ADVERTISEMENT

മുംബൈ∙ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കിരീടം നേടാൻ ഇന്ത്യയെ സഹായിക്കാൻ തനിക്കു സാധിക്കുമെന്ന പ്രഖ്യാപനവുമായി പേസ് ബോളർ ഷാർദുൽ ഠാക്കൂർ രംഗത്ത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ കണക്കറ്റ് റൺസ് വിട്ടുകൊടുത്തതിന്റെ പേരിൽ ആരാധകരിൽനിന്ന് കനത്ത വിമർശനമുയരുന്നതിനിടെയാണ് ലോകകപ്പ് നേടാൻ ഇന്ത്യയെ സഹായിക്കാൻ തനിക്കാകുമെന്ന പ്രഖ്യാപനവുമായി ഠാക്കൂറിന്റെ വരവ്. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സംഭവിച്ച പിഴവുകളിൽനിന്ന് പാഠം പഠിച്ചാണ് ലോകകപ്പിന് ഒരുങ്ങുന്നതെന്നും ഠാക്കൂർ വ്യക്തമാക്കി.

‘തീർച്ചയായും ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ തന്നെയാണ് എന്റെ കണ്ണ്. കളത്തിലെ എന്റെ ക്രിയാത്മക നീക്കങ്ങളും ആത്മവിശ്വാസവും കളിയോടെയുള്ള ആവേശവും ലോകകപ്പ് ജയിക്കാൻ തീർച്ചയായും ഇന്ത്യയെ സഹായിക്കും’ – ഠാക്കൂർ പറഞ്ഞു. ഇതുവരെ 15 രാജ്യാന്തര ട്വന്റി20കൾ കളിച്ചിട്ടുള്ള ഷാർദുൽ ഠാക്കൂർ 21 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലോകകപ്പിനു മുന്നോടിയായി ഇത്തവണത്തെ ഐപിഎൽ വളരെ പ്രധാനപ്പെട്ടതാണെന്നും ഠാക്കൂർ അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ഠാക്കൂർ.

‘ഇത്തവണ ഐപിഎല്ലിലെ പ്രകടനം തീർച്ചയായും പ്രധാനപ്പെട്ടതാണ്. അവിടെനിന്ന് നമുക്കു ലഭിക്കുന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും ഐപിഎല്ലിനുശേഷം സിംബാബ്‍വെയ്ക്കെതിരായ പരമ്പരയുമുണ്ട്. ഏഷ്യാകപ്പ് കൂടി കളിച്ചശേഷമാണ് നമ്മൾ ട്വന്റി20 ലോകകപ്പിനായി പോകുന്നത്. എല്ലാംകൊണ്ടും ഐപിഎല്ലിലെ പ്രകടനം പ്രധാനപ്പെട്ടതാണെന്നു ചുരുക്കം. ഐപിഎല്ലിലെ മികച്ച ഫോം തുടർന്നുള്ള ടൂർണമെന്റുകളിലും തുടരാനാകണം’ – ഠാക്കൂർ പറഞ്ഞു.

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം പഠിക്കാനുള്ള അവസരമായാണ് കാണുന്നതെന്ന് ഠാക്കൂർ വ്യക്തമാക്കി. ‘എന്റെ തെറ്റുകൾ ഞാൻ തീർച്ചയായും പഠിക്കും. ഇതെല്ലാം ഓരോ പാഠമായി കാണും. ന്യൂസീലൻഡിലേക്കുള്ള എന്റെ ആദ്യ പര്യടനമായിരുന്നു ഇത്. മറ്റു താരങ്ങളെ വച്ചുനോക്കുമ്പോൾ ഇന്ത്യയ്ക്കായി ഞാൻ അധികം മത്സരങ്ങൾ കളിച്ചിട്ടുമില്ല. നിലവിൽ പരിചയം ആർജിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ടീമിനായി കൂടുതൽ മികച്ച സംഭാവനകൾ ഉറപ്പാക്കാൻ ശ്രമിക്കും’ – ഠാക്കൂർ പറഞ്ഞു.

റൺസ് വിട്ടുകൊടുക്കുന്നതിൽ കൂടുതൽ കരുതൽ കാണിക്കുന്നതിനു പുറമെ, ബാറ്റിങ്ങിലും ശ്രദ്ധേയമായ സംഭാവനകൾ ഠാക്കൂർ ഉറപ്പുനൽകി. മുൻപ് സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ടെന്ന് ഠാക്കൂർ പറഞ്ഞു.

‘ബാറ്റുകൊണ്ടും ടീമിനായി മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. സ്കൂളിനായും കോളജിനായും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുമ്പോൾ എന്റെ റോളിന് മാറ്റമൊന്നും വന്നിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിലും എന്റെ റോൾ അതുതന്നെ. വാലറ്റത്ത് ഏതു സ്ഥാനത്തു ബാറ്റു ചെയ്താലും സാഹചര്യം മനസ്സിലാക്കി അതിനനുസരിച്ച് ബാറ്റു ചെയ്യാൻ എനിക്കാകും’ – ഠാക്കൂർ അവകാശപ്പെട്ടു.

English Summary: ‘I certainly have my eyes on T20 World Cup’ – Shardul Thakur to learn from mistakes made against New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com