ADVERTISEMENT

നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ 3 മത്സര പരമ്പര സ്വന്തമാക്കി (2–1). സ്റ്റീവ് സ്മിത്ത് (132 പന്തിൽ 131) സെ‍ഞ്ചുറി നേടിയിട്ടും അവസാന ഓവറുകളിൽ പിടിച്ചെറിഞ്ഞ് ഇന്ത്യൻ ബോളർമാർ ഓസീസിനെ ഒതുക്കി. മറുപടിയിൽ രോഹിത് ശർമയും (128 പന്തിൽ 119) ക്യാപ്റ്റൻ വിരാട് കോലിയും (91 പന്തിൽ 89) ശ്രേയസ് അയ്യരും (35 പന്തിൽ 44) ഇന്ത്യൻ വിജയമൊരുക്കി. സ്കോർ: ഓസ്ട്രേലിയ 9ന് 286, ഇന്ത്യ 47.3 ഓവറിൽ 3ന് 289.

ബെംഗളൂരു ∙ മുംബൈ കടന്ന് രാജ്കോട്ട് വഴി ബെംഗളൂരുവിൽ എത്തിയപ്പോൾ കംഗാരുപ്പടയുടെ ജീവൻപോയി. ആരംഭശൂരത്വം കാട്ടി കോലിപ്പടയെ വിരട്ടിയവർ പേടിച്ചോടി. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിക്ക് രോഹിത് ശർമയും കോലിയും ബാറ്റ് ചുഴറ്റി മറുപടി കൊടുത്തപ്പോൾ ഓസീസ് വെറും ചാരം. നാട്ടിൽ കോലിക്കും സംഘത്തിനും മറ്റൊരു പരമ്പര വിജയംകൂടി. പരുക്കേറ്റ ശിഖർ ധവാൻ ബാറ്റ് ചെയ്യാൻ ഇറങ്ങാതിരുന്നിട്ടും ഇന്ത്യ ജയത്തിലെത്തി. പരമ്പരയിലെ 3 മത്സരത്തിലും ടോസ് നഷ്ടപ്പെട്ടെങ്കിലും കോലിക്കു ടീമിനെ ജയത്തിലേക്കു നയിക്കാനായി. ഇന്ത്യയുടെ അടുത്ത അങ്കം ഇനി ന്യൂസീലൻഡിൽ.

ധവാൻ പോയതോടെ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങിയ രാഹുൽ (19) ഒന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്താണു മടങ്ങിയത്. ഓസീസ് ബോളർമാരെ ദാക്ഷിണ്യമില്ലാതെ പ്രഹരിച്ച രോഹിത് 8 ഫോറും 6 സിക്സും പറത്തിയാണു 119ൽ എത്തിയത്. 2–ാം വിക്കറ്റിൽ രോഹിത്തും കോലിയും 137 റൺസ് കൂട്ടിച്ചേർത്ത് സന്ദർശകരുടെ സർവ പ്രതീക്ഷയും തല്ലിക്കെടുത്തി. സാംപയുടെ പന്തിൽ സ്റ്റാർക്കിനു ക്യാച്ച് നൽകി രോഹിത് മടങ്ങി. സെഞ്ചുറിക്ക് 11 റൺസ് അകലെ കോലിയെ ഹെയ്സ‌ൽവുഡ് ബോൾഡാക്കി. 6 ഫോറും ഒരു സിക്സും പറത്തി അടിച്ചു തകർത്ത ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെയെ (8) കൂട്ടുപിടിച്ച് ആതിഥേയരെ വിജയത്തിലെത്തിച്ചു. 16 ഓവർ എറിഞ്ഞ ഓസീസ് പേസർമാരായ പാറ്റ് കമിൻസും മിച്ചൽ സ്റ്റാർക്കും ഒരു വിക്കറ്റ് പോലുമെടുക്കാതെ 130 റൺസ് വിട്ടുകൊടുത്തു എന്നതിലുണ്ട് ഓസീസ് ബോളിങ്ങിന്റെ ദുരന്തം.

