ADVERTISEMENT

ധാക്ക∙ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടന്ന കലാശപ്പോര് സംഘർഷത്തിൽ അവസാനിച്ചതിനു പിന്നാലെ ഇരു ടീമുകളിലെയും അഞ്ചു താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചെങ്കിലും, വാശിക്ക് ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രതികരണവുമായി ബംഗ്ലദേശ് താരം. തോൽവിയുടെ രുചിയെന്തെന്ന് ഇന്ത്യയെ അറിയിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് ലോകകപ്പ് നേടിയ ബംഗ്ലദേശ് ടീമിൽ അംഗമായിരുന്ന പേസ് ബോളർ ഷോറിഫുൾ ഇസ്‍ലാം പ്രതികരിച്ചു. തുടർച്ചയായി ഇന്ത്യയോടു തോറ്റതിന്റെ നിരാശ മറക്കാന്‍ ഈ വിജയം അനിവാര്യമായിരുന്നുവെന്നും ഷോറിഫുൾ ഇസ്‍ലാം വ്യക്തമാക്കി.

‘അവർക്കെതിരെ (ഇന്ത്യയ്ക്കെതിരെ) രണ്ടു മത്സരങ്ങൾ വിജയത്തിനരികെ ഞങ്ങൾക്ക് നഷ്ടമായിരുന്നു. ഒന്ന് ഏഷ്യാകപ്പ് സെമിഫൈനലും (2018) രണ്ടാമത്തേത് ഏഷ്യാകപ്പ് ഫൈനലും (2019). ഇഞ്ചോടിഞ്ച് പൊരുതി ആ രണ്ടു മത്സരങ്ങളും തോൽക്കേണ്ടി വന്നതിന്റെ വിഷമം എത്രത്തോളമായിരുന്നുവെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ഇത്തവണ ഫൈനലിന് ഇറങ്ങും മുൻപ് മനസ്സിലുണ്ടായിരുന്ന ഏക കാര്യം അന്നത്തെ വിജയങ്ങൾക്കുശേഷം അവർ കാട്ടിക്കൂട്ടിയതും തോൽവിക്കുശേഷം ഞങ്ങൾ അനുഭവിച്ച സങ്കടവുമാണ്. ഇത്തവണ വിജയത്തിനരികെ അതു കൈവിടരുതെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അവസാന പന്തുവരെ ഒറ്റക്കെട്ടായി പൊരുതാനും നിശ്ചയിച്ചു’ – ഷോറിഫുൾ ഇസ്‍ലാം വിശദീകരിച്ചു.

‘കഴിഞ്ഞ രണ്ടു തോൽവികളും ഞങ്ങളെ വല്ലാതെ ഉലച്ചിരുന്നു. 2019ലെ ഏഷ്യാകപ്പ് ഫൈനലിൽ ധാക്കയിലെ സ്വന്തം കാണികൾക്കു മുന്നിലാണ് ഒരു റണ്ണിന് ഞങ്ങൾ തോറ്റത്. അന്ന് അവർ വന്യമായാണ് ആ വിജയം ആഘോഷിച്ചത്. ഞങ്ങൾക്ക് നിശബ്ദരായി അതു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. അത് ഞങ്ങളിലേൽപ്പിച്ച മുറിവ് എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇന്ത്യയുമായി വീണ്ടും ഫൈനലിൽ മുഖാമുഖമെത്തുന്ന അവസരത്തിനായി അന്നുമുതൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു’ – ഷോറിഫുൾ ഇസ്‍ലാം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പ്രതികാരബുദ്ധിയോടെയാണ് കളിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. ‘ഇത്തവണ ഞങ്ങളുടെ ദിവസമായിരുന്നു. ആ അവസരം ഞങ്ങൾക്കു കിട്ടി. ഇതു ഞങ്ങൾ ഒറ്റക്കെട്ടായി പൊരുതി നേടിയ വിജയമാണ്. വിജയിച്ചശേഷം തോറ്റവരുടെ മുന്നിൽ അതാഘോഷിക്കുമ്പോൾ തോറ്റവർ അനുഭവിക്കുന്ന വേദന അവരും (ഇന്ത്യയും) അറിയട്ടെ’ – ഷോറിഫുൾ ഇസ്‍ലാം കൂട്ടിച്ചേർത്തു.

നേരത്തെ, ഫൈനലിനുശേഷമുണ്ടായ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ഇവർക്ക് നാലു മുതൽ 10 വരെ മത്സരങ്ങളിൽനിന്ന് വിലക്കും ലഭിച്ചു. ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്ണോയി എന്നിവരാണ് ഇന്ത്യൻ നിരയിൽനിന്ന് ശിക്ഷിക്കപ്പെട്ടവർ. ബംഗ്ലദേശ് നിരയിൽനിന്ന് തൗഹീദ് ഹൃദോയ്, ഷമിം ഹുസൈൻ, റാക്കിബുൽ ഹസൻ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്.

ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിൽ നടന്ന കലാശപ്പോരാട്ടത്തിലാണ് ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 177 റൺസിന് എല്ലാവരും പുറത്തായപ്പോൾ, മഴനിയമപ്രകാരം പുനർനിശ്ചയിച്ച വിജയലക്ഷ്യമായ 170 റണ്‍സ് മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ബംഗ്ലദേശ് മറികടന്നു. വിജയറൺ കുറിച്ചതിനു പിന്നാലെ ആവേശത്തോടെ മൈതാനത്തേക്ക് കുതിച്ചെത്തിയ ബംഗ്ലദേശ് താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ മൈതാനത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.

English Summary: ‘We were waiting, wanted India to know how it feels: Bangladesh U19 bowler on ‘dirty’ behaviour after World Cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com