ADVERTISEMENT

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക)∙ അണ്ടർ 19 ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും താരങ്ങൾ തമ്മിൽ കളത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). സംഭവത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തി. ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്ണോയി എന്നിവരാണ് ഇന്ത്യൻ നിരയിൽനിന്ന് ശിക്ഷിക്കപ്പെട്ടവർ. ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയ്, ഷമിം ഹുസൈൻ, റാക്കിബുൽ ഹസൻ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്. ഇവർക്ക് നാലു മുതൽ 10 വരെ മത്സരങ്ങളിൽനിന്ന് വിലക്കു ലഭിക്കും.

ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിലാണ് ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 177 റൺസിന് എല്ലാവരും പുറത്തായപ്പോൾ, മഴനിയമപ്രകാരം പുനർനിശ്ചയിച്ച വിജയലക്ഷ്യമായ 170 റണ്‍സ് മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ബംഗ്ലദേശ് മറികടന്നു. വിജയറൺ കുറിച്ചതിനു പിന്നാലെ ആവേശത്തോടെ മൈതാനത്തേക്ക് കുതിച്ചെത്തിയ ബംഗ്ലദേശ് താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ മൈതാനത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.

മത്സരത്തിനിടെ കളത്തിൽ നടന്ന ചൂടേറിയ വാക്പോരാട്ടത്തിന്റെ തുടർച്ചയായാണ് മത്സരശേഷം മൈതാനത്ത് ഇരുടീമുകളുടെയും താരങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായത്. പരിശീലക സംഘത്തിലെ മുതിർന്നവർ ഇടപെട്ടാണ് ഇരുടീമുകളിലെയും താരങ്ങളെ നിയന്ത്രിച്ചത്. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘർഷത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ വിശദമായ പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

മാച്ച് റഫറി ചുമത്തിയ കുറ്റം അഞ്ചു താരങ്ങളും അംഗീകരിച്ചതായി ഐസിസി അറിയിച്ചു. മത്സരശേഷം ബംഗ്ലദേശ് താരങ്ങളുടെ പെരുമാറ്റത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തന്റെ ടീമിനു സംഭവിച്ച പിഴവിൽ ബംഗ്ലദേശ് നായകൻ അക്ബർ അലി ക്ഷമചോദിക്കുകയും ചെയ്തു.

ഇന്ത്യൻ താരം ആകാശ് സിങ്ങിന് എട്ട് സസ്പെൻഷൻ പോയിന്റാണ് ഐസിസി ചുമത്തിയത്. ഇത് ആറ് ഡീമെറിറ്റ് പോയിന്റിന് തുല്യമാണ്. ആകാശ് സിങ്ങിന് ഇന്ത്യ എ, സീനിയർ ടീമുകൾക്കു വേണ്ടി കളിക്കുന്ന എട്ട് മത്സരങ്ങൾ നഷ്ടമാകും. മത്സരത്തിനിടെ ബംഗ്ലദേശ് താരം അവിഷേക് ദാസിനെ പുറത്താക്കിയ ശേഷം ‘യാത്രയയപ്പ്’ നൽകിയ ഇന്ത്യൻ താരം രവി ബിഷ്ണോയിക്ക് അഞ്ച് മത്സരങ്ങൾ നഷ്ടമാകും. ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളിൽനിന്നാണ് വിലക്ക്. ഷമിം ഹുസൈന് എട്ടു മത്സരങ്ങളിൽനിന്നും റാക്കിബുൽ ഹസന് നാലു മത്സരങ്ങളിൽനിന്നും വിലക്കു ലഭിക്കും.

English Summary: Two Indians and three Bangla players sanctioned after U-19 World Cup final brawl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com