sections
MORE

ഫാസ്റ്റ് & ഫ്യൂരിയസ്; എംആർഎഫ് പേസ് ഫൗണ്ടേഷനിലെ വിശേഷങ്ങളിലൂടെ...

mrf-pace-foundation
മലയാളി താരം കെ.എം ആസിഫ് ചീഫ് കോച്ച് എം. സെന്തിൽ നാഥനൊപ്പം പരിശീലനത്തിൽ.
SHARE

എംആർഎഫ് എന്ന മൂന്നക്ഷരത്തിനൊപ്പം മനസ്സിലേക്കു ഓടിയെത്തുക ഒരു ടയർ ഇരമ്പമാണ്. എംആർഎഫ് ടയറിന്റെ പര്യായമാണെങ്കിൽ കമ്പനിയുടെ നേതൃത്വത്തിലുള്ള പേസ് ഫൗണ്ടേഷൻ ഇന്ത്യൻ ക്രിക്കറ്റിനു നൽകിയതു ഗിയറാണ്. മീഡിയം പേസിൽ ചുറ്റിക്കറങ്ങിയിരുന്ന ഇന്ത്യൻ ബോളിങ്ങിന്റെ ഗിയർ ക്രീസിൽ ഇടിമുഴക്കം തീർക്കുന്ന പേസ് യുഗത്തിലേക്കു മാറ്റിയതിന്റെ ക്രെഡിറ്റ് ചെന്നൈ ആസ്ഥാനമായുള്ള ഫൗണ്ടേഷനാണ്.

സ്ഥാപനത്തിനു 23 വർഷം പൂർത്തിയാകുമ്പോൾ ഇവിടെ നിന്നു പരിശീലിച്ച 20 ഫാസ്റ്റ് ബോളർമാർ വിവിധ ഫോർമാറ്റുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. കേരള ക്രിക്കറ്റിനെക്കുറിച്ചാകുമ്പോൾ എംആർഎഫ് പേസ് ഫൗണ്ടേഷൻ ടീമിന്റെ ബോളിങ് ഐശ്വര്യം എന്നു വിശേഷിപ്പിച്ചാലും അധികമാകില്ല.നിലവിലെ കേരള രഞ്ജി ടീമിലെ നാലു പേസർമാർ ഫൗണ്ടേഷൻ ഉൽപ്പന്നങ്ങളാണ്.

അണ്ടർ 23, അണ്ടർ 19 ടീമുകളുടെ പേസ് ബോളർമാരുടെ മേൽവിലാസവും മറ്റൊന്നല്ല. കേരളത്തിൽ നിന്നു ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 3 ബോളർമാരും- ടിനു യോഹന്നാൻ, എസ്.ശ്രീശാന്ത്, ബേസിൽ തമ്പി- അതിവേഗ പന്തേറിന്റെ പാഠങ്ങൾ പഠിച്ചതു ചെന്നൈയിലെ എംആർഎഫ് അക്കാദമിയിൽ.

അതിവേഗ സ്വപ്നം

ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചുകളിൽ പുലികളായ ഇന്ത്യൻ ടീം വിദേശത്തെ അതിവേഗ പിച്ചുകളിൽ ‌വെള്ളം കുടിക്കുന്നതു ക്രിക്കറ്റ് ആരാധകരുടെയെല്ലാം സങ്കടമായിരുന്നു. സ്കൂൾ ക്രിക്കറ്റിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ച, എംആർഎഫ് മാനേജിങ് ഡയറക്ടറായിരുന്ന രവി മാമ്മനും ആ വേദന പങ്കിട്ടവരിലൊരാൾ.

പരിഹാരമായി അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ആശയമാണു ഫൗണ്ടേഷന്റെ അടിത്തറ. ആ സ്വപ്നത്തിനു കൂട്ടായി ഓസ്ട്രേലിയൻ ബോളിങ് ഇതിഹാസം ഡെന്നീസ് ലില്ലി കൂടി എത്തിയപ്പോൾ 1987 ഓഗസ്റ്റിൽ എംആർഎഫ് പേസ് ഫൗണ്ടേഷൻ പിറന്നു. പിന്നീടു നടന്നതെല്ലാം ചരിത്രം.

രവി മാമ്മൻ അകാലത്തിൽ വിട പറഞ്ഞപ്പോൾ എംആർഎഫ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിനു മാമ്മൻ സഹോദരന്റെ സ്വപ്ന പദ്ധതി മുന്നോട്ടു കൊണ്ടു പോയി. നിലവിൽ മാനേജിങ് ഡയറക്ടർ രാഹുൽ മാമ്മനാണു മേൽനോട്ടം. ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് ഫാക്ടറിക്കു 25 വർഷം നേതൃത്വം നൽകിയ ശേഷം ഡെന്നീസ് ലില്ലി 2012-ൽ ഡയറക്ടർ ഓഫ് കോച്ചിങ് പദവി ഗ്ലെൻ മഗ്രോയ്ക്കു കൈമാറി. അക്കാദമിയിലെ മുൻ ട്രെയിനി കൂടിയാണു മഗ്രോ.

അതിവേഗം, ബഹുദൂരം

ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളിങ് അക്കാദമി എന്ന സ്ഥാനം എങ്ങിനെ നിലനിർത്തുന്നു? പതിറ്റാണ്ടുകളായി ഫൗണ്ടേഷനൊപ്പമുള്ള നിലവിലെ ചീഫ് കോച്ച് എം. സെന്തിൽനാഥനു മറുപടിയുണ്ട്. പരിശീലനം മുതൽ സാങ്കേതിക വിദ്യ വരെയുള്ള മേഖലകളിൽ അക്കാദമി കാലത്തിനു മുൻപേ സഞ്ചരിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലാൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്‌വെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായി ഫൗണ്ടേഷനു കരാറുണ്ട്.

മാനദണ്ഡം മികവ് മാത്രം

18-19 വയസ്സിലാണു കൂടുതൽ പേരുമെത്തുന്നത്. ശാരീരിക മികവുണ്ടെങ്കിൽ 16 വയസ്സിലും പ്രവേശനം നൽകും.അക്കാദമിയിലെ പരിശീലനം പൂർണമായും സൗജന്യമാണ്. സംസ്ഥാന അസോസിസേയഷനുകളും ബിസിസിഐയും ശുപാർശ ചെയ്യുന്ന ബോളർമാരെയാണു ഓരോ വർഷവും സെലക്ഷനിൽ ഉൾപ്പെടുത്തുന്നത്.

30 പേർക്കു പരിശീലനം നൽകാനുള്ള സൗകര്യമുണ്ട്. ഏഴു മാസമാണു ഒരു കോഴ്സിന്റെ കാലാവധി. ബോളിങ് പരിശീലനം, ജിം, നീന്തൽ, വീഡിയോ അനലൈസിങ്, ഡയറ്റ് തുടങ്ങി സമഗ്രമാണു പരിശീലന പദ്ധതി. ചെത്പേട്ടിലെ മദ്രാസ് ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണു വിശാലമായ സൗകര്യങ്ങളോടെ അക്കാദമി പ്രവർത്തിക്കുന്നത്. കോച്ചിങ് ഡയറക്ടർ ഏഴു മാസത്തിനിടെ മൂന്നു തവണയായി രണ്ടാഴ്ച ചെന്നൈയിലെത്തി പരിശീലനത്തിനു മേൽനോട്ടം വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA