ADVERTISEMENT

കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു കഴിഞ്ഞ വർഷം സഞ്ജു സാംസൺ. ഐപിഎൽ ട്വന്റി20യിൽ രണ്ടാം സെഞ്ചുറി. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 48 പന്തിൽ 91 റൺസ്. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ലോക റെക്കോർഡോടെ നേടിയ ഇരട്ടസെഞ്ചുറി (212) ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ രാജ്യാന്തരതലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറായിരുന്നു. രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി കളിച്ച ചുരുക്കം കളികളിൽ സെഞ്ചുറിയും അർധസെഞ്ചുറിയും 3000 റൺസ് ക്ലബ്ബിൽ അംഗത്വവും. തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിലേക്കുള്ള രണ്ടാം വരവ്.

ഈ വർഷം സഞ്ജുവിനായി കാത്തിരിക്കുന്ന അദ്ഭുതങ്ങളേറെയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ പുതിയൊരു സഞ്ജുവിനെയാവും ഈ സീസണിൽ ആരാധകർക്കു കാണാൻ കഴിയുക.

∙ അകത്തും പുറത്തും

സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് ആദ്യക്ഷണം ലഭിച്ചത് 2015ലാണ്. 20–ാം വയസിൽ സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ. ഐപിഎല്ലിലെയും ആഭ്യന്തര ടൂർണമെന്റുകളിലെയും മികച്ച പ്രകടനമാണ് അതിനു വഴിയൊരുക്കിയത്. എന്നാൽ, പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചത് ഒരു കളിയിൽ മാത്രം. മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും പിന്നീടു നീണ്ട കാത്തിരിപ്പ്. മികച്ച പ്രകടനവുമായി തിളങ്ങുമ്പോഴെല്ലാം ക്രിക്കറ്റ് നിരീക്ഷകർ സഞ്ജുവിനു വേണ്ടി വാദിച്ചെങ്കിലും ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ മുന്നിൽക്കയറിപ്പോയി.

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് സഞ്ജു വീണ്ടും ടീമിലെത്തുന്നത്. പക്ഷേ, എല്ലാ കളിയിലും പുറത്തിരിക്കേണ്ടിവന്നു. പിന്നീട് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ തിരുവനന്തപുരത്തെ കളിയിൽ ഉൾപ്പെടെ റിസർവ് ബെഞ്ചിൽ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ശിഖർ ധവാനു പരുക്കേറ്റതോടെ വീണ്ടും ടീമി‍ൽ. കളിക്കാൻ അവസരം ലഭിച്ചത് ഒരേയൊരു കളിയിൽ. ആദ്യപന്ത് സിക്സറടിച്ചപ്പോൾ ക്യാപ്റ്റൻ വിരാട് കോലി വരെ എഴുന്നേറ്റുനിന്നു കയ്യടിച്ചു. എന്നാൽ, ആ തുടക്കം സഞ്ജുവിനു മുതലാക്കാനായില്ല.

ന്യൂസീലൻഡിനെതിരെ ഇന്ത്യ എ ടീമിൽ തിളങ്ങിയതോടെ വീണ്ടും സീനിയർ ടീമിൽ. രണ്ടു കളികളിൽ അവസരം ലഭിച്ചെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാനായില്ല. അതിന്റെ നിരാശ തീർത്തത് ഫീൽഡിലാണ്. അതിർത്തിക്കപ്പുറത്തേക്കു പറന്ന് സഞ്ജു രക്ഷിച്ച സിക്സർ സമൂഹമാധ്യമങ്ങളിൽ തരംഗമായി. മുൻനിരയിൽ നിർഭയനായ കളിക്കാരനെന്ന് ക്യാപ്റ്റൻ കോലിയും സഞ്ജുവിനെ വിശേഷിപ്പിച്ചു.

∙ ഇനിയും വരും, അവസരങ്ങൾ

ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങളിൽ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെന്ന യാഥാർഥ്യമാണ് 2020ൽ സഞ്ജുവിനു മുന്നിലുള്ളത്. പക്ഷേ, ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കാൻ സഞ്ജുവിനു കഴിഞ്ഞു. ബാറ്റിങ്ങും കീപ്പിങ്ങും മാത്രമല്ല, ഫീൽഡിങ്ങും വഴങ്ങുമെന്ന് ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സഞ്ജു തെളിയിച്ചു. കൂടുതൽ അവസരങ്ങൾ സഞ്ജുവിനു ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ലോകനിലവാരമുള്ള കളിക്കാർ അവസരം കാത്തുനിൽക്കുന്ന ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ എറെ ബുദ്ധിമുട്ടാണെന്ന് സഞ്ജുവിനു നന്നായി അറിയാം. അതുകൊണ്ടുതന്നെ ഓരോ അവസരത്തിന്റെയും മൂല്യം എത്രയാണെന്നും സഞ്ജു തിരിച്ചറിയുന്നുണ്ട്. പക്ഷേ, കളി ക്രിക്കറ്റാണ്. മനോഹരമായ അനിശ്ചിതത്വമാണ് അതിന്റെ ജീവൻ. അതുകൊണ്ടുതന്നെ നിസ്സാര വീഴ്ചകളിൽ നിരാശപ്പെടുന്നതിൽ കാര്യമില്ല. കഠിനമായ പരിശീലന മുറകളിലേക്കു സഞ്ജു മടങ്ങിക്കഴിഞ്ഞു.

∙ ലക്ഷ്യം ലോകകപ്പ്

ഐപിഎല്ലിന്റെ കാലമാണ് വരാനിരിക്കുന്നത്. ലോകോത്തരതാരങ്ങളുമായി ഏറ്റുമുട്ടാനുള്ള അവസരം. അവിടെ മികച്ച പ്രകടനം നടത്താനായാൽ സഞ്ജുവിനു വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കും. ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുകയെന്ന വലിയ സ്വപ്നത്തിലേക്ക് വഴികൾ കഠിനമാണെങ്കിലും ഇനി അധികം ദൂരമില്ല.

English Summary: Sanju Samson Shortlisted in Manorama Sports Star Award 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com