ADVERTISEMENT

മൗണ്ട് മാംഗനൂയി∙ ടൂർണമെന്റിലെ ഇന്ത്യൻ പേസ് ബോളർമാരിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ; സ്പിന്നർമാരെ കൂടി ചേർത്താലും രണ്ടാം സ്ഥാനത്ത്. എന്നിട്ടും മൂന്നു പതിറ്റാണ്ടിനിടെ ഏകദിനത്തിൽ ഇന്ത്യ നേരിടുന്ന ‘വൈറ്റ് വാഷി’നു പിന്നിലെ വില്ലൻ ലേബലും! ന്യൂസീലൻഡിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ ആരാധകരൊന്നാകെ വില്ലൻ സ്ഥാനത്തു നിർത്തുന്ന ഷാർദുൽ ഠാക്കൂറെന്ന മുംബൈ താരത്തിന്റെ ദുര്യോഗമാണിത്. മൂന്നു മത്സരങ്ങളിൽനിന്ന് നാല് ഇന്ത്യൻ പേസ് ബോളർമാർ ചേർന്ന് ആകെ നേടിയത് അഞ്ചു വിക്കറ്റാണ്. അതിൽ നാലും പോക്കറ്റിലാക്കിയത് ഠാക്കൂറും. എന്നിട്ടും അന്തിമവിശകലത്തിൽ ഇന്ത്യൻ തോൽവിയുടെ കാരണക്കാരിൽ ഒന്നാമനായി ഠാക്കൂറിനെ പ്രതിഷ്ഠിക്കുന്നതിന്റെ കാരണമെന്തായിരിക്കും?

റൺസ് വഴങ്ങുന്നതിലെ ധാരാളിത്തം തന്നെയാണ് ഠാക്കൂറിനെ ആരാധകരുടെ കണ്ണിലെ കരടാക്കുന്നത്. ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശേഷം റൺസ് വഴങ്ങുന്ന കാര്യത്തിൽ ‘അസാമാന്യ മികവാ’ണ് ഠാക്കൂർ പ്രകടിപ്പിക്കുന്നത്. ടീമിലേക്കു തിരിച്ചെത്തിയ ശേഷമുള്ള ആറ് ഏകദിനങ്ങളിൽ ഒന്നിൽപ്പോലും ആറിനു താഴെ ഇക്കോണമി സൂക്ഷിച്ച് ബോൾ ചെയ്യാൻ ഠാക്കൂറിന് സാധിച്ചിട്ടില്ല. ഈ ആറ് ഏകദിനങ്ങളിലായി ബോൾ ചെയ്ത 51 ഓവറുകളിൽ 7.58 റൺനിരക്കിലാണ് ഠാക്കൂർ ബോൾ ചെയ്തത്. അതിന്റെ ഓവർ തിരിച്ചുള്ള കണക്ക് ഇതാ:

6.88 (8)

6.60 (10)

8.60 (5)

8.89 (9)

6.00 (10)

9.22 (9.1)

ബാറ്റിങ്ങിലെ മികവുകൂടി പരിഗണിച്ചാണ് ഷാർദുൽ ഠാക്കൂറിനെ പലപ്പോഴും ടീമിൽ ഉൾപ്പെടുന്നതെന്നത് ക്യാപ്റ്റൻ കോലി തന്നെ സമ്മതിച്ച കാര്യമാണ്. പക്ഷേ, ബോളിങ്ങിൽ ഠാക്കൂർ ടീമിനു സമ്മാനിക്കുന്ന പരുക്ക് പലപ്പോഴും സാക്ഷാൽ വിരാട് കോലിക്കുപോലും നികത്താനാകുന്നതിന് അപ്പുറത്താണെന്നതാണ് സത്യം. പിന്നെങ്ങനെ ഠാക്കൂറിന്റെ കാമിയോകൊണ്ടു മാത്രം ഫലമുണ്ടാകും?

∙ കിവീസിന്റെ ‘മാച്ച് വിന്നർ’

ഹാമിൽട്ടനിലെ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിർത്തി ന്യൂസീലൻഡ് മറികടക്കുമ്പോൾ അവരുടെ ചേസിങ്ങിനെ ‘അനായാസമാക്കിയതിൽ’ ഠാക്കൂറിന്റെ പങ്ക് ചെറുതല്ലെന്ന് കണക്കുകൾ വെളിവാക്കുന്നു. ഇന്ത്യൻ ബോളർമാർ പൊതുവെ ‘തല്ലുകൊള്ളി’കളായി മാറിയ ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ‘തല്ലുവാങ്ങി’യത് ഠാക്കൂർ തന്നെ. ഒൻപത് ഓവറിൽ വഴങ്ങിയത് 80 റൺസ്! രണ്ടാമതുള്ള കുൽദീപ് 10 ഓവറിൽ 84 റൺസും വഴങ്ങി.

ഇനി ഓക്‌ലൻ‌‍ഡിലെ രണ്ടാം ഏകദിനത്തിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 273 റൺസ്. ഡെത്ത് ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്ര 10 ഓവറിൽ 64 റൺസ് വിട്ടുകൊടുത്ത് ഏറ്റവും വലിയ ‘തല്ലുകൊള്ളി’യായെങ്കിലും 10 ഓവറിൽ 60 റൺസ് വഴങ്ങിയ ഠാക്കൂർ ന്യൂസീലൻഡിനെ ‘നിരാശപ്പെടുത്തിയില്ല’. ഈ മത്സരത്തിൽ ഠാക്കൂറിന് രണ്ടു വിക്കറ്റ് ലഭിച്ചത് മറക്കുന്നില്ല.

മൗണ്ട് മാംഗനൂയിയിലെ മൂന്നാം ഏകദിനത്തിലാണ് ഠാക്കൂറിന്റെ ‘സഹായം’ ന്യൂസീലൻഡ് താരങ്ങൾക്ക് ഏറ്റവും കൂടുതൽ ലഭിച്ചത്. ഈ മത്സരത്തിൽ 9.1 ഓവർ ബോൾ ചെയ്ത ഠാക്കൂർ, ആകെ വഴങ്ങിയത് 86 റൺസ്! ഒരു വിക്കറ്റും നേടി. 10 ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ, 10 ഓവറിൽ 47 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത യുസ്‌വേന്ദ്ര ചെഹൽ, 10 ഓവറിൽ 50 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്ര തുടങ്ങിയവരുടെയൊക്കെ അധ്വാനങ്ങളെ നിഷ്ഫലമാക്കിയത് ഠാക്കൂർ തന്നെ.ട

അപ്രതീക്ഷിതമായി തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഈ മത്സരത്തിൽ ഇന്ത്യ തിരിച്ചുവരവിന്റെ ലക്ഷണം കാട്ടിയ സമയത്ത് നിർലോഭം റൺസ് വിട്ടുകൊടുത്താണ് ഠാക്കൂർ കിവീസിനെ സഹായിച്ചത്. 297 റൺണ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരുവേള 42 ഓവറിൽ അഞ്ചിന് 240 റൺസ് എന്ന നിലയിലായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ വിജയസാധ്യതകളുടെ തട്ടു താണുതുടങ്ങിയ സമയത്ത് കിവീസിനെ ‘സഹായിക്കാൻ’ ഠാക്കൂറെത്തി. 43–ാം ഓവറിൽ വിട്ടുകൊടുത്തത് 15 റൺസ്. ഠാക്കൂറിന്റെ 46–ാ ഓവറിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം ഗ്രാൻഡ്ഹോം അടിച്ചെടുത്തത് 20 റൺസാണ്. വെറും 21 പന്തിൽനിന്ന് അർധസെഞ്ചുറി കണ്ടെത്തിയ കോളിൻ ഡി ഗ്രാൻഡ്ഹോമിനെ ‘പ്രിയ ഇര’യും ഠാക്കൂറായിരുന്നു!

∙ പേസ് ബോളർമാർ അഥവാ ‘തോൽവികൾ’

പരമ്പരയിൽ ഇന്ത്യയുടെ സമ്പൂർണ തോൽവിക്കു കാരണക്കാർ ഠാക്കൂർ ഉൾപ്പെടുന്ന പേസ് ബോളിങ് നിരയാണെന്ന് കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. പരമ്പരയിലുടനീളം 85.2 ഓവർ ബോൾ ചെയ്ത ഇന്ത്യൻ പേസർമാർക്ക് ആകെ ലഭിച്ചത് അഞ്ചു വിക്കറ്റ് മാത്രം. ശരാശരി 114.60 ! മറുവശത്ത് ന്യൂസീലൻഡ് പേസർമാർ 41 ശരാശരിയിൽ 18 വിക്കറ്റുകളാണ് നേടിയതെന്നും ഓർക്കുക. മൂന്നു മത്സരങ്ങളിലായി ഇന്ത്യയ്ക്കായി ബോൾ ചെയ്തത് നാലു പേസ് ബോളർമാരാണ്. ഠാക്കൂറിനു പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി (ഒരു മത്സരം), നവ്ദീപ് സെയ്നി (രണ്ടു മത്സരം) എന്നിവർ. ഇതിൽ വിക്കറ്റ് വേട്ടയിൽ പേരു ചേർക്കാനായത് ഠാക്കൂറിനും (നാലു വിക്കറ്റ്) ഷമിക്കും (ഒരു വിക്കറ്റ്) മാത്രം.

ഏകദിനത്തിൽ ലോക ഒന്നാം നമ്പർ ബോളറായ ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായതെന്ന് നൂറുവട്ടം. രണ്ടാം ഏകദിനത്തിൽ ഒഴികെ റൺസ് വഴങ്ങുന്നതിൽ ബുമ്ര പിശുക്കു കാട്ടിയെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിലും സമാനമായ പിശുക്കു പ്രകടിപ്പിച്ചത് ടീമിനു തിരിച്ചടിയായി. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും കിവീസിന് ലഭിച്ച മികച്ച തുടക്കങ്ങളാണ് അവരുടെ വിജയത്തിന് അടിത്തറയായത്. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഓപ്പണിങ് വിക്കറ്റിൽ മാർട്ടിൻ ഗപ്ടിൽ – ഹെൻറി നിക്കോൾസ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുകളും (85, 93) മൂന്നാം ഏകദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടും (106) തീർത്തത് ഇന്ത്യൻ പേസർമാരുടെ കഴിവുകേടിന് സാക്ഷ്യമായി.

English Summary: Indian Fnas slam pace bowlers after ODI whitewash against New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com