ADVERTISEMENT

ഹാമിൽട്ടൻ ∙ യഥാർഥ ടെസ്റ്റിനു മുന്‍പേയുള്ള സന്നാഹ മത്സരത്തിൽ ന്യൂസീലൻഡ് ഇലവനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 78.5 ഓവറിൽ 263 റൺസിന് പുറത്ത്. തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച മധ്യനിര താരം ഹനുമ വിഹാരിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിഹാരി 182 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 101 റൺസെടുത്തു. സെഞ്ചുറിക്കു പിന്നാലെ വിഹാരി കളി നിർത്തി തിരികെ കയറി. വിഹാരിക്കൊപ്പം ഇരട്ടസെഞ്ചുറിയുടെ വക്കിലെത്തിയ ഉജ്വല കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷിച്ച ചേതേശ്വർ പൂജാരയ്ക്ക് സെഞ്ചുറി നഷ്ടമായത് നിരാശയായി. പൂജാര 211 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 93 റൺസെടുത്തു.

ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ്, നാലു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്നിങ്ങനെ തകർന്ന ഇന്ത്യയ്ക്ക്, അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തി 195 റൺസ് കൂട്ടുകെട്ടാണ് കരുത്തായത്. നേരത്തെ, 180 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതമാണ് വിഹാരി സെഞ്ചുറി തൊട്ടത്. അതേസമയം, അവസാന ആറു വിക്കറ്റുകൾ വെറും 30 റണ്‍സിനിടെയാണ് ഇന്ത്യ നഷ്ടമാക്കിയത്. ഇന്ത്യ ഓൾഔട്ടായതിനു പിന്നാലെ ഒന്നാം ദിനത്തിലെ കളിക്കും വിരാമമായി.

അതേസമയം, പൂജാരയ്ക്കും വിഹാരിക്കും പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് അജിൻക്യ രഹാനെ മാത്രമാണ്. 30 പന്തിൽ ഒരേയൊരു ഫോർ സഹിതം 18 റൺസാണ് രഹാനെയുടെ സമ്പാദ്യം. പൃഥ്വി ഷാ (0), മായങ്ക് അഗർവാൾ (1), ശുഭ്മാൻ ഗിൽ (0), ഋഷഭ് പന്ത് (7), വൃദ്ധിമാൻ സാഹ (0), രവിചന്ദ്രൻ അശ്വിൻ (0), രവീന്ദ്ര ജഡേജ (8) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഉമേഷ് യാദവ് 10 പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്കോട് കുഗ്ഗെലെയ്ൻ, ഇഷ് സോധി എന്നിവരാണ് ഇന്ത്യയെ തകർത്തത്. ജെയ്ക് ഗിബ്സൺ രണ്ടും ജിമ്മി നീഷം ഒരു വിക്കറ്റുമെട്ടു. ഒരു ഘട്ടത്തിൽ നാലിന് 233 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക്, വെറും 30 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.

211 പന്തുകൾ നേരിട്ട പൂജാര 11 ഫോറും ഒരു സിക്സും സഹിതമാണ് 92 റൺസെടുത്തത്. വിരാട് കോലി നയിക്കുന്ന ഇന്ത്യ എതിർ ടീമുമായുള്ള ധാരണപ്രകാരം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും വെറും അഞ്ചു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാകുന്ന കാഴ്ചയോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണർമാരായ പൃഥ്വി ഷാ (0), മായങ്ക് അഗർവാൾ (ഒന്ന്), ശുഭ്മാൻ ഗിൽ (0) എന്നിവരാണ് അഞ്ചു റൺസിനിടെ കൂടാരം കയറിയത്. സ്കോർ 38ൽ നിൽക്കെ അജിൻക്യ രഹാനെ കൂടി പുറത്തായതോടെ നാലിന് 38 റൺസ് എന്ന നിലയിലായി ഇന്ത്യ. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ചേതേശ്വർ പൂജാര – ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ 100 പിന്നിട്ടു.

