ADVERTISEMENT

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഫാഫ് ഡുപ്ലേസി പടിയിറങ്ങുന്നു. മൂന്നു ഫോർമാറ്റിലും തുടർന്നും ദേശീയ ടീമിനായി കളിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ക്യാപ്റ്റൻ പദവിയിൽനിന്നുള്ള പടിയിറക്കം. ക്വിന്റൺ ഡികോക്കിനു കീഴിൽ പുതിയൊരു നേതൃനിരയെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് ഈ പിൻമാറ്റമെന്ന് ഡുപ്ലേസിയെ ഉദ്ധരിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് ഫാഫ് ഡുപ്ലേസിക്ക് വിശ്രമം അനുവദിച്ചപ്പോൾ ടീമിനെ നയിച്ചത് ‍ഡികോക്കായിരുന്നു. പിന്നീട് ട്വന്റി20യിലും ഡുപ്ലേസി കളത്തിലിറങ്ങാതിരുന്നതോടെ ഡികോക്ക് തന്നെ ടീമിനെ നയിച്ചു. ഇതിനു പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നുവെന്ന ഡുപ്ലേസിയുടെ പ്രസ്താവന. അതേസമയം, ഓസ്ട്രേലിയയ്ക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ട്വന്റി20 ടൂർണമെന്റിൽ ഡുപ്ലേസി ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടെസ്റ്റിലും നിലവിലെ നായകൻ ഡുപ്ലേസിയാണെങ്കിലും ഈ വർഷം ജൂലൈയിൽ മാത്രമേ ഇനി ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് മത്സരമുള്ളൂ. അതും വിൻഡീസിനെതിരെ. അതുകൊണ്ടുതന്നെ ടെസ്റ്റിൽ പുതിയ നായകനെ കണ്ടെത്താൻ ടീമിനു കൂടുതൽ സാവകാശം ലഭിക്കും.

2013ൽ ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ നയിച്ചാണ് ഡുപ്ലേസി ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. നാലു വർഷത്തിനുശേഷം എ.ബി. ഡിവില്ലിയേഴ്സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ഏകദിന ടീം നായകനായി. ടെസ്റ്റിലും ഏകദിനത്തിലും ഓസീസിനെതിരെ സ്വന്തം നാട്ടിലും അവരുടെ നാട്ടിലും പരമ്പര നേടിയ ഏക ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ഡുപ്ലേസി.

ടെസ്റ്റിൽ 36 മത്സരങ്ങളിൽ ടീമിനെ നയിച്ച ഡുപ്ലേസിക്കു കീഴിൽ 18 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക വിജയിച്ചു. 15 മത്സരങ്ങൾ തോറ്റു. ഏകദിനത്തിൽ 39 മത്സരങ്ങളിൽ നയിച്ചതിൽ 28 എണ്ണത്തിൽ വിജയിച്ചു. 10 എണ്ണം തോറ്റു. ട്വന്റി20യിൽ 37 മത്സരങ്ങളിൽ നയിച്ചതിൽ 23 എണ്ണം ജയിച്ചു. തോറ്റത് 13 എണ്ണത്തിൽ മാത്രം. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഡുപ്ലേസിക്കു കീഴിൽ മോശം പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. ടീം സെമിയിലെത്താതെ പുറത്തായതിനു പുറമെ ലോകകപ്പിനുശേഷം ഇന്ത്യയ്ക്കെതിരെ 3–0ന് ടെസ്റ്റ് പരമ്പര കൈവിട്ടു. ഇംഗ്ലണ്ടിനോട് 3–1നും ടെസ്റ്റിൽ തോൽവി വഴങ്ങി.

English Summary: Faf du Plessis steps down as South Africa captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com