ADVERTISEMENT

മെൽബൺ∙ സാങ്കേതിക വിദ്യയുടെ ഉപയോഗം ക്രിക്കറ്റ് കളത്തിലെ തെറ്റുകൾ കുറയ്ക്കാൻ നല്ലതാണെന്ന പക്ഷക്കാരനാണോ നിങ്ങൾ? ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം നായിക മെഗ് ലാന്നിങ്ങിന്റെ അനുഭവം പക്ഷേ, വ്യത്യസ്തമാണ്. ഉറപ്പായ റണ്ണൗട്ടിൽനിന്ന് ചിലപ്പോൾ നിങ്ങളെ രക്ഷിക്കാനും ഇതേ സാങ്കേതിക വിദ്യയ്ക്കു കഴിയും! ഇംഗ്ലണ്ട് കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോഴാണ് ഉറപ്പായ റണ്ണൗട്ടിൽനിന്ന് മാന്നിങ്ങിനെ ‘സാങ്കേതിക വിദ്യ’ രക്ഷിച്ചത്. മത്സരം 11 റൺസിന് ജയിച്ച ഓസീസ് കിരീടം ചൂടിയിരുന്നു.

ഇനി, എന്താണ് സംഭവമെന്നല്ലേ? ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റു ചെയ്യുമ്പോഴാണ് ഈ അസാധാരണ സംഭവം ഗ്രൗണ്ടിൽ അരങ്ങേറിയത്. ഓസീസ് ഇന്നിങ്സിലെ 14–ാം ഓവർ ബോൾ ചെയ്തത് അരുദ്ധതി റെഡ്‍ഡി. ക്രീസിൽ ഓസീസ് നായിക മെഗ് ലാന്നിങ്ങും നോൺ സ്ട്രൈക്കഴ്സ് എൻഡിൽ ഓപ്പണർ മൂണിയും. ഈ ഓവറിലെ രണ്ടാം പന്തു നേരിട്ട ലാന്നിങ് പന്ത് എക്സ്ട്രാ കവറിലേക്ക് തട്ടിയിട്ട ശേഷം സിംഗിളിനായി ഓടിയിറങ്ങി. പന്തു കൈക്കലാക്കിയ ശിഖ പാണ്ഡെ അതുനേരെ സ്റ്റംപിലേക്ക് എറിഞ്ഞു.

ഒരു ഡയറക്ട് ഹിറ്റിന്റെ സാധ്യതകളുമായി സ്റ്റംപിലേക്കു നീങ്ങിയ പന്ത് നിലത്തു പിച്ച് ചെയ്തതും ദിശമാറി. എന്താണ് കാരണമെന്നല്ലേ? സ്റ്റംപ് മൈക്കിന്റെ കേബിൾ കുഴിച്ചിട്ട സ്ഥലത്താണ് പന്ത് കൃത്യം പിച്ച് ചെയ്തത്. ഇതോടെ സ്റ്റംപിലേക്കു വന്ന പന്ത് ദിശ മാറിപ്പോയി. പന്ത് സ്റ്റംപിനടുത്തെത്തുമ്പോൾ ലാന്നിങ് ക്രീസിനടുത്തെങ്ങുമുണ്ടായിരുന്നില്ല! സാങ്കേതികമായ പിഴവിൽ ഇന്ത്യയ്ക്ക് വിലയേറിയ ഒരു വിക്കറ്റ് നഷ്ടം.

പക്ഷേ, സംഭവം അവിടം കൊണ്ടും തീർന്നില്ല. പന്ത് ദിശമാറി നീങ്ങിയതോടെ ലാന്നിങ്ങും മൂണിയും ചേർന്ന് വീണ്ടും ഒരു റൺ കൂടി ഓടിയെടുത്തു. ഇതിനെതിരെ കമന്റേറ്റർമാർ ഉൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഇങ്ങനെയൊരു സന്ദർഭത്തിൽ രണ്ടാം റണ്ണിനോടിയ ഓസീസ് താരങ്ങളുടെ നീക്കം ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരുന്നതല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

‘ഫീൽഡിങ്ങിനിടെ താരങ്ങൾ എറിയുന്ന പന്ത് ദേഹത്തു തട്ടി ഗതിമാറിയാൽ ബാറ്റു ചെയ്യുന്നവർ വീണ്ടും റണ്ണിനായി ഓടാറില്ല. സാങ്കേതികമായി അതിൽ തെറ്റില്ലെങ്കിലും കളിയുടെ അന്തസ്സിന് യോജിക്കില്ല എന്നതുകൊണ്ടാണത്. ലോകകപ്പ് ഫൈനലിലാണ് ഇത്തരമൊരു അവസ്ഥയെന്ന് കരുതുക. മൂന്നാമതൊരു റണ്ണുകൂടി വേണമെങ്കിൽ അവർ അതും ഓടിയെടുക്കുമോ? സാങ്കേതികമായി അതിൽ തെറ്റില്ലെങ്കിലും കളിയുടെ അന്തസ്സിനു യോജിക്കുന്ന നീക്കമല്ല അത്’ – കമന്ററി ബോക്സിൽ എലീസ് വില്ലാനി അഭിപ്രായപ്പെട്ടു.

English Summary: Stump-mic cable saves Meg Lanning from run-out in bizarre incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com