ADVERTISEMENT

ഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ അംപയറോട് തർക്കിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. സമയം അവസാനിച്ച ശേഷം ന്യൂസീലൻഡിന് അംപയർ ഡിആർഎസ് അനുമതി നൽകിയതാണ് വിരാട് കോലിയെ പ്രകോപിപ്പിച്ചത്. തുടർന്ന് അംപയറോട് കോലി അതൃപ്തി അറിയിക്കുകയും ചെയ്തു.

ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 17–ാം ഓവറിലായിരുന്നു സംഭവം. യുസ്‍വേന്ദ്ര ചെഹൽ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ കിവീസ് താരം ഹെൻറി നിക്കോൾസ് എൽബിഡബ്ല്യു ആയി പുറത്തായി. സ്വീപ് ഷോട്ടിന് ശ്രമിക്കുന്നതിനിടെ പന്ത് നിക്കോൾസിന്റെ തുടയിൽ ഇടിക്കുകയായിരുന്നു. അംപയർ ഔട്ട് അനുവദിക്കുകയും ചെയ്തു. മാര്‍ട്ടിൻ ഗപ്ടിലുമായി ചർച്ച ചെയ്തശേഷം നിക്കോള്‍സ് ഡിആർഎസിന് ആവശ്യം ഉന്നയിച്ചു.

അപ്പോഴെക്കും ഡിആർഎസ് വിളിക്കാനുള്ള സമയം അവസാനിച്ചിരുന്നെന്നാണു കോലിയുടെ വാദം. റിവ്യു പരിശോധനയിലും നിക്കോൾസ് ഔട്ട് തന്നെയാണെന്നു തെളിഞ്ഞു. എന്നാൽ അംപയർ ഡിആർഎസിന് അനുമതി നൽകിയതിൽ അതൃപ്തി വ്യക്തമാക്കി കോലി അംപയർ ബ്രൂസ് ഓക്സെൻഫോർഡിനെ സമീപിക്കുകയായിരുന്നു.

59 പന്തിൽ 41 റൺസെടുത്താണ് ഹെൻറി നിക്കോൾസ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് എടുത്തത്. മാർട്ടിൻ ഗപടിലും നിക്കോൾസും ന്യൂസീലൻഡിനു മികച്ച തുടക്കം നൽകിയെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് അവർക്കു തിരിച്ചടിയായി. അർധ സെഞ്ചുറി നേടിയ റോസ് ടെയ്‌ലറുടെ മികവിലാണ് കിവീസ് പൊരുതാവുന്ന സ്കോറിലെത്തിയത്.

English Summary: Virat Kohli protests to umpire as Henry Nicholls takes late DRS call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com