ADVERTISEMENT

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക) ∙ സൈനികന്റെ മകനായ ധ്രുവ് ജുറൈൽ മുതൽ കർഷകന്റെ മകനായ കാർത്തിക് ത്യാഗി വരെ..ബസ് കണ്ടക്ടറായ അമ്മയിൽനിന്ന് ഊർജമുൾക്കൊണ്ട അഥർവ അങ്കോലേക്കർ മുതൽ ജീവിതവും കളിയും ഒന്നിച്ചു കൊണ്ടുപോകാൻ മുംബൈ ആസാദ് ഗ്രൗണ്ടിൽ പാനിപൂരി വിറ്റ യശ്വസി ജയ്സ്വാൾ വരെ..

ആമിർഖാന്റെ ‘ലഗാൻ’ സിനിമയിലെ ക്രിക്കറ്റ് ടീമിനെപ്പോലെ നാനാത്വത്തിലെ ഏകത്വമാണ് ഈ ഇന്ത്യൻ ടീം. അണ്ടർ–19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ന് ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ കളിക്കാനിറങ്ങുമ്പോൾ ഇവർ ലോകത്തോടു വിളിച്ചു പറയും– ഇതാ ഇന്ത്യ, ഇതാണിന്ത്യ!

അയൽക്കാരായ ബംഗ്ലദേശിനെതിരെ വിജയസാധ്യതയുടെ ത്രാസിൽ ഇന്ത്യയുടെ തട്ട് താഴ്ന്നു കിടക്കുന്നു. ടൂർണമെന്റിലെ എല്ലാ മത്സരവും ഉജ്വലമായി ജയിച്ചാണ് ഇന്ത്യ ഫൈനലിലേക്കു കുതിച്ചെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും മികച്ച റൺറേറ്റോടെ ജയിച്ച ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ 74 റൺസിനു ജയിച്ചു. സെമിഫൈനലിൽ പാക്കിസ്ഥാനെ വീഴ്ത്തിയത് 10 വിക്കറ്റിന്. ഇന്നു ബംഗ്ലദേശിനെ വീഴ്ത്തിയാൽ കൗമാര ക്രിക്കറ്റിൽ അഞ്ചാം ലോകകിരീടം ഇന്ത്യയുടെ ഷോക്കേസിലെത്തും. തുടർച്ചയായ രണ്ടാം കിരീടധാരണം.

യുവ്‌രാജ് സിങ് മുതൽ വിരാട് കോലി വരെ കൗമാര ലോകകപ്പിൽ മിന്നിത്തിളങ്ങിയവരിൽ പലരും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലെ സൂപ്പർ താരങ്ങളായി മാറിയ ചരിത്രം തുടരും എന്ന് ഈ കുട്ടിത്താരങ്ങളുടെ പ്രകടനവും ഉറപ്പു നൽകുന്നു. അഞ്ചു മത്സരങ്ങളിലായി 312 റൺസെടുത്ത യശ്വസി ജയ്സ്വാളാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ മുന്നണിപ്പോരാളി. നാലു മത്സരങ്ങളിൽ അർധ സെഞ്ചുറി കടന്ന യശ്വസി പാക്കിസ്ഥാനെതിരെ സെഞ്ചുറിയും നേടി. ശരാശരി 156! 

ക്യാപ്റ്റൻ പ്രിയം ഗാർഗ്, ദിവ്യാൻശ് സക്സേന എന്നിവരും ഇന്ത്യൻ ബാറ്റിങ്ങിന് ഉറപ്പു കൂട്ടുന്നു. ടൂർണമെന്റിലിതു വരെ ഇന്ത്യൻ ബോളർമാർക്കു നേരെ ഒന്നു ‘ബാറ്റോങ്ങാൻ’ പോലും എതിരാളികൾക്കു കഴിഞ്ഞിട്ടില്ല. പേസർമാരായ സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, ആകാശ് സിങ്, ലെഗ് സ്പിന്നർ രവി ബിഷ്ണോയി എന്നിവർ നേതൃത്വം നൽകുന്ന ബോളിങ് നിര ഒരു മത്സരത്തിൽ മാത്രമാണ് ആകെ 200 റൺസിനപ്പുറം വഴങ്ങിയത്.

ബംഗ്ലദേശിന്റെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലാണിത്. ഇന്ത്യൻ താരം യശ്വസിയെപ്പോലെ സെമിഫൈനലിൽ സെഞ്ചുറി നേടിയ മഹ്മദുൽ ഹസൻ ജോയിൽ അവർക്കേറെ പ്രതീക്ഷ. തൗഹിദ് ഹൃദോയ്, ഷഹാദത് ഹുസൈൻ എന്നിവർ കൂടുമ്പോൾ ബാറ്റിങ് നിരയ്ക്ക് കരുത്തേറെ. ഒരു ഹാട്രിക് അടക്കം 11 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ റാകിബുൽ ഹസനാണ് ബോളിങ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com