ADVERTISEMENT

രാജ്കോട്ട്∙ ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി 7000 റൺസ് തികച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം രോഹിത് ശർമ. രാജ്കോട്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് 7000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ഓപ്പണറായത്. രാജ്കോട്ടിൽ 44 പന്തിൽനിന്ന് 42 റൺസെടുത്ത് താരം പുറത്തായി. ശിഖർ ധവാനുമൊത്ത് 81 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ആദം സാംപയുടെ പന്തില്‍ എൽ‌ബിയായി പുറത്താകുകയായിരുന്നു.

സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ് എന്നിവർ മാത്രമാണ് നേരത്തേ 7000 ഏകദിന റൺസുകൾ നേടിയിട്ടുള്ളത്. അതേസമയം രാജ്കോട്ടിൽ മറ്റൊരു നേട്ടം രോഹിത് ശർമയ്ക്കു നഷ്ടമാകുകയും ചെയ്തു. ഏകദിനത്തിൽ 9000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാൻ രോഹിതിന് നാല് റൺസ് കൂടി മതിയായിരുന്നു. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ 10 റൺസെടുക്കാൻ മാത്രമാണു രോഹിത് ശർമയ്ക്കു സാധിച്ചത്.

ഏകദിന ക്രിക്കറ്റിൽ 223 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ 8996 റൺസ് ആകെ നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 264. 28 സെഞ്ചുറികളും 43 അർധ സെഞ്ചുറികളുമാണ് രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽനിന്നു സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റിൽ ആറ് സെഞ്ചുറികളും ട്വന്റി20യിൽ നാല് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

കോലി ഇനിയും കാത്തിരിക്കണം

രാജ്കോട്ടിൽ കോലി സെഞ്ചുറി നേടിയിരുന്നെങ്കിൽ കോലിക്കും ഒരു റെക്കോർഡ് സ്വന്തമാക്കാമായിരുന്നു. ക്രിക്കറ്റിലെ ഫോർമാറ്റുകളിലെല്ലാം ചേർന്ന് കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടം കോലിയുടെ പേരിലാകാൻ ഇനി ഒരു സെഞ്ചുറി മതി. 41 സെഞ്ചുറിയുമായി ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോലിയിപ്പോൾ. രാജ്കോട്ടിൽ 78 റൺസെടുത്ത് കോലി പുറത്തായതോടെ ഈ നേട്ടം സ്വന്തമാക്കാൻ താരം ഇനിയും കാത്തിരിക്കണം.

English Summary: Rohit Sharma joins Sachin Tendulkar, Sourav Ganguly and Virender Sehwag in ODI elite list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com