ADVERTISEMENT

രാജ്കോട്ട്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നതിന് വിരാട് കോലിയെപ്പോലെയുള്ള താരങ്ങളുമായി ഏറെ ചർച്ചകൾ നടത്തിയും സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസണ്‍ എന്നിവരുടെ ബാറ്റിങ് വിഡിയോകൾ കണ്ടുമാണു തയാറെടുത്തതെന്ന് കെ.എൽ. രാഹുൽ. രാജ്കോട്ട് ഏകദിനത്തിൽ അഞ്ചാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങി 52 പന്തിൽ 80 റണ്‍സ് നേടി മാൻ ഓഫ് ദ് മാച്ച് ആയതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

സാങ്കേതികമായി ഞാൻ വ്യത്യസ്തമായ പരിശീലനം എന്തെങ്കിലും നടത്തിയതായി തോന്നുന്നില്ല. മധ്യനിരയില്‍ ഇറങ്ങുന്ന ബാറ്റ്സ്മാൻമാരോടു സംസാരിച്ചു. കുറേ വിഡിയോകൾ കണ്ടു. എബി. ഡിവില്ലിയേഴ്സ്, സ്റ്റീവ് സ്മിത്ത് എന്നിവർ വലിയ ഇന്നിങ്സുകൾ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കി പഠിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൺ എങ്ങനെയാണ് കളിക്കുന്നതെന്നു നോക്കി. എന്റെ പ്രകടനവും എങ്ങനെ മെച്ചപ്പെടുത്താമെന്നു നോക്കി മാത്രമായിരുന്നു പഠനങ്ങൾ– രാഹുൽ പറഞ്ഞു.

അഞ്ചാം നമ്പരിൽ ഇറങ്ങുകയെന്നതു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മോശമല്ലാത്ത ഫോമും കഴിവിൽ നല്ല ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ഓരോ മത്സരങ്ങളിലും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതും അനുഗ്രഹമാണ്. എല്ലാ ബാറ്റ്സ്മാൻമാർക്കും അതു കിട്ടുമെന്നു തോന്നുന്നില്ല. എല്ലായ്പ്പോഴും ബാറ്റിങ് ഓപ്പൺ ചെയ്യുന്നതിനാൽ അപ്പോൾ കൂടുതൽ സൗകര്യം അനുഭവപ്പെടാറുണ്ട്. ഇനിയും ഏതു നമ്പരിലും ഇറങ്ങാൻ തയാറാണ്. ഞാൻ‌ മാത്രമല്ല, രാജ്യത്തിന് വേണ്ടി കളിക്കുന്ന എല്ലാവരും ഏതു സമയത്തും മറ്റ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയാറാകണം.

പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ പന്തുകൾ പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു. സ്ഥിരം വിക്കറ്റ് കീപ്പറല്ല ആ പന്തുകൾ നേരിടുന്നതെങ്കിൽ കൂടുതൽ പ്രശ്നമാകും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡുമായി താരതമ്യം ചെയ്യുന്നതൊക്കെ വലിയ ആദരവായാണു കാണുന്നത്. പേരുകൾ ഒരേ പോലെയുള്ളതും രണ്ടും പേരും കർണാടകയിൽ നിന്നുള്ളവരായതിനാലും ഇതുണ്ടാകും. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദ്രാവിഡുമായി ഏറെ നേരം ചർച്ച ചെയ്തിട്ടുണ്ടെന്നും കെ.എൽ. രാഹുൽ വ്യക്തമാക്കി.

മുംബൈയില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോലിക്കു പകരം മൂന്നാം നമ്പരിലാണ് രാഹുൽ ഇറങ്ങിയിരുന്നത്. 61 പന്തുകൾ നേരിട്ട രാഹുൽ മുംബൈയിൽ 47 റൺസെടുത്തു. എന്നാൽ കോലിക്ക് ഈ മത്സരത്തിൽ കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. 17 മത്സരങ്ങളിൽ ഓപ്പണിങ് കളിച്ചിട്ടുള്ള രാഹുൽ മൂന്ന് തവണ മൂന്നാം നമ്പർ ബാറ്റ്സ്മാനായി. നാലാം നമ്പരിൽ നാലു തവണയും അഞ്ചാമനായി രണ്ട് തവണയും ഇറങ്ങി. ആറാം നമ്പരിലും രാഹുൽ ബാറ്റിങ്ങിനെത്തിയിട്ടുണ്ട്. രാജ്കോട്ട് ഏകദിനത്തിനു മുൻപ് അവസാനമായി അഞ്ചാം നമ്പരിൽ ഇറങ്ങിയത് 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു. അന്ന് പക്ഷേ ഏഴ് റൺസ് നേടാൻ‌ മാത്രമാണു താരത്തിനു സാധിച്ചത്.

ഋഷഭ് പന്ത് പരുക്കേറ്റു പുറത്തായതോടെയാണ് ഓസീസിനെതിരെ വിക്കറ്റ് കീപ്പറായതെങ്കിലും കീപ്പിങ്ങിലും പരിചയ സമ്പന്നനാണ് രാഹുൽ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു രാഹുൽ. ഐപിഎല്ലിലും കർണാടകയ്ക്കുവേണ്ടിയും കീപ്പറുടെ ഗ്ലൗ അണിഞ്ഞ് പലകുറി പ്രതിഭ തെളിയിച്ചിട്ടുണ്ട് രാഹുൽ.

English Summary: KL Rahul's middle-order batting inspired by videos of Steve Smith, Kane Williamson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com