sections
MORE

എന്നെ ധോണിയുമായി താരതമ്യം ചെയ്യരുതേ...; ബംഗ്ലദേശ് നായകൻ അക്ബർ അലി

Akbar Ali
മഹേന്ദ്രസിങ് ധോണി, അക്ബർ അലി
SHARE

ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത് രാജ്യത്തിന് സന്തോഷം നൽകിയപ്പോഴും ബംഗ്ലദേശ് അണ്ടർ–19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അക്ബർ അലിക്ക് ഉള്ളിൽ നീറുന്നൊരു വേദനയുണ്ടായിരുന്നു. പതിനെട്ടുകാരനായ അക്ബറിന്റെ മൂത്ത സഹോദരി ഖദീജ ഖാത്തൂൻ മരിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല. ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിക്കഴിഞ്ഞാണ് ജനുവരി 22ന് ഖദീജ മരണമടഞ്ഞത്. 24ന് പാക്കിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു പിറ്റേന്ന് സഹോദരൻ പറഞ്ഞാണ് അക്ബർ മരണവിവരം അറിഞ്ഞത്.

സങ്കടം ഉള്ളിലൊതുക്കിയ അക്ബർ പിന്നീട് ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെമി ഫൈനലിൽ ന്യൂസീലൻഡിനെതിരെയും ടീമിനെ വിജയത്തിലേക്കു നയിച്ചു. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 43 റൺസെടുത്ത് മാൻ ഓഫ് ദ് മാച്ച് ആവുകയും ചെയ്തു. ചരിത്രനേട്ടത്തെ അഭിനന്ദിച്ച് ലോകമെമ്പാടുനിന്നും അക്ബറിന്റെ ഫോണിലേക്കു സന്ദേശങ്ങളെത്തുന്നു. അവയ്ക്കെല്ലാം മറുപടി പറയുന്ന തിരക്കിനിടയിലാണ് അക്ബർ അലി ‘മനോരമ’യോടു സംസാരിച്ചത്.

∙ ലോകകപ്പ് ട്രോഫി കയ്യിൽ കിട്ടിയപ്പോൾ എന്ത് തോന്നി ?

സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. എനിക്കു വാക്കുകൾ കിട്ടുന്നില്ല. ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ജീവിതം മാറിമറിഞ്ഞു.

∙ മത്സരം കൂളായി ഫിനിഷ് ചെയ്ത അക്ബറിനെ മഹേന്ദ്ര സിങ് ധോണിയുമായാണല്ലോ പലരും താരതമ്യം ചെയ്യുന്നത് ?

അയ്യോ. ധോണി ഒരു ഇതിഹാസമാണ്. ഞാൻ ആരാധനയോടെ കാണുന്ന ആൾ. അങ്ങനെ താരതമ്യം ചെയ്യുന്നത് തെറ്റാണ്.

∙ മത്സരത്തിനിടെ നടന്ന ചീത്തിവിളികളും കളിക്കു ശേഷം നടന്ന കശപിശയും തെറ്റായിപ്പോയില്ലേ ?

കൗമാരക്കാരുടെ ചോരത്തിളപ്പിന്റെ പ്രശ്നമാണ്. രണ്ടു ടീമുകളും കുഴപ്പം ഉണ്ടാക്കിയെന്നാണ് ഞാൻ പറയുക. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ അതു സംഭവിക്കാൻ പാടില്ലായിരുന്നു.

∙ ഫൈനലിൽ വിജയത്തിലേക്കു ബാറ്റ് ചെയ്യുമ്പോൾ എന്തായിരുന്നു മനസ്സിൽ?

കാർത്തിക് ത്യാഗി, രവി ബിഷ്‌ണോയി എന്നിവരുടെ പന്തുകൾ തട്ടിയും മുട്ടിയും നിൽക്കുക. ആ പ്ലാൻ വിജയിച്ചു. ഈ ടൂർണമെന്റിൽ ഏറ്റവും നന്നായി കളിച്ച ടീമാണ് ഇന്ത്യ. പക്ഷേ, ഫൈനൽ ഞങ്ങളുടേതായി. സന്തോഷം.

English Summary: Don't compare me with dhoni: Bangladesh Under 19 Team Captain Akbar Ali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA