sections
MORE

രഞ്ജിയിലെ തിരിച്ചടിയിൽ ‘വേദനിച്ച്’ വാട്മോർ കേരളം വിടുന്നു; ഇനി പുതിയ കോച്ച്

Dav Whatmore
ഡേവ് വാട്മോറും സഞ്ജു സാംസണും (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ ആഭ്യന്തരസീസണിൽ കേരള ക്രിക്കറ്റ് ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനം നടത്തിയതിനു പിന്നാലെ വിഖ്യാത കോച്ച് ഡേവ് വാട്മോർ പടിയിറങ്ങുന്നു. വാട്മോറിന്റെ കരാർ കാലാവധി അവസാനിച്ചെന്നും കരാർ പുതുക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു. പുതിയ പരിശീലകനെ നിയമിക്കാനുള്ള ചർച്ചകൾ ഉടൻ തുടങ്ങും.

കേരള ക്രിക്കറ്റ് ടീമിനെ ജയിക്കാൻ പഠിപ്പിക്കുകയും ചരിത്രനേട്ടങ്ങളിലെത്തിക്കുകയും ചെയ്ത ശേഷമാണ് ഓസ്ട്രേലിയക്കാരൻ വാട്മോർ മടങ്ങുന്നത്. 1996ൽ ശ്രീലങ്കയെ ലോകകപ്പ് ജേതാക്കളാക്കിയ അദ്ദേഹം പിന്നീട് ബംഗ്ലദേശ്, പാക്കിസ്ഥാൻ, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ–19 ലോകകപ്പ് നേടിയപ്പോൾ വാട്മോറായിരുന്നു കോച്ച്.

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോർ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി. വമ്പൻമാരെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ കുതിപ്പ്. ടീമിനെ മുന്നിൽ നിന്നു നയിക്കുന്നതിനു പകരം കളിക്കാരുടെ ഒപ്പം നടന്ന്, അവരിലൊരാളായാണ് അദ്ദേഹം കേരളത്തെ വിജയവഴിയിലെത്തിച്ചത്.

പക്ഷേ, ഇത്തവണ വാട്മോറിന്റെയും കേരളത്തിന്റെയും കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. സഞ്ജു സാംസണും സന്ദീപ് വാരിയരും ഇന്ത്യൻ ടീമുകളിലേക്കു പോയതും ജലജ് സക്സേന ഉൾപ്പെടെയുള്ളവർ ഫോമിലെത്താതിരുന്നതും കളിക്കാരുടെ കൂട്ടത്തോടെയുള്ള പരുക്കുമെല്ലാം തിരിച്ചടിയായി. എട്ടു കളികളിൽ ഒരു ജയവും രണ്ടു സമനിലയും 5 തോൽവികളുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ നിന്ന് സിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇതോടെയാണ് പരിശീലകനായി തുടരേണ്ടതില്ലെന്ന് വാട്മോർ തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം കെസിഎ അധികൃതരെ അറിയിച്ചു.

നാളെ ചേരുന്ന കെസിഎ ഭാരവാഹികളുടെ യോഗം പുതിയ പരിശീലകനെ നിയമിക്കാൻ പ്രാഥമികചർച്ചകൾ നടത്തും. ജൂനിയർ ടീമുകളുടെ പരിശീലകരെ ഉടൻ തീരുമാനിക്കും. പുതിയ താരങ്ങളെ കണ്ടെത്താനായി സോണൽ ടീമുകൾക്ക് മെന്റർമാരെയും ഉടൻ നിയമിക്കും.

വരുന്നു, ചലഞ്ചർ ടൂർണമെന്റ്

തിരുവനന്തപുരം∙ കളിക്കാർക്ക് വേണ്ടത്ര മൽസരപരിചയം ലഭിക്കാതിരുന്നതാണ് ഇത്തവണ രഞ്ജി ട്രോഫിയിലെ തിരിച്ചടിക്കു കാരണമെന്ന വിലയിരുത്തലിൽ കെസിഎ സംസ്ഥാനതല ടീമുകളെ ഉൾപ്പെടുത്തി ചലഞ്ചർ ട്രോഫി മാതൃകയിൽ ടൂർണമെന്റ് സംഘടിപ്പിക്കും. അണ്ടർ 19, അണ്ടർ 23, സീനിയർ ഉൾപ്പെടെയുള്ള ടീമംഗങ്ങളെ ഇടകലർത്തി 6 ടീമുകളാക്കിയ ശേഷമായിരിക്കും ടൂർണമെന്റ് എന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി.നായർ പറഞ്ഞു. ഇതിൽ മികച്ച പ്രകടനം നടത്തുന്നവർക്കായിരിക്കും അടുത്ത സീസണിൽ സംസ്ഥാന ടീമുകളിൽ അവസരം ലഭിക്കുക. വർഷം മുഴുവൻ കളിക്കാർക്ക് പരിശീലനം നിർബന്ധമാക്കും. സീസൺ കഴിഞ്ഞാൽ അടുത്ത സീസൺ വരെ വിശ്രമിക്കുന്ന രീതി മാറും.

English Summary: Dav whatmore to leave kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA