ADVERTISEMENT

രാജ്കോട്ടിലെ വിജയം ഇന്ത്യൻ ക്രിക്കറ്റ് ടീമിനു നൽകുന്നതു സാധ്യതകളാണ്. വിക്കറ്റ് കീപ്പർക്കു പരുക്കേറ്റാൽ പകരം ആരെ ഇറക്കാം? വിക്കറ്റിനു പിന്നിൽ ധോണിക്കും പന്തിനും പകരം വയ്ക്കാൻ ടീമിനുള്ളിൽ മറ്റൊരാളുണ്ടോ? ഓപ്പണിങ്ങിലും വൺ ഡൗണായും മധ്യനിരയിലും ധൈര്യത്തോടെ ഇറക്കാൻ ഒരു ബാറ്റ്സ്മാനുണ്ടോ?– രാജ്കോട്ടിൽ രണ്ടാം ഏകദിനത്തിലെ പ്രകടനം വച്ചു മാത്രം പറയുകയാണെങ്കില്‍ ഇതിനെല്ലാം ഒറ്റ ഉത്തരമാണുള്ളത്. കെ.എൽ. രാഹുൽ.

ബാറ്റുകൊണ്ടും വിക്കറ്റ് കീപ്പിങ്ങിലും അദ്ഭുതകരമായ പ്രകടനം പുറത്തെടുത്ത രാഹുലാണ് വെള്ളിയാഴ്ച കളിയിലെ താരം. മധ്യനിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയാൽ എന്തൊക്കെ ചെയ്യാൻ ആകുമെന്നു കാണിച്ചുകൊടുക്കുകയായിരുന്നു രാഹുലിന് മുന്നിലുള്ള വെല്ലുവിളി. അയാൾ അതു ഭംഗിയായി നിർവഹിച്ചു. 52 പന്തിൽ‌ 80 റൺസ്. വിക്കറ്റിനു പിന്നിൽ മാസും ക്ലാസും കൂടിച്ചേർന്ന പ്രകടനം. ഓസീസ് ക്യാപ്റ്റൻ ആരൺ ഫിഞ്ചിനെ ‘ധോണി സ്റ്റൈലിൽ’ സ്റ്റംപ് ചെയ്തു സംശയമേതുമില്ലാതെ ആഘോഷിച്ച രാഹുല്‍ കീപ്പിങ്ങില്‍ ഇന്ത്യയ്ക്ക് ‘പുതിയ പരീക്ഷണത്തിനുള്ള’ അവസരമാണു തുറന്നിട്ടത്. അവസാന ഓവറുകളിൽ മിച്ചൽ സ്റ്റാർക്കിനെയും ആദം സാംപയെയും വിക്കറ്റിനു പിന്നിൽനിന്നും ക്യാച്ചെടുത്തു പുറത്താക്കിയ താരം ഇന്ത്യൻ വിജയം കൂടുതൽ അനായാസമാക്കി.

kl-rahul-stump
ആരൺ ഫിഞ്ചിനെ സ്റ്റംപ് ചെയ്യുന്ന രാഹുൽ

മൂന്ന് അർധസെഞ്ചുറികൾ; ഇന്ത്യ കെട്ടി റൺ മതിൽ‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. മൂന്ന് അർധ സെഞ്ചുറികളാണ് വെള്ളിയാഴ്ച ഇന്ത്യയെ നയിച്ചത്. ഓപ്പണർ ശിഖർ ധവാൻ (90 പന്തിൽ 96), ക്യാപ്റ്റൻ വിരാട് കോലി (76 പന്തിൽ 78), കെ.എൽ. രാഹുൽ (52 പന്തിൽ 80) എന്നിവര്‍ ഇന്ത്യയ്ക്കായി അർധ സെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി രോഹിത് ശർമ വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാനാകാതെ പോയപ്പോഴും ഇന്ത്യയ്ക്ക് ആത്മവിശ്വാസമായത് ധവാന്റെ ഇന്നിങ്സായിരുന്നു. ധവാന്റെ ഏകദിന കരിയറിലെ 18–ാം സെഞ്ചുറി രാജ്കോട്ടിൽ പിറക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയായിരുന്നു താരത്തിന്റെ പുറത്താകൽ. 13 ഫോറുകളും ഒരു സിക്സുമടിച്ച് ധവാൻ ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറയിട്ടു. ധവാന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത്. മുംബൈയിൽ 74 റൺസെടുത്ത താരം അതിനു മുൻപ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20യില്‍ 52 റൺസെടുത്തിരുന്നു.

അടുത്ത ഊഴം ക്യാപ്റ്റൻ വിരാട് കോലിക്കായിരുന്നു. സ്കോർ 81 ൽ നിൽ‌ക്കെ ബാറ്റിങ്ങിനിറങ്ങിയ കോലി ഇന്ത്യയെ 276 എന്ന സ്കോറിലെത്തിച്ചാണു പുറത്തായത്. 50 പന്തിൽ അർധസെഞ്ചുറി തികച്ച കോലി 78 റൺസെടുത്തുമടങ്ങി. ഇന്ത്യൻ നായകന് സെഞ്ചുറിയെന്നാൽ വീക്നെസാണ്. രാജ്കോട്ടിലും അരാധകർ അതു പ്രതീക്ഷിച്ചു. പക്ഷേ സെഞ്ചുറി നേടാൻ സാധിക്കാതിരുന്നതോടെ ഒരു റെക്കോർഡും താരത്തിന് അടുത്ത കളി വരെയെങ്കിലും നഷ്ടമായി. സെഞ്ചുറി തികയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ ക്രിക്കറ്റിലെ ഫോർമാറ്റുകളിലെല്ലാം ചേർന്നു കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടം കോലിയുടെ പേരിലാകുമായിരുന്നു. 41 സെഞ്ചുറിയുമായി ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോലിയിപ്പോൾ. 

മധ്യനിരയിലും സ്കോർ ഉയർത്താൻ ശേഷിയുണ്ടെന്ന് കെ.എൽ. രാഹുൽ രാജ്കോട്ടിൽ തെളിയിച്ചുകൊടുത്തു. 52 പന്തുകൾ മാത്രം നേരിട്ട് 80 റൺസ് നേടിയ രാഹുല്‍ ഏതു പൊസിഷനിലും ധൈര്യമായി തന്നെ ഇറക്കാമെന്ന ഉത്തരം കൂടിയാണ് സിലക്ടർമാർക്കു മുന്നിൽ വയ്ക്കുന്നത്. അവസാന ഓവറിൽ റണ്ണൗട്ടായി പുറത്താകും വരെ രാഹുൽ പറത്തിയത് മൂന്ന് സിക്സും ആറ് ഫോറും. ഓപണിങ്ങോ, വൺ ഡൗണോ, മധ്യനിരയിലോ, ബാറ്റിങ്ങിൽ എന്തും രാഹുലി‍ന് ഓകെയാണെന്നു തെളിയിക്കുന്നതായിരുന്നു രാജ്കോട്ടിലെ അര്‍ധസെഞ്ചുറി പ്രകടനം. മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും മാത്രമായിരുന്നു ഇന്നലെ ബാറ്റുകൊണ്ടു നിരാശപ്പെടുത്തിയവർ.

virat-kohli-batting

കോലിയുടെ സാംപ പേടി

വിരാട് കോലിക്കെതിരെ പന്തെറിഞ്ഞ് തുടർച്ചയായി വിജയിച്ച ബോളർമാർ തീരെ കുറവാണ്. അതിവേഗത്തിൽ റൺസുകൾ വാരിക്കൂട്ടുന്ന കോലിക്കുമേൽ മേൽക്കൈ അവകാശപ്പെടുന്നവർ വളരെ ചുരുക്കം. എന്നാൽ വർഷങ്ങളായി കോലിയുടെ തലവേദനയാണ് ഓസീസ് ലെഗ് സ്പിന്നർ ആദം സാംപ. രാജ്കോട്ടിലും കോലിയെ പുറത്താക്കിയത് ഇതേ സാംപയാണ്. മുംബൈയിൽ കോലിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ വീഴ്ത്തി കളി ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കിയത് സാംപയുടെ മികവായിരുന്നു.

രാജ്കോട്ടിലും അത് ആവർത്തിച്ചു. 78 റൺസ് നേടി കോലി സെഞ്ചുറിയോട് അടുക്കുമ്പോഴായിരുന്നു സാംപ വീണ്ടും പ്രഹരമേൽപിച്ചത്. കോലിയുടെ പുറത്താകൽ ഇന്ത്യയുടെ സ്കോറിങ്ങിൽ കാര്യമായി ബാധിക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ കോലിയെ സാംപ ഇതുവരെ 5 തവണ പുറത്താക്കിയിട്ടുണ്ട്. ട്വന്റി20യിൽ രണ്ട് തവണ കോലി ഓസീസ് താരത്തിനു മുന്നിൽ‌ കീഴടങ്ങി. പക്ഷേ ഇക്കാര്യത്തിൽ ഓസീസ് താരത്തെക്കാൾ മുന്നിലാണ് വെസ്റ്റിൻഡീസ് ബോളർ രവി രാംപോള്‍. ഏകദിനത്തിൽ കോലിയെ 6 പ്രാവശ്യം രാംപോൾ പുറത്താക്കി. ശ്രീലങ്കയുടെ തിസാര പെരേരയും കിവീസ് താരം ടിം സൗത്തിയും ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് അഞ്ച് തവണ നേടി.

കുരുക്കഴിച്ചു, വിക്കറ്റുകൾ പങ്കിട്ട് ബോളർമാർ

മികച്ച വിജയ ലക്ഷ്യം ഓസീസിന് മുന്നിൽ‌വച്ചതോടെ വിക്കറ്റുകൾ വീഴ്ത്തേണ്ട ചുമതല ഇന്ത്യൻ ബോളിങ് നിരയ്ക്കായി. എന്നാൽ ബാറ്റ്സ്മാൻമാർക്കൊപ്പം നിൽക്കുന്ന രാജ്കോട്ടിലെ പിച്ചിൽ പേരുകേട്ട ഇന്ത്യൻ ബോളിങ് നിരയ്ക്കു തലവേദനകൾ ഏറെയായിരുന്നു. മുംബൈയിൽ ഒന്നും ചെയ്യാനാകാതെയാണ് അവർ ഓസീസിന് മുന്നിൽ കീഴടങ്ങിയത്. അതിനു പകരംവീട്ടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഓസീസ് ഓപ്പണിങ് സഖ്യത്തെ തകർക്കുക എന്നതായിരുന്നു. ഈ ചുമതല ഭംഗിയായി നിർവഹിച്ചു അവർ. നാലാം ഓവറിൽതന്നെ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യ ആദ്യ വെടിപൊട്ടിച്ചു. മുഹമ്മദ് ഷാമിയുടെ ഓവറിലെ രണ്ടാം പന്തിൽ ഡേവി‍ഡ് വാർണറിന്റെ ഷോട്ട് ഉയർന്നു ചാടി ക്യാച്ചെടുത്തത് മനീഷ് പാണ്ഡെ. തകർപ്പനൊരു ക്യാച്ചിലൂടെ ഇന്ത്യ ആദ്യത്തെ വെല്ലുവിളി മറികടന്നു.

shami-celebration
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുടെ ആഹ്ലാദം

മുംബൈയില്‍ സെഞ്ചുറി നേടിയ ഓസീസ് ക്യാപ്റ്റൻ ആരൺ ഫിഞ്ചിനെ 33 റൺസിൽ പുറത്താക്കി രണ്ടാം കടമ്പയും അവർ എളുപ്പമാക്കി. മിന്നൽ സ്റ്റംപിങ്ങിലൂടെ ഫിഞ്ചിനെ പുറത്താക്കിയത് കെ.എൽ. രാഹുൽ. രാജ്കോട്ടിൽ ഇന്ത്യയ്ക്ക് ഭീഷണിയായത് സ്റ്റീവ് സ്മിത്തായിരുന്നു. 102 പന്തുകൾ നേരിട്ട സ്മിത്ത് നേടിയത് 98 റൺസ്. 9 ഫോറും 1 സിക്സും പറത്തി കളി പിടിച്ച സ്മിത്തിനെ ബോള്‍ഡാക്കി കുൽദീപ് യാദവ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. കൈയകലത്തിൽ രാജ്കോട്ടിൽ സ്മിത്തിനു സെഞ്ചുറിയും നഷ്ടമായി. ഇന്ത്യൻ താരം ശിഖർ ധവാന് നാല് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായതെങ്കില്‍ സ്മിത്തിന്റെ സെഞ്ചുറി ദൂരം വെറും രണ്ട് റൺസിന് അകലെ– പകരത്തിന് പകരം, അല്ലാതെന്ത്.

തുടർന്നങ്ങോട്ട് ഇന്ത്യൻ ബോളർമാർ ഉത്തരവാദിത്തം ഭംഗിയായി വീതിച്ചെടുക്കുന്നതാണ് രാജ്കോട്ടിൽ കണ്ടത്. പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് കിട്ടി. മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ്‍വീതം സ്വന്തമാക്കി. മറ്റ് ഇന്ത്യൻ ബോളർമാരെ അപേക്ഷിച്ച് ഏറ്റവും കുറച്ചു റൺസ് വിട്ടുകൊടുത്തത് ജസ്പ്രീത് ബുമ്രയാണ്. പരുക്ക് ഭേദപ്പെട്ട് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബുമ്ര 9.1 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. 2 ഓവർ റൺസ് വിട്ടുകൊടുക്കാതെ എറിഞ്ഞ ബുമ്ര പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകളും നല്‍കി. മുംബൈയിൽ ഓസ്ട്രേലിയയും രാജ്കോട്ടില്‍ ഇന്ത്യയും ജയിച്ചതോടെ ഞായറാഴ്ചത്തെ ബെംഗളൂരു ‘ഫൈനൽ’ പരമ്പര വിജയികളെ തീരുമാനിക്കും.

English Summary: Rajkot ODI, Rise of KL Rahul as perfect wicket keeper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com