ഏകദിനത്തിലെ മോശം ഫോം ടെസ്റ്റിലും തുടരുന്ന സൂചന നൽകിയാണ് മായങ്ക് അഗർവാൾ ഒറ്റയക്കത്തിൽ പുറത്തായത്. ഏകദിന പരമ്പരയിൽ ഓപ്പണറായി അരങ്ങേറിയ മായങ്കിന് ഫോം കണ്ടെത്താനായിരുന്നില്ല. മാത്രമല്ല, രോഹിത് ശർമയുടെ അഭാവത്തിൽ പൃഥ്വി ഷായിൽ മായങ്കിന് പുതിയ പങ്കാളിയെ തേടുന്ന ഇന്ത്യയ്ക്ക് സന്നാഹ മത്സരം ശക്തമായ സൂചനയായി. വെറും നാലു പന്തിൽനിന്ന് റണ്ണൊന്നുമെടുക്കാതെയാണ് ഷാ പുറത്തായത്. ഷായ്ക്കൊപ്പം ഓപ്പണിങ്ങിലേക്ക് ഇന്ത്യ പരിഗണിക്കുന്ന ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായത് അതിലും വലിയ ആഘാതമായി.

ട്വന്റി20 പരമ്പരയിൽ അവസരം കിട്ടിയ രണ്ടു മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയ സ്കോട് കുഗ്ഗെലെയ്നാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. ന്യൂസീലൻഡിനായി ബോളിങ്ങിന് തുടക്കമിട്ട കുഗ്ഗെലെയ്ൻ ആദ്യ നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം ആറു റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. ആദ്യ ഓവറിന്റെ നാലാം പന്തിൽ പൃഥ്വി ഷായെ രചിൻ രവീന്ദ്രയുടെ കൈകളിലെത്തിച്ച് സം‘പൂജ്യ’നാക്കിയാണ് കുഗ്ഗെലെയ്ൻ തുടങ്ങിയത്.

പിന്നീട് ആറാം ഓവറിൽ ആദ്യ രണ്ടു പന്തുകളിൽ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ എന്നിവരെ കൂടാരം കയറ്റി. 13 പന്തിൽ ഒരു റൺ മാത്രമെടുത്ത അഗർവാളിനെ ക്ലീവറിന്റെ കൈകളിലെത്തിച്ച കുഗ്ഗെലെയ്ൻ, തൊട്ടടുത്ത പന്തിൽ ശുഭ്മാൻ ഗില്ലിനെ വിക്കറ്റ് കീപ്പർ ടിം സീഫർട്ടിന്റെ കൈകളിലെത്തിച്ച് ഗോൾ‍ഡൻ‌ ഡക്കാക്കി. നാലാം വിക്കറ്റിൽ വിശ്വസ്തരായ ചേതേശ്വർ പൂജാര – അജിൻക്യ രഹാനെ സഖ്യം ഒത്തുചേർന്നതോടെ ഇന്ത്യ തിരിച്ചുവരവിന്റെ സാധ്യതകൾ കാട്ടിയെങ്കിലും സ്കോർ 38ൽ നിൽക്കെ രഹാനെയെ ജിമ്മി നീഷം പുറത്താക്കി. 30 പന്തിൽ ഒരേയൊരു ഫോർ സഹിതം 18 റൺസെടുത്താണ് രഹാനെ മടങ്ങിയത്. ഇതിനു ശേഷമായിരുന്നു അഞ്ചാം വിക്കറ്റിൽ ഇരട്ടസെഞ്ചുറിയുടെ വക്കിലെത്തിയ ഉജ്വല കൂട്ടുകെട്ടുമായി ഹനുമ വിഹാരിയും ചേതേശ്വർ പൂജാരയും ഇന്ത്യയെ കാത്തത്. സ്കോർ 233ൽ നിൽക്കെ പൂജാരയെ ജെയ്ക് ഗിബ്സൻ പുറത്താക്കി. ഇതിനു പിന്നാലെ കൂട്ടത്തോടെ വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യ 263ന് പുറത്തായി.

English Summary: New Zealand XI vs India, 3-day Practice Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com