ADVERTISEMENT

മുംബൈ∙ 347 റൺസ് നേടിയിട്ടും അതു പ്രതിരോധിക്കാനാകാതെ തോൽവി വഴങ്ങേണ്ടിവന്ന ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ടീം സിലക്ഷൻ പാളിയോ? പിഴവു സംഭവിച്ചെന്നാണ് ഒരുവിഭാഗം ആരാധകരുടെ പക്ഷം. പേസ് ബോളിങ് നിരയിൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുംബൈ താരം ഷാർദുൽ ഠാക്കൂറിനെ കളിപ്പിച്ചതാണ് പിഴവായി ഇവർ ചൂണ്ടിക്കാട്ടുന്നത്. തകർപ്പൻ യോർക്കറുകളും കൃത്യതയാർന്ന ബോളിങ്ങുമായി കുറഞ്ഞകാലം കൊണ്ട് ശ്രദ്ധ നേടിയ നവ്ദീപ് സെയ്നിയെ ബെഞ്ചിലിരുത്തി ഠാക്കൂറിനെ കളിപ്പിച്ചതാണ് വിമർശനത്തിന് നിദാനം.

ഇന്ത്യൻ ബോളർമാർ കനത്ത പ്രഹരമേറ്റുവാങ്ങിയ ഒന്നാം ഏകദിനത്തിൽ ഏറ്റവും വലിയ ‘തല്ലുകൊള്ളി’യായത് ഷാർദുൽ ഠാക്കൂറായിരുന്നു. ഒൻപത് ഓവറിൽ വഴങ്ങിയത് 80 റൺസ്! ഓവറിൽ ശരാശരി 8.88 റൺസ്! 10 ഓവറിൽ 84 റൺസ് വഴങ്ങിയ കുൽദീപ് യാദവിനെയും കടത്തിവെട്ടി, ഠാക്കൂർ! ഇതിൽ 40–ാം ഓവറിൽ വഴങ്ങിയ 22 റൺസും ഉൾപ്പെടുന്നു. മികച്ച കൂട്ടുകെട്ടുമായി മുന്നേറുമ്പോഴും ന്യൂസീലൻഡിന് സമ്മർദ്ദം സൃഷ്ടിച്ച് അടിക്കടി ഉയർന്നുകൊണ്ടിരുന്ന റൺനിരക്ക് അവർ നിയന്ത്രണത്തിൽ കൊണ്ടുവന്നത് ഈ ഓവറോടെയാണ്.

ബോളിങ്ങിൽ സെയ്നിയോളം മികവില്ലാത്ത ഠാക്കൂറിനെ ബാറ്റിങ്ങിലെ മികവിന്റെ പേരിൽ ടീമിൽ നിലനിർത്തുന്നതിലെ അനൗചിത്യമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏഴാം നമ്പറിലെത്തുന്ന രവീന്ദ്ര ജഡേജ വരുന്ന നീളുന്ന പതിവിലും ശക്തമായ ബാറ്റിങ് നിരയുള്ളപ്പോൾ ഠാക്കൂറിന്റെ ബാറ്റിങ്ങിനെക്കൂടി എന്തിന് ആശ്രയിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം. പത്തിൽ ഒരു മത്സരത്തിൽപ്പോലും ഠാക്കൂറിന്റെ ബാറ്റിങ്ങിനെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരുമോയെന്ന് സംശയമാണെന്ന് ഒരു ആരാധകർ ട്വിറ്ററിൽ കുറിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ദയനീയ പ്രകടനത്തെ തുടർന്ന് ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ട താരമാണ് ഠാക്കൂർ. പകരമെത്തിയ സെയ്നി ഉജ്വല പ്രകടനത്തോടെ കയ്യടി നേടുകയും ചെയ്തു. എന്നാൽ, ന്യൂസീലൻഡ് പര്യടനത്തിൽ ട്വന്റി20യിൽ ഠാക്കൂറിനെ വീണ്ടും ടീമിലുൾപ്പെടുത്തുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ഒരു മത്സരത്തിൽ മാൻ ഓഫ്‍ ദ് മാച്ചുമായി. എന്നാൽ, തികച്ചും വ്യത്യസ്തമായ ഏകദിന ഫോർമാറ്റിൽ സെയ്നിയെ തുടരാൻ അനുവദിക്കുന്നതിനു പകരം ഠാക്കൂറിലേക്കു തിരികെ പോയത് കോലിയുടെ തന്ത്രപരമായ പിഴവാണെന്നാണ് വാദം.

ഇതുവരെ ഒൻപത് ഏകദിനങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ഠാക്കൂറിന്റെ സമ്പാദ്യം ഒൻപതു വിക്കറ്റുകളാണ്. അതേസമയം, 15 ട്വന്റി20കളിൽനിന്ന് 21 വിക്കറ്റുകൾ പിഴുതു. ഏകദിനത്തിൽ ഓവറിൽ ശരാശരി വഴങ്ങുന്നത് 6.81 റൺസാണ്. ട്വന്റി20യിൽ 8.73 റൺസും. ഏകദിനത്തിൽ ഇതുവരെ ബാറ്റിങ്ങിന് അവസരം ലഭിച്ചത് നാലു മത്സരങ്ങളിൽ മാത്രം. 26.00 ശരാശരിയിൽ 52 റൺസെടുത്തു. പുറത്താകാതെ നേടിയ 22 റൺസാണ് ഉയർന്ന സ്കോർ. അതേസമയം, ഇതുവരെ മൂന്ന് ഏകദിനങ്ങൾ കളിച്ച സെയ്നി അഞ്ചു വിക്കറ്റുകളാണ് പിഴുതതത്. ഓവറിൽ ശരാശരി വിട്ടുകൊടുക്കുന്നത് 6.16 റൺസ്. ബാറ്റിങ്ങിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല.

English Summary: ‘Picking Shardul Thakur over Navdeep Saini is a blunder’ – Twitter roasts Mumbai pacer after poor show in Hamilton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com