ADVERTISEMENT

 

ഓസ്ട്രേലിയയ്ക്കെതിരായ 2–ാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെയും (90 പന്തിൽ 96) ക്യാപ്റ്റൻ വിരാട് കോലിയുടെയും (76 പന്തിൽ 78) കെ.എൽ.രാഹുലിന്റെയും (52 പന്തിൽ 80) മികവിൽ 6ന് 340 റൺസിലെത്തിയപ്പോൾ ഓസീസ് മറുപടി 49.1 ഓവറിൽ 304ൽ ഒതുങ്ങി. മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ പാറ്റ് കമിൻസിന്റെ പന്തുകൊണ്ട് ശിഖർ ധവാനും ഫീൽഡിങ്ങിനിടെ വീണ് രോഹിത് ശർമയ്ക്കും പരുക്കേറ്റതു ജയത്തിലും ഇന്ത്യയ്ക്കു സങ്കടമായി. 

രാജ്കോട്ട് (ഗുജറാത്ത്) ∙ മുംബൈയിൽ കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റിൽനിന്ന് ഇന്ത്യ പാഠംപഠിച്ചു. ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ കോലിയും സംഘവും രാജ്കോട്ടിൽ ഓസീസിനെതിരെ തനിസ്വരൂപം കാട്ടി. തകർത്തടിച്ചു മുന്നേറിയ സ്റ്റീവ് സ്മിത്ത് മത്സരം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ സ്പിന്നിൽ കുടുങ്ങി സ്മിത്ത് പുറത്തായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നാളെ ബെംഗളൂരുവി‍ൽ ഇനി ഫൈനലാണ്; 3 മത്സര പരമ്പരയിലെ വിജയികളെ നിർണയിക്കാനുള്ള ഫൈനൽ. 

കുൽദീപ് മാജിക്

shikhar-dhawan
ഓസ്ട്രേലിയയ്ക്കെതിരെ അർധ സെഞ്ചുറി നേടിയ ശിഖർ ധവാൻ

ഇന്ത്യയുടെ വൻ സ്കോർ പിന്തുടർന്നിറങ്ങിയ സന്ദർശകർക്ക്, കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരൻമാരായ ഓപ്പണർമാർ ഡേവിഡ് വാർണറും (15) ആരോൺ ഫിഞ്ചും (33) കാര്യമായ സംഭാവന നൽകിയില്ല. എന്നാൽ, മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത്തും (102 പന്തിൽ 98) നാലാമൻ മാർനസ് ലബുഷെയ്നും (47 പന്തിൽ 46) 3–ാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ തളർത്തി. ജഡേജയുടെ പന്തിൽ ലബുഷെയ്ൻ പോയശേഷമെത്തിയ അലക്സ് ക്യാരി അപകടകാരിയാകുമെന്നു തോന്നിച്ചപ്പോൾ 38–ാം ഓവറിലെ 2–ാം പന്തിൽ കുൽദീപ് ക്യാരിയെ വീഴ്ത്തി. 5–ാം പന്തിൽ സ്മിത്തിനെ ബോൾഡാക്കി കുൽദീപ് മത്സരത്തിന്റെ ഗതിമാറ്റി. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന 3–ാമത്തെ ഇന്ത്യൻ താരവുമായി കുൽദീപ്. ബുമ്രയൊഴികെയുള്ള ഇന്ത്യൻ ബോളർമാരെല്ലാം നല്ല ‘അടി’ വാങ്ങി. 9.1 ഓവറിൽ 32 റൺസ് മാത്രം വഴങ്ങിയ ബുമ്ര പതിനൊന്നാമൻ സാംപയെ വീഴ്ത്തി. ഋഷഭ് പന്തിനു പകരം മനീഷ് പാണ്ഡെയ്ക്കും ഷാർദുൽ ഠാക്കൂറിനു പകരം നവ്ദീപ് സെയ്നിക്കും അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. 

