ADVERTISEMENT

മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ്) ∙ ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി സമ്മാനിച്ച് നാണംകെടുത്തിയ ഇന്ത്യയെ ഏകദിന പരമ്പരയിൽ സമാനമായ രീതിയിൽ തകർത്ത് ന്യൂസീലൻഡിന്റെ സുന്ദര പ്രതികാരം. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയെ തകർത്തുവിട്ട ന്യൂസീലൻഡ് 3–0ന് പരമ്പര തൂത്തുവാരി. മൗണ്ട് മാംഗനൂയിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ഇവിടെ ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം 17 പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ കിവീസ് മറികടന്നു. മധ്യ ഓവറുകളിൽ തുടർച്ചയായ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലേക്കു തിരിച്ചുവന്ന ഇന്ത്യയ്ക്ക്, കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ അതിവേഗ അർധസെഞ്ചുറിയാണ് വിനയായത്. വെറും 21 പന്തിൽനിന്ന് അഞ്ചു ഫോറും മൂന്നു സിക്സും സഹിതമാണ് ഗ്രാൻഡ്ഹോം അർധസെഞ്ചുറി നേടിയത്.

അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിൽ (46 പന്തിൽ 66), ഹെൻറി നിക്കോൾസ് (103 പന്തിൽ 80) എന്നിവരുടെ പ്രകടനവും കിവീസ് ഇന്നിങ്സിൽ നിർണായകമായി. ഓപ്പണിങ് വിക്കറ്റിൽ ഹെൻറി നിക്കോൾസ് – മാർട്ടിൻ ഗപ്ടിൽ സഖ്യം സെ‍ഞ്ചുറി കൂട്ടുകെട്ടും (106), രണ്ടാം വിക്കറ്റിൽ നിക്കോൾസ് – വില്യംസ് സഖ്യം അർധസെ‍ഞ്ചുറി (56) കൂട്ടുകെട്ടും തീർത്തു. നിക്കോള്‍സാണ് കളിയിലെ കേമൻ. റോസ് ടെയ്‍ലർ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡ് പിന്തുടർന്നു ജയിക്കുന്ന ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്. ഇതേ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാമിൽട്ടനിൽ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്നതാണ് ഒന്നാമതുള്ളത്.

ഏതാണ്ട് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഏകദിനത്തിൽ ഇന്ത്യ മൂന്നോ അതിലധികമോ മത്സരങ്ങളുള്ള പരമ്പരയിൽ ‘വൈറ്റ് വാഷ്’ ചെയ്യപ്പെടുന്നത്. 1983–84 കാലഘട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ 5–0ന് തോറ്റതാണ് ഇന്ത്യയുടെ ആദ്യ വൈറ്റ് വാഷ്. പിന്നീട് ഇതേ എതിരാളികൾക്കെതിരെ 1988–89 കാലഘട്ടത്തിലും 5–0ന് പരമ്പര കൈവിട്ടു. 2006–07 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4–0ന് ഇന്ത്യ തോറ്റിരുന്നു. അന്ന് ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ അത് വൈറ്റ് വാഷായി കണക്കാക്കില്ല.

72 പന്തിൽ അഞ്ചു ഫോറുകൾ സഹിതമാണ് നിക്കോൾസ് ഏകദിനത്തിലെ 11–ാമത്തെയും ഈ പരമ്പരയിലെ രണ്ടാമത്തെയും അർധസെഞ്ചുറി കുറിച്ചത്. 29 പന്തിൽ അഞ്ചു ഫോറും നാലു സിക്സും സഹിതമാണ് ഗപ്ടിൽ 37–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. രണ്ടാം മത്സരത്തിലാണ് ഇരുവരും ഈ പരമ്പരയിൽ 50 കടക്കുന്നത്. ഓപ്പണിങ് വിക്കറ്റിൽ ഗപ്ടിൽ – നിക്കോൾസ് സഖ്യം 50 കടക്കുന്നത് മൂന്നൂം തവണയും. അതേസമയം, പരമ്പരയിൽ ഇവരുടെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടു കൂടിയാണിത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (31 പന്തിൽ 22), റോസ് ടെയ്‍ലർ (18 പന്തിൽ 12), ജിമ്മി നീഷം (25 പന്തിൽ 19) എന്നിവരെ അടുത്തടുത്ത് പുറത്താക്കി ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവരുന്നുവെന്ന് തോന്നിച്ചെങ്കിലും പിരിയാത്ത ആറാം വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് ഗ്രാൻഡ്ഹോമും ടോം ലാഥവും ചേർന്ന് കിവീസിനെ അനായാസ ജയത്തിലെത്തിച്ചു. ഗ്രാൻഡ്ഹോം 28 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 58 റൺസോടെയും ലാഥം 34 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസോടെയും പുറത്താകാതെ നിന്നു.

∙ ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ പിറക്കുന്ന അതിവേഗ അർധസെഞ്ചുറികൾ

18 ഗ്ലെൻ മാക്സ്‌വെൽ, ബെംഗളൂരു, 2013
20 ഷാഹിദ് അഫ്രീദി, കാൻപുർ, 2005
21 ഡഗ്ലസ് മരിലിയർ, ഫരീദാബാദ്, 2002
21 കോളിൻ ഡി ഗ്രാൻഡ്ഹോം, മൗണ്ട് മാംഗനൂയി, 2020

∙ രാഹുലിന്റെ സെഞ്ചുറി വിഫലം

നേരത്തെ, തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച ലോകേഷ് രാഹുലിന്റെയും ഉറച്ച പിന്തുണയുമായി ക്രീസിൽനിന്ന ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരുടെയും ബാറ്റിങ് കരുത്തിലാണ് ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 297 റൺസ് വിജയലക്ഷ്യമുയർത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസ് നേടിയത്. ഏകദിനത്തിലെ നാലാം സെഞ്ചുറി കുറിച്ച രാഹുൽ 112 റൺസെടുത്ത് പുറത്തായി. പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധസെ‍ഞ്ചുറി കുറിച്ച അയ്യർ 62 റൺസെടുത്തും അർധസെ‍ഞ്ചുറി ചെറിയ വ്യത്യാസത്തിന് നഷ്ടമായ മനീഷ് പാണ്ഡെ 42 റൺസെടുത്തും പുറത്തായി. ആതിഥേയർക്കായി ഹാമിഷ് ബെന്നറ്റ് 10 ഓവറിൽ 64 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

113 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതമാണ് രാഹുൽ 112 റൺസെടുത്തത്. 62 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി മറ്റൊരു തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയ്ക്ക് നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പവും അഞ്ചാം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്കൊപ്പവും രാഹുൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടുകളാണ് കരുത്തായത്. നാലാം വിക്കറ്റിൽ രാഹുൽ – അയ്യർ സഖ്യം കൃത്യം 100 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ പാണ്ഡെ – രാഹുൽ സഖ്യം 107 റൺസും കൂട്ടിച്ചേർത്തു. അയ്യർ 63 പന്തിൽ ഒൻപതു ഫോറുകൾ സഹിതമാണ് പരമ്പരയിലെ മൂന്നാം 50+ സ്കോർ കുറിച്ചത്. പാണ്ഡെ 48 പന്തിൽ രണ്ടു ഫോറുകൾ സഹിതം 42 റൺസുമെടുത്തു. 42 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്ത പൃഥ്വി ഷായാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റൊരു താരം.

ഓപ്പണർ മായങ്ക് അഗർവാള്‍ (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ ഒൻപത്), ഷാർദുൽ ഠാക്കൂർ (ആറു പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്നി എന്നിവർ എട്ടു റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു. അതേസമയം, ആദ്യം ബാറ്റു െചയ്യുമ്പോൾ ഇന്ത്യയ്ക്കായി തിളങ്ങുന്ന പതിവ് രാഹുൽ ഒരിക്കൽക്കൂടി പുറത്തെടുത്തു. ഇന്ത്യ ആദ്യം ബാറ്റു ചെയ്ത അവസാനത്തെ അഞ്ച് ഇന്നിങ്സുകളിൽ രാഹുലിന്റെ സ്കോറുകൾ ഇങ്ങനെ: 102, 47, 80, 88*, 112. നേരത്തെ, 52 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് അയ്യർ എട്ടാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ 66 പന്തിൽ അഞ്ചു ഫോറുകൾ സഹിതം രാഹുലും അർധസെഞ്ചുറി കുറിച്ചു. 2015 ലോകകപ്പിൽ സുരേഷ് റെയ്ന ഓക്‌ലൻഡിൽ സിംബാബ്‌വെയ്ക്കെതിരെ സെഞ്ചുറി നേടിയ ശേഷം അഞ്ചോ അതിൽ താഴെയോ സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങി ന്യൂസീലൻഡിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് രാഹുൽ.

∙ പതറിയ തുടക്കം, പിന്നെ തിരിച്ചടി

പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന ഭീഷണിയുടെ വക്കിൽനിന്ന് ന്യൂസീലൻഡിനെ നേരിടുന്ന ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ മോഹിപ്പിച്ച പൃഥ്വി ഷാ – മായങ്ക് അഗർവാൾ സഖ്യം ഇക്കുറി രണ്ടക്കം കടക്കും മുൻപേ പിരിഞ്ഞു. സ്കോർബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒരിക്കൽക്കൂടി ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ മായങ്ക് അഗർവാൾ മൂന്നു പന്തു മാത്രം നേരിട്ട് ഒരു റണ്ണെടുത്ത് പുറത്തായി. കൈൽ ജാമിസന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് അഗർവാളിന്റെ മടക്കം.

ഇതോടെ, ഏറ്റവും ഒടുവിൽ കളിച്ച തുടർച്ചയായ ഒൻപതാം ലിസ്റ്റ് എ ഇന്നിങ്സിലാണ് അഗർവാൾ 50 കടക്കാതെ മടങ്ങുന്നത്. അഗർവാളിന്റെ കരിയറിലെ തന്നെ ആദ്യ സംഭവമാണിത്. ഒടുവിൽ കളിച്ച ഒൻപത് ലിസ്റ്റ് എ ഇന്നിങ്സുകളിൽ അഗർവാളിന്റെ പ്രകടനം ഇതാ: 28, 8, 32, 29, 37, 24, 32, 3 & 1. സ്കോർ ബോർഡിൽ 32 റൺസ് മാത്രമുള്ളപ്പോൾ വിരാട് കോലിയും പുറത്തായി. നിലയുറപ്പിച്ചശേഷം തകർത്തടിക്കുന്ന പതിവു രീതിക്കു പകരം വന്നപാടെ സിക്സടിച്ചു തുടങ്ങിയ കോലിയെ ഹാമിഷ് ബെന്നറ്റ് പുറത്താക്കി. കൈൽ ജാമിസൻ ക്യാച്ചെടുത്തു. പരമ്പരയിൽ സമ്പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യൻ നായകന് 12 പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മടക്കം.

മൂന്നാം വിക്കറ്റിൽ അയ്യരും ഷായും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുമ്പോഴായിരുന്നു ഇല്ലാത്ത റണ്ണിനോടി പൃഥ്വി ഷായുടെ സാഹസം. ഹാമിഷ് ബെന്നറ്റ് എറിഞ്ഞ 13–ാം ഓവറിന്റെ ആദ്യ പന്ത് ഫൈൻ ലെഗ്ഗിലേക്കു തട്ടിയിട്ട് രണ്ടു റൺസ് ഓടിയെടുക്കാനുള്ള ശ്രമമാണ് ഷായ്ക്ക് വിനയായത്. കോളിൻ ഗ്രാൻഡ്ഹോമിന്റെ ത്രോ പിടിച്ചെടുത്ത് ടോം ലാഥം വിക്കറ്റ് തെറിപ്പിക്കുമ്പോൾ ക്രീസിനു പുറത്തായിരുന്നു ഷാ. 42 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്ത് ഷാ റണ്ണൗട്ട്. എന്നാൽ, നാലാം വിക്കറ്റിൽ ഒരുമിച്ച ശ്രേയസ് അയ്യർ – ലോകേഷ് രാഹുൽ സഖ്യം പതുക്കെ ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റി. നിലയുറപ്പിച്ച കളിച്ച ഇരുവരും 59 പന്തിൽനിന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഇതിനിടെ 52 പന്തിൽനിന്ന് അയ്യർ പരമ്പരയിലെ മൂന്നാമത്തെ അർധസെഞ്ചുറി കുറിച്ചു. 109 പന്തിൽനിന്ന് ഇവരുടെ സഖ്യം സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ അയ്യർ മടങ്ങി. 63 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 62 റൺസെടുത്ത അയ്യരെ ജിമ്മി നീഷം പുറത്താക്കി.

പിന്നാലെ അഞ്ചാം വിക്കറ്റിൽ ഇന്ത്യ വീണ്ടും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു തീർത്തു. ഇക്കുറി ലോകേഷ് രാഹുലിനൊപ്പം മനീഷ് പാണ്ഡെയാണ് സെഞ്ചുറി കൂട്ടുകെട്ടിന് തുണനിന്നത്. 49 പന്തിൽ നിന്ന് 50 കടന്ന ഇവരുടെ സഖ്യം, 94 പന്തിൽനിന്ന് സെഞ്ചുറി കൂട്ടുകെട്ടു തീർത്തു. എന്നാൽ, ഹാമിഷ് ബെന്നറ്റ് എറിഞ്ഞ 47–ാം ഓവറിൽ ഇരുവരും തുടർച്ചയായ പന്തുകളിൽ പുറത്തായെങ്കിലും വാലറ്റക്കാർ ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. രാഹുൽ 113 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 112 റൺസെടുത്ത് കോളിൻ ഗ്രാൻഡ്ഹോമിന് ക്യാച്ച് സമ്മാനിച്ചപ്പോൾ, 48 പന്തിൽ രണ്ടു ഫോറുകൾ സഹിതം 42 റൺസെടുത്ത പാണ്ഡെയെ മിച്ചൽ സാന്റ്നർ പിടികൂടി. ഷാർദുൽ ഠാക്കൂർ ഫോറടിച്ച് തുടങ്ങിയെങ്കിലും ബെന്നറ്റിന്റെ അടുത്ത വരവിൽ ഗ്രാൻഡ്ഹോമിന് രണ്ടാം ക്യാച്ച് സമ്മാനിച്ച് മടങ്ങി.

English Summary: New Zealand vs India, 3rd ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com