ADVERTISEMENT

ന്യൂസീലൻഡ് ആതിഥ്യം വഹിച്ച 2010 ലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുത്ത ഒരു കൗമാരതാരത്തിന്റെ ചിത്രമാണിത്. ഈ താരം പിൽക്കാലത്ത് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ വിജയനായകനായി. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്കു നയിച്ച സൂപ്പർ താരമായി; മറ്റാരുമല്ല ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്!!

ദക്ഷിണാഫ്രിക്കയിൽ ഇന്ന് ആരംഭിക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പ് വെറും കുട്ടിക്കളയില്ലെന്നു തെളിയിക്കാൻ ഇനിയുമുണ്ട് ഏറെ ഉദാഹരണങ്ങൾ. 2008ൽ മലേഷ്യയിൽ നടന്ന കൗമാര ലോകകപ്പിന്റെ താരങ്ങൾ ഇന്നു ലോകക്രിക്കറ്റിന്റെ തന്നെ അമരക്കാരാണ്; ഇന്ത്യൻ നായകൻ വിരാട് കോലിയും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനുമായിരുന്നു അന്നും സൂപ്പർ താരങ്ങൾ.

jadeja-maneesh-pandey
രവീന്ദ്ര ‍ജഡേജ, മനീഷ് പാണ്ഡെ എന്നിവർ. 2008 അണ്ടർ 19 ലോകകപ്പ് കാലത്തെ ചിത്രം.

ഇനിയുമുണ്ട് താരപ്രമുഖർ. കോലിക്കൊപ്പം രവീന്ദ്ര ജ‍ഡേജയും മനീഷ് പാണ്ഡെയും. വില്യംസനൊപ്പം ടിം സൗത്തിയും ട്രെന്റ് ബോൾട്ടും കോറി ആൻഡേഴ്സണും. ഓസ്ട്രേലിയയിൽ നിന്നു സ്റ്റീവ് സ്മിത്തിനെ കൂടാതെ മാർക്കസ് സ്റ്റോയ്നിസ്, ജോഷ് ഹെയ്സൽവുഡ്, ജെയിംസ് പാറ്റിൻസൺ, ജെയിംസ് ഫോക്നർ. പാക്ക് നിരയിലെത്തുമ്പോൾ പട്ടികയ്ക്കു നീളമേറും–സർഫ്രാസ് അഹമ്മദ്, ഇമാദ് വസിം, ജുനൈദ് ഖാൻ, മുഹമ്മദ് ആമിർ, അഹമ്മദ് ഷെഹ്സാദ്, ഉമർ അക്മൽ...

ഇതു 13–ാം ലോകകപ്പ്

ഐസിസി അണ്ടർ 19 ലോകകപ്പിന്റെ 13–ാം പതിപ്പിനാണു ദക്ഷിണാഫ്രിക്ക സാക്ഷിയാകുന്നത്. 1988ൽ യൂത്ത് ലോകകപ്പ് എന്ന പേരിലാണു തുടക്കം. ഓസ്ട്രേലിയൻ മണ്ണിൽ നടന്ന, ആതിഥേയരുടെ കിരീടധാരണം കണ്ട ആ ടൂർണമെന്റ് പക്ഷേ പിന്നീടു നടന്നില്ല.

10 വർഷത്തിനു ശേഷം അണ്ടർ19 ലോകകപ്പ് എന്ന പേരിൽ ദക്ഷിണാഫ്രിക്കയിൽ പുനരാരംഭിച്ചതോടെയാണു ഈ ടൂർണമെന്റ് സ്ഥിരമായത്. രണ്ടു വർഷത്തെ ഇടവേളയിലാണ് ഐസിസിയുടെ കുട്ടി ലോകകപ്പിന്റെ വരവ്. നാലു കിരീടം നേടിയ ഇന്ത്യയും 3 കിരീടം നേടിയ ഓസ്ട്രേലിയയുമാണു ജൂനിയർ ലോകകപ്പിൽ ആധിപത്യം നേടിയവർ.

ഐപിഎൽ താരങ്ങൾ

രണ്ടു വർഷം മുൻപു ന്യൂസീലൻഡിലെ മൗണ്ട് മൗഗ്നൂയിൽ ഉയർത്തിയ ലോകകിരീടം നിലനിർത്താൻ കെൽപുള്ള സംഘവുമായാണ് ഇന്ത്യ ഇക്കുറിയും അണ്ടർ–19 പോരാട്ടത്തിനെത്തുന്നത്.

under-19-indian-team
അണ്ടർ 19 ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം.

ഉത്തർ പ്രദേശിൽ നിന്നുള്ള പ്രിയം ഗാർഗ് നായകൻ. പോയ ലോകകപ്പിൽ രാഹുൽ ദ്രാവിഡിന്റെ സഹപരിശീലകനായിരുന്ന പരസ് മാംബ്രെയ്ക്കാണു പരിശീലകച്ചുമതല. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടശതകം നേടിയ മുംബൈ ഓപ്പണർ യശസ്വി ജയ്സ്വാൾ ഉൾപ്പെടെയുള്ള ശ്രദ്ധേയ യുവതാരങ്ങൾ നിരക്കുന്ന ടീം ഇന്ത്യ ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തുറ്റ സംഘമാണ്. 

∙ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ 16 രാജ്യങ്ങളുടെ പങ്കാളിത്തം. 

∙ നവാഗതരായി 2 ടീമുകൾ, ജപ്പാനും നൈജീരിയയും.

∙ കിരീടനേട്ടത്തിൽ മുന്നിൽ ടീം ഇന്ത്യ (2000, 2008, 2012, 2018)

ടീം ഇന്ത്യ

പ്രിയം ഗാർഗ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, തിലക് വർമ, ദിവ്യാൻഷ് സക്സേന, ധ്രുവ് ചന്ദ് ജുറേൽ (ൈവസ് ക്യാപ്റ്റൻ), ശാശ്വത് റാവത്ത്, സിദ്ദേഷ് വീർ, ശുഭാംഗ് ഹെഡ്ഗെ, രവി ബിഷ്ണോയ്, ആകാശ് സിങ്, കാർത്തിക് ത്യാഗി, അഥർവ അൻകോലേക്കർ, കുമാർ കുഷാഗ്ര, സുശാന്ത് മിശ്ര, വിദ്യാധർ പാട്ടീൽ.

ഈ ലോകകപ്പിലെ ടീമുകൾ

ഗ്രൂപ്പ് എ – ഇന്ത്യ, ന്യൂസീലൻഡ്, ശ്രീലങ്ക, ജപ്പാൻ

ഗ്രൂപ്പ് ബി – ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, നൈജീരിയ

ഗ്രൂപ്പ് സി –പാക്കിസ്ഥാൻ, ബംഗ്ലദേശ്, സിംബാബ്‌വെ, സ്കോട്‌ലൻഡ്

ഗ്രൂപ്പ് ഡി – അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ

ഇന്ത്യയുടെ ഗ്രൂപ്പ് 

(തീയതി, ഇന്ത്യൻ സമയം, എതിരാളികൾ, വേദി)

ജനുവരി 19, ഉച്ചയ്ക്ക് 1.30: ശ്രീലങ്ക, ബ്ലുംഫൊണ്ടെയ്ൻ

ജനുവരി 21, ഉച്ചയ്ക്ക് 1.30: ജപ്പാൻ, ബ്ലുംഫൊണ്ടെയ്ൻ

ജനുവരി 24, ഉച്ചയ്ക്ക് 1.30: ന്യൂസീലൻഡ്, ബ്ലുംഫൊണ്ടെയ്ൻ

ലോകകപ്പിലെ താരത്തിളക്കങ്ങൾ

2000 – യുവരാജ് സിങ്

2002 – തതേന്ദ തയ്ബു

2004 – ശിഖർ ധവാൻ

2006 – ചേതേശ്വർ പൂജാര

2008– ടിം സൗത്തി

2010 – ഡൊമിനിക് ഹെൻട്രിക്സ്

2012 – വിൽ ബോസിസ്തോ

2014 – എയ്ഡൻ മാർക്രം

2016 – മെഹ്‌ദി ഹസ്സൻ

2018 – ശുഭ്മാൻ ഗിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com