ADVERTISEMENT

ബെംഗളൂരു ∙ കുറച്ചു കാലത്തേക്കെങ്കിലും ഇന്ത്യൻ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുൽ തുടരുമെന്നു ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ പാറ്റ് കമിൻസിന്റെ പന്തു തലയിൽ കൊണ്ടതിനെത്തുടർന്ന് വിശ്രമം വേണ്ടി വന്ന ഋഷഭ് പന്തിനു പകരം വിക്കറ്റ് കാത്ത രാഹുൽ മികച്ച പ്രകടനമാണു നടത്തിയത്. ആദ്യ ഏകദിനത്തിൽ മൂന്നാം സ്ഥാനത്തും രാജ്കോട്ടിലെ രണ്ടാം ഏകദിനത്തിൽ അഞ്ചാം സ്ഥാനത്തും ബാറ്റ് ചെയ്ത രാഹുൽ ബെംഗളൂരുവിലെ മൂന്നാം ഏകദിനത്തിൽ ശിഖർ ധവാനു പകരം ഓപ്പണറായി. ബാറ്റിങ്ങിൽ ശോഭിച്ചതിനു പുറമേ വിക്കറ്റിനു പിന്നിൽ രാഹുലിന്റെ കൈകൾ ചോർന്നതുമില്ല.

‘രാഹുൽ വിക്കറ്റ് കീപ്പറാവുകയാണെങ്കിൽ ഒരു ബാറ്റ്സ്മാനെ അധികം ടീമിൽ ഉൾപ്പെടുത്താനാകും. അതു ഗുണകരമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഏതാനും കളികൾ ഇങ്ങനെ പോകട്ടെ എന്നാണ് തീരുമാനം. ഇടയ്ക്കിടെ ടീമിന്റെ ഘടന മാറ്റുന്നതു കളിക്കാർക്കു വലിയ ആശയക്കുഴപ്പമുണ്ടാക്കും’’– കോലി പറഞ്ഞു.

മൂന്നാം ഏകദിനത്തിനു മുൻപ് ഋഷഭ് പന്ത് ഫിറ്റ്നസ് വീണ്ടെടുത്തിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി രാഹുൽ മതിയെന്നു തീരുമാനിക്കുകയാണു ടീം മാനേജ്മെന്റ് ചെയ്തത്.

ഇതോടെ, ഫോം കണ്ടെത്താൻ വിഷമിക്കുന്ന യുവതാരം ഋഷഭ് പന്ത് കുറച്ചുകാലം പുറത്തിരിക്കേണ്ടി വന്നേക്കാം. ബിസിസിഐയുടെ പുതിയ കോൺട്രാക്ടിൽ എ ഗ്രേഡ് ലഭിച്ച പന്തിനെ ടീം മാനേജ്മെന്റ് എഴുതിത്തള്ളുന്നുമില്ല. ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് രണ്ടാം വിക്കറ്റ് കീപ്പറായി ആരെന്ന ചോദ്യത്തിനും ഒരുപക്ഷേ ഇതോടെ ഉത്തരമായേക്കും. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ട്വന്റി20 ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകൾക്കും ഇതോടെ മങ്ങലേറ്റിട്ടുണ്ട്.

∙ വിക്കറ്റിനു പിന്നിൽ വീണ്ടുമൊരു രാഹുൽ!

വീണുകിട്ടുന്ന അവസരങ്ങളും വച്ചുനീട്ടുന്ന വെല്ലുവിളികളുമാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാവി നിർണയിക്കുന്നതെന്നു പറയാറുണ്ട്. കെ.എൽ. രാഹുൽ എന്ന കർണാടകക്കാരന്റെ കാര്യത്തിൽ ഇത് 100 ശതമാനം ശരിയാണ്. ഋഷഭ് പന്ത് പരുക്കേറ്റു പുറത്തായപ്പോൾ, കീപ്പിങ് ഗ്ലൗ വീണ്ടുമണിയാനും ഓപ്പണിങ് മുതൽ 5–ാം നമ്പർ വരെ ഏതു പൊസിഷനിലും അനായാസം ബാറ്റു ചെയ്യാനും രാഹുൽ തയാറായതോടെ ധോണിക്കു ശേഷം വിക്കറ്റിനു പിന്നിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്നു ചിലരെങ്കിലും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

1999ൽ സ്ഥിരം വിക്കറ്റ് കീപ്പർ നയൻ മോംഗിയ പരുക്കേറ്റു പുറത്തായപ്പോൾ മുൻനിര ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായിട്ടുണ്ട്. ടീമിൽ 7 ബാറ്റ്സ്മാൻമാർ വേണമെന്നു ക്യാപ്റ്റൻ സൗരവ് ഗാംഗുലി വാശിപിടിച്ചതോടെ സ്ഥിരം വിക്കറ്റ് കീപ്പറായി ദ്രാവിഡ് മാറി. 2003 ഏകദിന ലോകകപ്പിൽ ഇന്ത്യ കളിച്ചതും ദ്രാവിഡിനെ കീപ്പറാക്കിയാണ്.

കെ.എൽ.രാഹുൽ വയസ്സ്: 27

യോഗ്യത: നിലവിൽ ഇന്ത്യൻ ടീമിലെ സ്ഥിരതയുള്ള ബാറ്റ്സ്മാൻമാരിൽ ഒരാൾ, മൂന്നു ഫോർമാറ്റിലും മികച്ച ബാറ്റിങ് പ്രകടനം, ഓപ്പണിങ് മുതൽ 5–ാം നമ്പറിൽ വരെ ബാറ്റ് ചെയ്യാനുള്ള മിടുക്ക്,‌ ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഒരു മിന്നൽ സ്റ്റംപിങ്.

പരിചയം: ഇന്ത്യൻ അണ്ടർ 19 ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ, ഐപിഎല്ലിൽ 2015 ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെയും 2018ൽ പഞ്ചാബ് കിങ്സ് ഇലവന്റെയും വിക്കറ്റ് കീപ്പറായി ഭേദപ്പെട്ട പ്രകടനം, വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടക ടീമിന്റെ വിക്കറ്റ് കീപ്പർ.

അനൂകൂലിക്കുന്നവർ

∙ രാഹുൽ വിക്കറ്റ് കീപ്പറുടെ റോളിലെത്തുമ്പോൾ ഒരു ബാറ്റ്സ്മാനെ അധികം കളിപ്പിക്കാൻ ടീമിനു സാധിക്കുന്നത് വലിയ കാര്യമാണ് – വിരാട് കോലി (ഇന്ത്യൻ ക്യാപ്റ്റൻ)

∙ ട്വന്റി20യിലും ഏകദിന ക്രിക്കറ്റിലും രാഹുലിനെ കീപ്പറായി കളിപ്പിക്കുന്ന കാര്യം പരിഗണിക്കും– രവി ശാസ്ത്രി (ഇന്ത്യൻ ടീം പരിശീലകൻ)

പ്രതികൂലിക്കുന്നവർ

∙ കീപ്പർ എന്ന നിലയിൽ രാഹുൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ 50 ഓവർ കീപ്പറായശേഷം ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ എളുപ്പമല്ല. അതിനാൽ രാഹുലിനെ ഫുൾ ടൈം കീപ്പറാക്കിയാൽ അത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കും – ആകാശ് ചോപ്ര (മുൻ ഇന്ത്യൻ താരം)

∙ രാഹുലിന് മികച്ച രണ്ടാം വിക്കറ്റ് കീപ്പർ ആകാൻ സാധിക്കും. എന്നാൽ ടീമിൽ ഒരു ഫുൾടൈം വിക്കറ്റ് കീപ്പർ തീർച്ചയായും വേണം – നയൻ മോംഗിയ (മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ)

English Summary: KL Rahul to replace Rishabh Pant as Indian Wicket Keeper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com