ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ക്രിക്കറ്റിലെ മോശം ഫോം തുടരുമ്പോഴും മലയാളി താരം സഞ്ജു സാംസണ് ടീമിൽ കാര്യമായി അവസരങ്ങൾ നൽകാതിരുന്നതിൽ വിമർശനങ്ങളേറെയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തിന് ഇടം നേടാനാകാതെ പോയപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജു കളിച്ചത് ഒരു മത്സരം മാത്രം. ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ച് വർഷം കഴിഞ്ഞാണ് മലയാളി താരം രണ്ടാം മത്സരം കളിക്കുന്നത്.

സഞ്ജുവിനായി സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ പലകുറി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു യാതൊരു പ്രതികരണവും താരം സമൂഹമാധ്യമങ്ങളിലോ, അല്ലാതെയോ ഇതുവരെയും നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫെയ്സ്ബുക്കിലും സഞ്ജു ‘ഒരു കോമ’ ഇട്ടു. ട്വിറ്ററിൽ സഞ്ജുവിന്റെ കോമയ്ക്ക് ഇതുവരെ ലഭിച്ചത് 11,500 ലൈക്കും 1.400 റീട്വീറ്റുകളും. ഫെയ്സ്ബുക്കിലും ലഭിച്ചു 7,500 റിയാക്ഷനുകൾ. ടീമിൽ കാര്യമായ അവസരങ്ങൾ ലഭിക്കാത്തതിൽ താരത്തിന്റെ പ്രതികരണമാണ് ഈ കോമയെന്നാണ് സഞ്ജു സാംസന്റെ ആരാധകർ വാദിക്കുന്നത്. ടീമിൽനിന്നു ഒഴിവാക്കിയതിന്റെ മറുപടിയാണ് കോമയെന്നു വാദിക്കുന്നവരുമുണ്ട്.

സഞ്ജുവിന്റെ ദിവസം ഇന്ത്യൻ ക്രിക്കറ്റിൽ വരാൻ പോകുന്നുവെന്നും നിരാശപ്പെടേണ്ടതില്ലെന്നും പോസ്റ്റിന് കമന്റുകളുമായി ആരാധകരെത്തി. ന്യൂസീലൻഡ് പര്യടനത്തിലുള്ള ഇന്ത്യ എ ടീമിനൊപ്പമാണ് നിലവിൽ സഞ്ജു സാംസൺ. ന്യൂസീലൻഡിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 92 റൺസിന് ജയിച്ചു. എന്നാൽ ഈ മത്സരത്തിൽ സഞ്ജുവിന് കാര്യമായ ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ല. 7 പന്തുകൾ നേരിട്ട താരം 4 റൺസെടുത്ത് റണ്ണൗട്ടായി. ശുബ്മാൻ ഗിൽ (50), ഋതുരാജ് ഗെയ്‌ക്‌വാദ് (93), സൂര്യകുമാർ യാദവ് (50) എന്നിവർ ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടി.

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും മലയാളി താരത്തിന് ഇടം ലഭിച്ചിരുന്നില്ല.  ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ പന്ത് പരുക്കേറ്റു പുറത്തായതോടെ ടീമിലുള്ള കെ.എൽ. രാഹുലിനെ കീപ്പറാക്കാനായിരുന്നു മാനേജ്മെന്റ് തീരുമാനിച്ചത്. ഹർഭജൻ സിങ്, ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങളും സഞ്ജു സാംസണു പിന്തുണയുമായി എത്തിയിരുന്നു.

English Summary: Comma: Sanju Samson's simple tweet suggests game on despite puzzling omission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com