ADVERTISEMENT

ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതുചരിത്രമെഴുതി ലോക കിരീടവും ഏറ്റുവാങ്ങിയെത്തുന്ന അക്ബർ അലിയെ ക്രിക്കറ്റ് ചരിത്രത്തിലെ ഏതു നായകനൊപ്പമാകും ബംഗ്ലദേശ് ചേർത്തുനിർത്തുക ? ഇതേ ദക്ഷിണാഫ്രിക്കയിൽ ട്വന്റി20 ലോക കിരീടവുമായി ചരിത്രത്തിലേക്കു നടന്നുകയറിയ ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയുമായിത്തന്നെ, സംശയമില്ല!

ആരും സാധ്യത കൽപിക്കാത്തൊരു സംഘവുമായാണ് ധോണി അന്ന് ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു വിസ്മയം സൃഷ്ടിച്ചത്. ഇന്നിതാ ബംഗ്ലദേശ് ക്രിക്കറ്റിലും അതേ വിസ്മയം ആവർത്തിച്ചിരിക്കുന്നു. വിക്കറ്റിനു പിന്നിൽനിന്നും മുന്നിൽനിന്നും വിജയമൊരുക്കി അക്ബർ അലി. 

പാക്കിസ്ഥാനും സിംബാ‌ബ്‌വെയും സ്കോട്‌ലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്നുള്ള മുന്നേറ്റം പോലും ബുദ്ധിമുട്ടാണെന്ന് ആരാധകർ കരുതിയപ്പോൾ, അക്ബർ അലി സംസാരിച്ചത് കിരീടനേട്ടത്തെക്കുറിച്ചായിരുന്നു. ടൂർണമെന്റ് ജയിക്കുമെന്ന ക്യാപ്റ്റന്റെ വാക്ക്, വെറും വാക്കല്ലെന്നു തെളിയിക്കുന്നതായി ടീമിന്റെ പോരാട്ടവീര്യം. ഒരു മത്സരവും തോൽക്കാതെയാണ് അക്ബറിന്റെ ടീം കപ്പടിച്ചത്.

വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ തല ഉയർത്തിനിന്ന നായകൻ ‘ ടീം മാൻ’ എന്ന വിശേഷണവും നേടിക്കഴിഞ്ഞു. സ്വയം തിരഞ്ഞെടുത്തതാണ് ബാറ്റിങ് നിരയിലെ 6–ാം സ്ഥാനം അഥവാ ഫിനിഷിങ് ദൗത്യം. ക്യാപ്റ്റൻസി ഒരു ഭാരമല്ല, ആസ്വദിക്കുന്നുവെന്നാണ് അലിയുടെ നിലപാട്. വിക്കറ്റിനു പിന്നിൽ നിന്നുള്ള നിരീക്ഷണം ക്യാപ്റ്റൻസിക്കു മുതൽക്കൂട്ടാണെന്നും അക്ബർ അലി പറയുന്നു.

ബംഗ്ലദേശിന്റെ എംഎസ്ഡിയെന്ന്  അക്ബർ അലിയെ വിശേഷിപ്പിച്ചാലും തെറ്റില്ല. മികച്ച ടോട്ടലുകൾ ഉയർത്തി ശീലിച്ച ഇന്ത്യയെ ടോസ് നേടി ബാറ്റിങ്ങിന് അയച്ചതിൽ തുടങ്ങുന്നു ക്യാപ്റ്റന്റെ ഗെയിം പ്ലാൻ. തുടക്കത്തിൽ പിച്ചിൽനിന്നു ലഭിക്കുന്ന ആനുകൂല്യവും ചേസ് ചെയ്യാനുള്ള സ്വന്തം ടീമിന്റെ മിടുക്കും തിരിച്ചറിഞ്ഞായിരുന്നു ഫൈനലിലെ ഈ സാഹസം. തുടക്കത്തിലെ തിരിച്ചടി അതിജീവിച്ച് യശസ്വി ജയ്സ്വാൾ ഇന്ത്യയെ മികച്ച സ്കോറിലേക്കു നയിക്കുമെന്നു തോന്നിച്ചിടത്താണു ടീമിന്റെ തുറുപ്പുചീട്ടായ ഷൊരിഫുൽ ഇസ്‌ലാമിനെ അക്ബർ പന്തേൽപിച്ചത്. അവിടെ  ഇന്ത്യയുടെ തകർ‍ച്ച തുടങ്ങി. 

ഒടുവിൽ, ചെറിയ ലക്ഷ്യത്തിനു മുന്നിൽ ടീം പതറുമെന്ന ഘട്ടത്തിൽ ഫിനിഷർ റോളിൽ ബാറ്റിങ് ക്രീസിൽ. സമ്മർദവും സാഹസവും തെല്ലും കാണിക്കാതെ എതിരാളികളുടെ സ്ട്രൈക്ക് ബോളർമാരായ കാർത്തിക് ത്യാഗിയെയും രവി ബിഷ്ണോയിയെയും കരുതലോടെ കളിച്ചു തീർത്ത ‘മിസ്റ്റർ‍ കൂൾ’ ക്യാപ്റ്റന്റെ മിടുക്കിലാണു ബംഗ്ലദേശിന്റെ വിജയം വന്നത്. 

English Summary: Akbar Ali, The Captain of Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com