റെക്കോർഡ് രോഹിത്

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് പൂർത്തിയാക്കുന്ന ഓപ്പണർ എന്ന റെക്കോർഡ് ഇനി രോഹിത് ശർമയുടെ പേരിൽ. 137 ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടത്തിലെത്തിയ രോഹിത് മറികടന്നത് 147 ഇന്നിങ്സുകളിൽനിന്നായി 7000 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെയാണ്. 

സാംപ Vs കോലി

രാജ്കോട്ട് ∙ രാജ്യാന്തര ഏകദിനത്തിൽ വിരാട് കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന സ്പിന്നർ എന്ന റെക്കോർഡ് ഇനി ഓസീസിന്റെ ആദം സാംപയുടെ പേരിൽ. ആദ്യ ഏകദിനത്തിലും ഇന്നലെയും കോലിയെ പുറത്താക്കിയതോടെ സാംപയ്ക്ക് 5 തവണ ഇന്ത്യൻ താരത്തിന്റെ വിക്കറ്റ് നേടാനായി.  ഏറ്റവും കൂടുതൽ തവണ കോലിയെ പുറത്താക്കിയിട്ടുള്ളതു വിൻഡീസ് പേസർ രവി രാംപോളാണ്: 6 തവണ. 

സ്കോർ ബോർഡ്

ടോസ്: ഓസ്ട്രേലിയ

ഇന്ത്യ:  രോഹിത് എൽബി ബി സാംപ 42, ധവാൻ സി സ്റ്റാർക് ബി റിച്ചഡ്സൻ 96, കോലി സി സ്റ്റാർക് ബി സാംപ 78, അയ്യർ ബി സാംപ 70, രാഹുൽ റണ്ണൗട്ട് ക്യാരി 80, മനീഷ് പാണ്ഡെ സി ആഗർ ബി റിച്ചഡ്സൻ 2, ജഡേജ നോട്ടൗട്ട് 20, ഷമി നോട്ടൗട്ട് 1, എക്സ്ട്രാസ് 14. ആകെ 50 ഓവറിൽ6ന് 240.

വിക്കറ്റ് വീഴ്ച: 1-81, 2-184, 3-198, 4-276, 5-280, 6-338.

ബോളിങ്: കമിൻസ് 10– 1– 53 –0, സ്റ്റാർക് 10 –0 –78– 0, റിച്ചഡ്സൻ 10 –0 –73– 2, സാംപ 10– 0– 50– 3, ആഗർ 8 –0 –63– 0, ലബുഷെയ്ൻ 2 –0 –14– 0. 

ഓസ്ട്രേലിയ: ഫിഞ്ച് സ്റ്റംപ്ഡ് രാഹുൽ ബി ജഡേജ 33, സ്മിത്ത് ബി കുൽദീപ് 98, ലബുഷെയ്ൻ സി ഷമി ബി ജഡേജ 46, ക്യാരി സി കോലി ബി കുൽദീപ് 18, ടേണർ ബി ഷമി 13, ആഗർ എൽബി ബി സെയ്നി 25, കമിൻസ് ബി ഷമി 0, സ്റ്റാർക് സി രാഹുൽ ബി സെയ്നി  6, റിച്ചഡ്സൻ നോട്ടൗട്ട് 24, സാംപ സി രാഹുൽ ബി ബുമ്ര  6, എക്സ്ട്രാസ്  20.

ആകെ 49. 1 ഓവറിൽ 304. 

വിക്കറ്റ് വീഴ്ച: 1–20, 2–82, 3–178, 4–220, 5–221, 6–259, 7–259, 8–274, 9–275, 10–304. 

ബോളിങ്: ബുമ്ര 9.1-2-32-1, ഷമി 10-0-77-3, സെയ്നി 10-0-62-2, ജ‍ഡേജ 10-0-58-2, കുൽദീപ്  10-0-65-2.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com