഉൾപ്പെടെയുള്ളവ വരാൻ പോകുന്നുണ്ട്. കരാറിൽ ഉൾപ്പെട്ടിട്ടില്ല എന്നതു രാജ്യത്തിനായി കളിക്കുന്നതിനു തടസ്സമാവില്ല.

ധോണി പരിശീലനത്തിൽ

താനും തന്റെ കരാറും രാജ്യം മുഴുവൻ ചർച്ചയായപ്പോഴും അതിലൊന്നും തലയിടാതെ ധോണി തന്റെ നാടായ റാഞ്ചിയിലുണ്ടായിരുന്നു. രഞ്ജി ട്രോഫിക്കുള്ള ജാർഖണ്ഡ് ടീമിനൊപ്പം പരിശീലനം നടത്താനും ഇന്നലെ ധോണി സമയം കണ്ടെത്തി. മുൻകൂട്ടി അറിയിക്കാതെ പരിശീലന ഗ്രൗണ്ടിലെത്തിയ താരം കുറച്ചു സമയം ബാറ്റിങ് പരിശീലനം നടത്തിയാണു മടങ്ങിയത്.

അകത്ത്, പുറത്ത്

വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർ ഏറ്റവുമധികം പ്രതിഫലമുള്ള (7 കോടി) എ പ്ലസ് ഗ്രേഡിൽ തുടരും. കെ.എൽ.രാഹുൽ ഗ്രേഡ് ബിയിൽനിന്ന് എയിലേക്കു കയറി. മായങ്ക് അഗർവാൾ ബിയിൽ കയറിപ്പറ്റി. നവ്ദീപ് സെയ്നിയും വാഷിങ്ടൻ സുന്ദറും സി ഗ്രേഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക് എന്നിവരും ധോണിക്കു പുറമേ കരാറിൽനിന്നു പുറത്തായി.

∙ ഏകദിന ക്രിക്കറ്റിൽനിന്നു ധോണി ഉടൻ വിരമിക്കുമെന്നാണു ഞാൻ കരുതുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ ഒരുപക്ഷേ ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്കു ധോണിയെ പരിഗണിച്ചേക്കും.

–രവി ശാസ്ത്രിഇന്ത്യൻ പരിശീലകൻ‌(ഡിസംബർ 18നു പറഞ്ഞത്)

ബിസിസിഐ വാർഷിക കരാർ (2019-20)

എ പ്ലസ് ഗ്രേഡ് (ഏഴ് കോടി): വിരാട് കോലി, ജസ്പ്രീത് ബുമ്ര, രോഹിത് ശർമ

എ ഗ്രേഡ് (അഞ്ച് കോടി): രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പൂജാര, അജിന്ക്യ രഹാനെ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ഋഷഭ് പന്ത്

ബി ഗ്രേഡ് (മൂന്നു കോടി): വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ

സി ഗ്രേഡ് (ഒരു കോടി): കേദാർ ജാദവ്, നവ്‌ദീപ് സൈനി, ദീപക് ചഹാർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷാർദൂൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിങ്‍ടൻ സുന്ദർ

English Summary: MS Dhoni Dropped From BCCI's List Of Centrally Contracted Players

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA