sections
MORE

അണ്ടർ 19 ലോകകപ്പ് ബംഗ്ലദേശിനായിരിക്കാം; ഇന്ത്യയ്ക്കുണ്ട്, ലോകതാരങ്ങൾ!

garg-and-dravid
പ്രിയം ഗാർഗ് ദ്രാവിഡിനൊപ്പം (ഫയൽ ചിത്രം)
SHARE

ഐപിഎല്ലിൽനിന്നു പിൻമാറിയ ഇംഗ്ലണ്ട് സൂപ്പർ ബോളർ ജോഫ്ര ആർച്ചർക്കു പകരക്കാരനെ തേടുന്നില്ലേയെന്ന അന്വേഷണത്തിനൊരു മറുചോദ്യമായിരുന്നു രാജസ്ഥാൻ റോയൽസ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡിന്റെ മറുപടി– ‘അത്ര തിടുക്കം വേണോ? ഇനിയൊരു ബോളർ തന്നെ വേണമെന്നും ഇല്ലല്ലോ? ദക്ഷിണാഫ്രിക്കയിൽ ആവേശത്തോടെ പന്തെറിയുന്ന രണ്ടു പേസർമാർ എന്റെ സാധ്യതകൾ വിശാലമാക്കിക്കളഞ്ഞു.’ അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കാർത്തിക് ത്യാഗിയും ആകാശ് സിങ്ങുമാണ് മക്ഡൊണാൾഡിന്റെ പദ്ധതിയിലേക്ക് ഇരമ്പിക്കയറിയ ആ താരങ്ങൾ. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും കളിക്കുന്ന ഓസ്ട്രേലിയൻ സംഘത്തിന്റെ പരിശീലകൻ കൂടിയായ മക്ഡൊണാൾഡ് ഇങ്ങനെ കണക്കുകൂട്ടണമെങ്കിൽ ഊഹിക്കാനാകുന്നില്ലേ ഇന്ത്യൻ കൗമാരപ്പടയുടെ റേഞ്ച്?

കിരീടം ബംഗ്ലദേശിനായിരിക്കാം. പക്ഷേ, ഒരു ജയം മാത്രമകലെ ജേതാക്കളെന്ന പട്ടം കൈവെടിഞ്ഞ ടീം ഇന്ത്യയുടെ താരങ്ങൾക്ക് ഇനി ഉയരം തേടി പറന്നു തുടങ്ങാം. സാങ്കേതികത്തികവും മികവും ചേർത്തു ബാറ്റ് ചെയ്ത യശസ്വി ജയ്സ്വാൾ, വിരലുകളിൽ വിസ്മയമുണ്ടെന്നു തെളിയിച്ച രവി ബിഷ്ണോയി, വേഗവും കൃത്യതയും കൈമുതലെന്നു വിളിച്ചോതിയ കാർത്തിക് ത്യാഗി, ഓൾറൗണ്ടർ റോളിൽ വരവറിയിച്ച സിദ്ധേഷ് വീർ എന്നിങ്ങനെ നീളുന്ന താരങ്ങൾ സീനിയർ ടീമിന്റെ കയ്യകലത്തുണ്ട്. കോച്ച് പരസ് മാംബ്രെയ്ക്കൊപ്പം ഈ നേട്ടത്തിന്റെ ക്രെഡിറ്റ് അർഹിക്കുന്നൊരാളുണ്ട് – രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനമൊഴിഞ്ഞു ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്താണ് ഇപ്പോൾ ദ്രാവിഡെങ്കിലും ഈ ടീമിന്റെ തിരഞ്ഞെടുപ്പിലും മുൻ ഇന്ത്യൻ നായകന്റെ നിർണായക പങ്കുണ്ട്.

ജൂനിയർ തലത്തിലെ പ്രതിഭകളെത്തേടുന്ന സ്കൗട്ടിങ് മുതൽ ഡ്രസിങ് റൂമിലെ മെന്ററിങ്ങിൽ വരെ ദ്രാവിഡിനെ കാണാം. ലോകകപ്പിലെ പാക്കിസ്ഥാനെതിരായ സെമി പോരാട്ടത്തിനു മുൻപായി പ്രിയം ഗാർഗിന്റെയും സംഘത്തിന്റെയും സമ്മർദമൊഴിവാക്കാൻ കോച്ച് മാംബ്രെ നൽകിയത് ഒരു വിഡിയോ ആയിരുന്നു; കളിക്കാർക്കു പ്രചോദനവുമായി ആ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത് ദ്രാവിഡും.

പരിമിതികൾ തിരിച്ചറിയുകയും കഠിനാധ്വാനം ചെയ്യാൻ തയാറാകുകയും ചെയ്തതാണു ദ്രാവിഡ് എന്ന ബാറ്റ്സ്മാന്റെ കരിയറിൽ നിർണായകമായത്. കോച്ച് എന്ന നിലയിൽ ദ്രാവിഡിന്റെ വിജയവും അതുതന്നെ. ലോകകപ്പിലെ നായകൻ പ്രിയം ഗാർഗിനു മുന്നിൽ തന്നെയുണ്ട് ആ കരുതലിന്റെ കഥ. രണ്ടു വർഷം മുൻപു കർണാടകയിൽ നടന്നൊരു മത്സരത്തിൽ കുറിച്ച സെഞ്ചുറിയാണു ഗാർഗിന്റെ കരിയർ തിരിച്ചുവിട്ടത്. പതിനേഴാം വയസിന്റെ പക്വതയ്ക്കുമപ്പുറമുള്ള ആ ഇന്നിങ്സിനു സാക്ഷിയാകാൻ അപ്രതീക്ഷിതമായി ദ്രാവിഡ് എത്തി. അതോടെ ഗാർഗ് ദ്രാവിഡിന്റെ ‘റഡാറിൽ’ കുരുങ്ങുകയും ചെയ്തു.

English Summary: Under 19 Cricket World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA