sections
MORE

ഔട്ട് ഒഴിവാക്കാൻ ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടി’; പാക്ക് താരങ്ങൾക്ക് പരിഹാസം

pakistan-run-out
അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്കെതിരെ റണ്ണൗട്ടാകുന്ന പാക്ക് താരം ഖാസിം അക്രം.
SHARE

പോച്ചെഫ്സ്ട്രൂം∙ ഔട്ടിൽനിന്ന് രക്ഷപ്പെടാൻ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന പാക്കിസ്ഥാൻ താരങ്ങളുടെ വിഡിയോ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിന്റെ ഒന്നാം സെമിയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് പാക്ക് താരങ്ങളായ റുഹൈൽ നസീർ, ഖാസിം അക്രം എന്നിവർ ഒരേ ക്രീസിലേക്ക് ‘മത്സരയോട്ടം’ നടത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയോട് 10 വിക്കറ്റിന് തോറ്റിരുന്നു.

ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയി എറിഞ്ഞ 31–ാം ഓവറിലാണ് പാക്ക് ക്രിക്കറ്റിന് നാണക്കേടായ സംഭവം. ഓവറിലെ മൂന്നാം പന്ത് നേരിട്ടത് ഖാസിം അക്രം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്യാപ്റ്റൻ കൂടിയായ റുഹൈൽ നസീർ. പാക്കിസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിൽ. അർധസെഞ്ചുറിക്ക് അരികെ നിൽക്കുന്ന റുഹൈലും അക്രവും ചേർന്ന് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്കു നയിക്കാനുള്ള ശ്രമത്തിലും. ബിഷ്ണോയിയുടെ ഓവറിലെ മൂന്നാം പന്തു നേരിട്ട അക്രം അതു കവറിലേക്കു തട്ടിയിട്ടു. സിംഗിളിനായി അതിവേഗം പിച്ചിന്റെ പകുതി വരെ ഓടിയശേഷം ഇരുവർക്കുമിടയിൽ ചെറിയൊരു കൺഫ്യൂഷൻ.

ഇന്ത്യൻ താരം അഥർവ അങ്കൊലേക്കർ പന്തു പിടിച്ചെടുക്കുന്നതു കണ്ട് റുഹൈൽ ഹുസൈൻ ഓട്ടം നിർത്തി. ഖാസിം അക്രവും ഓട്ടത്തിന് സഡൻ ബ്രേക്കിട്ടെങ്കിലും കുഴപ്പമില്ലെന്ന ധാരണയിൽ ക്രീസിലേക്ക്. പക്ഷേ മറുവശത്ത് റുഹൈൽ ഹുസൈൻ അപകടം മണത്ത് തിരികെയോടിയതോടെ കളത്തിൽ നാടകീയ നിമിഷങ്ങൾ. ഇരുവരും നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടിയതോടെ പന്തു പിടിച്ചെടുത്ത അങ്കൊലേക്കർ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന് എറിഞ്ഞുകൊടുത്തു. മറുവശത്ത് അക്രത്തിനു മുൻപേ ക്രീസിൽ കുത്താനുള്ള വ്യഗ്രതയിൽ മത്സരിച്ചോടിയ റുഹൈൽ തന്നെ ഒടുവിൽ വിജയിച്ചു. അക്രം ഖാൻ റണ്ണൗട്ട്. സമ്പാദ്യം 16 പന്തിൽ ഒൻപതു റൺസ്. നാലിന് 118 റൺസെന്ന നിലയിൽ തകർന്ന പാക്കിസ്ഥാൻ 172 റൺസിന് ഓൾഔട്ടായി. അക്രത്തെ ബലിയാടാക്കി വിക്കറ്റ് സംരക്ഷിച്ച ക്യാപ്റ്റൻ ഹുസൈന് അർധസെഞ്ചുറി നേടാനായതിന്റെ ആശ്വാസം മാത്രം.

ഇത്തരം റണ്ണൗട്ടുകൾ ക്രിക്കറ്റിൽ തീർത്തും വിരളമല്ലെങ്കിലും ഈ സംഭവം വൈറലായത് വെറുതെയല്ല. പാക്കിസ്ഥാന്റെ സീനിയർ ടീമിലും ഇത്തരം റണ്ണൗട്ടുകൾ പതിവാണ് എന്നതുതന്നെ കാരണം. അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മൽസരത്തിനിടെ ആരാധകരിൽ ചിരിയുണർത്തി പാക്ക് താരം ഇഫ്തിഖർ അഹമ്മദും സമാനമായ രീതിയിൽ റണ്ണൗട്ടായിരുന്നു. 166 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ, തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം മൽസരത്തിലേക്കു മടങ്ങി വരുമ്പോഴായിരുന്നു ഇഫ്തിഖറിന്റെ റണ്ണൗട്ട്. പാക്ക് നായകൻ കൂടിയായ സർഫ്രാസ് അഹമ്മദുമായുള്ള ധാരണപ്പിശകാണ് ഇഫ്തിഖറിന്റെ റണ്ണൗട്ടിലേക്ക് വഴിതെളിച്ചത്. മത്സരം ശ്രീലങ്ക ജയിക്കുകയും ചെയ്തു.

ഇത്തരം ‘രസകരമായ’ റണ്ണൗട്ടുകൾ പതിവാക്കിയ പാക്കിസ്ഥാൻ ടീമിനെ പരിഹസിച്ച് അന്ന് ഒട്ടേറെ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ‘വിക്കറ്റുകൾക്കിടയിലെ ഓട്ടം – പാക്കിസ്ഥാൻ സ്റ്റൈൽ’ എന്ന തലവാചകത്തോടെ സർഫ്രാസും ഇഫ്തിഖറും ഒരേ ക്രിസീലേക്ക് ഓടിയെത്തുന്ന ചിത്രം ഒട്ടേറെപ്പേരാണ് പങ്കുവച്ചത്. പാക്ക് താരങ്ങളുടെ ബിരിയാണി പ്രിയം പ്രസിദ്ധമായതിനാൽ ‘ഒരു പ്ലേറ്റ് ബിരിയാണി മാത്രം ശേഷിക്കുമ്പോഴുള്ള അവസ്ഥ’ എന്ന വാചകത്തോടെയാണ് മറ്റു ചിലർ ഈ ചിത്രം പങ്കുവച്ചത്.

English Summary: Pakistan are notorious for some spectacular run-outs over the years and the U-19 World Cup semi-final against India showed the most recent addition to the list.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA