ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ഇതോടെ, മലയാളി താരം സഞ്ജു സാംസണ് വീണ്ടും ദേശീയ സീനിയർ ടീമിൽ ഇടംലഭിച്ചു. ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. ന്യൂസീലൻഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദിന ടീമിൽ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരൻ. ട്വന്റി20 ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ധവാൻ വിശദ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി. നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ അംഗങ്ങളായ സഞ്ജുവും പൃഥ്വി ഷായും അവിടെവച്ച് സീനിയർ ടീമിനൊപ്പം ചേരും. ഈ മാസം 24നാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിനു തുടക്കം കുറിച്ച് ട്വന്റി20 പരമ്പര ആരംഭിക്കുക. അഞ്ച് ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ധവാനു പരുക്കേറ്റപ്പോഴും തൊട്ടുപിന്നാലെ നടന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജുവിനെയാണ് പകരക്കാരനായി സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയത്. ഇതോടെ, രണ്ടാം തവണയാണ് സീനിയർ ടീമിലേക്ക് ധവാന്റെ പരുക്കുമൂലം സഞ്ജുവിന് അവസരം ലഭിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലും സഞ്ജുവും ടീമിൽ അംഗമായിരുന്നു. ബംഗ്ലദേശിനും വെസ്റ്റിൻഡീസിനും എതിരായ പരമ്പരകളിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും ശ്രീലങ്കയ‌്‌ക്കെതിരെ ഒരു മത്സരത്തിൽ അവസരം ലഭിച്ചു. നേരിട്ട ആദ്യ പന്തുതന്നെ സിക്സറിനു പറത്തി മികച്ച തുടക്കമിട്ടെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി.

ഇതിനു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യൻ ട്വന്റി20 ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ വിശ്രമമനുവദിച്ച രോഹിത് ശർമ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനം നഷ്ടമായത്. ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ധവാന് വീണ്ടും പരുക്കേറ്റതോടെ സഞ്ജുവിനു മുന്നിൽ ഒരിക്കൽക്കൂടി ദേശീയ സീനിയർ ടീമിന്റെ വാതിൽ തുറന്നു.

അതേസമയം, ട്വന്റി20 ലോകകപ്പിന്റെ തയാറെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുന്ന ഈ അവസരത്തിൽ ധവാന്റെ പരുക്ക് ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. ഏകദിന ലോകകപ്പ് മുതലിങ്ങോട്ട് ഇതു മൂന്നാം തവണയാണ് ധവാൻ പരുക്കേറ്റ് ടീമിനു പുറത്താകുന്നത്. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അർധസെഞ്ചുറി നേടി മികച്ച ഫോമിൽ കളിക്കുമ്പോഴാണ് പരുക്കു വീണ്ടും വില്ലനായത്.

∙ ഇന്ത്യയുടെ ട്വന്റി20, ഏകദിന ടീമുകൾ

ട്വന്റി20 ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), പൃഥ്വി ഷാ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, കേദാർ ജാദവ്, ഷാർദുൽ താക്കൂർ

English Summary: Shikhar Dhawan has been ruled out of the five-match T20I and three-match ODI series in New Zealand, Sanju Samson Replaced.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com