∙ സ്മിത്തിന്റെ ചിറകിൽ

കൃത്യം 3 വർഷത്തെ ഇടവേളയ്ക്കുശേഷം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ഇന്ത്യയ്ക്കു തലവേദന സൃഷ്ടിച്ചെങ്കിലും ഡെത്ത് ഓവറുകളിൽ പിടിച്ചെറിഞ്ഞ ബോളർമാർ കളി തിരിച്ചുപിടിച്ചു. ഡേവിഡ് വാർണർ (3) – ആരോൺ ഫിഞ്ച് (19) ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയപ്പെട്ടെങ്കിലും 3–ാം വിക്കറ്റിൽ 127 റൺസ് കൂട്ടിച്ചേർത്ത് സ്മിത്തും മാർനസ് ലബുഷെയ്നും (54) മത്സരം ഓസീസ് നിയന്ത്രണത്തിലാക്കി. എന്നാൽ, 32–ാം ഓവറിലെ 3–ാം പന്തി‍ൽ ലബുഷെയ്നെയും അവസാന പന്തിൽ പിഞ്ച് ഹിറ്റർ മിച്ചൽ സ്റ്റാർക്കിനെയും പുറത്താക്കി രവീന്ദ്ര ജഡേജ ഇന്നിങ്സിന്റെ ഗതി മാറ്റി. 2ന് 173 എന്ന നിലയിൽനിന്ന് പിന്നീടു തകർച്ചയായിരുന്നു

44–ാം ഓവറിൽ സെഞ്ചുറിയിൽ എത്തിയശേഷം സ്മിത്ത് (132 പന്തിൽ 131) നടത്തിയ പോരാട്ടമാണ് സ്കോർ 250 കടത്തിയത്. അവസാന 10 ഓവറിൽ ഓസീസിന് 5 വിക്കറ്റ് നഷ്ടപ്പെട്ടു; കിട്ടിയത് 63 റൺസും (അവസാന 2 ഓവറിൽ 10 റൺസ്). 2017 ജനുവരി 19നു പാക്കിസ്ഥാനെതിരെയായിരുന്നു സ്മിത്തിന്റെ അവസാന സെഞ്ചുറി. വിക്കറ്റെടുത്തില്ലെങ്കിലും ജസ്പ്രീത് ബുമ്ര പിശുക്കിയെറിഞ്ഞു (10 ഓവറിൽ 38 റൺസ്). റൺസ് വഴങ്ങിയെങ്കിലും ഷമി അവസാന ഓവറുകളിൽ എറിഞ്ഞിട്ടു (4ന് 63). ജഡേജ രണ്ടു വിക്കറ്റും കുൽദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫിഞ്ച് റണ്ണൗട്ടായി.

∙ സൂപ്പർമാൻ കോലി

മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലബുഷെയ്ൻ പുറത്തായത് ഇന്ത്യൻ ക്യാപ്റ്റൻ കോലിയുടെ തകർപ്പൻ ഡൈവിങ് ക്യാച്ചിലാണ്. സ്മിത്തുമായി ചേർന്നു 3–ാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ലബുഷെയ്ൻ, ജഡേജയെറിഞ്ഞ 32–ാം ഓവറിലാണു പുറത്തായത്. ഷോർട്ട് എക്സ്ട്രാ കവറിൽ തന്റെ വലത്തോട്ടു മുഴുനീളെ ചാടി കോലിയുടെ സൂപ്പർമാൻ ക്യാച്ച്.

∙ ധവാനു പരുക്ക്

കഴിഞ്ഞ ദിവസം ബാറ്റിങ്ങിനിടെ പരുക്കേറ്റ ശിഖർ ധവാന് ഇന്നലെ ഫീൽഡ് ചെയ്യുന്നതിനിടെ തോളിനു പരുക്കേറ്റു. ഗ്രൗണ്ടിൽനിന്നു കയറിപ്പോയ ധവാൻ പിന്നീടു ബാറ്റ് ചെയ്യാനും ഇറങ്ങിയില്ല. തോളിന് എക്സ്റേ എടുക്കാൻ മത്സരത്തിനിടയിൽത്തന്നെ ധവാനെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ബിസിസിഐ അറിയിച്ചു.

∙ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 9000 റൺസ് തികയ്ക്കുന്ന 3–ാമത്തെ താരമായി രോഹിത് ശർമ (217 ഇന്നിങ്സ്). 194 ഇന്നിങ്സിൽ 9000ൽ എത്തിയ വിരാട് കോലിയാണു മുന്നിൽ. 208 ഇന്നിങ്സിൽ 9000 കണ്ടെത്തിയ എബി ഡിവില്ലിയേഴ്സാണു രണ്ടാമത്.

∙ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിയുടെ പേരിൽ. 82 ഇന്നിങ്സുകളിൽനിന്നാണു കോലിയുടെ നേട്ടം. 127 ഇന്നിങ്സുകളിൽനിന്ന് 5000ലെത്തിയ മഹേന്ദ്രസിങ് ധോണിയെയാണു കോലി പിന്നിലാക്കിയത്.

English Summary: India vs Australia, 3rd ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com