ADVERTISEMENT

മുംബൈ∙ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയ്ക്ക് ആശംസകളുമായി സച്ചിൻ തെൻഡുൽക്കറും രോഹിത് ശർമയും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്. ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറു ട്വന്റി20 മത്സരങ്ങളും കളിച്ച പ്രഗ്യാൻ ഓജ കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐയ്ക്കും ഹൈദരാബാദ്, ബിഹാർ‌ ക്രിക്കറ്റ് അസോസിയേഷനുകൾക്കും മുൻ താരങ്ങൾക്കും നന്ദിയറിയിച്ച് സുദീർഘമായ കുറിച്ചും വിരമിക്കൽ പ്രഖ്യാപനത്തിനൊപ്പം ട്വിറ്ററിലൂടെ ഓജ പങ്കുവച്ചിരുന്നു.

‘പ്രഗ്യാൻ ഓജ, താങ്കളുടെ നല്ല മനസ്സും കഴിവുകളും എക്കാലവും മഹത്തരമായ കാഴ്ചയായിരുന്നു. 10 വിക്കറ്റ് നേട്ടത്തിലൂടെ എന്റെ വിരമിക്കൽ ടെസ്റ്റ് ഹൃദ്യമാക്കിയത് താങ്കളാണ്. പ്രിയ സുഹൃത്തിന് രണ്ടാം ഇന്നിങ്സ് ക്ലബ്ബിലേക്ക് സ്വാഗതം’ – സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

സച്ചിൻ തെൻഡുൽക്കറിന് ഇന്ത്യ വിജയത്തോടെ യാത്രയയപ്പു നൽകിയ മുംബൈ വാംഖഡെയിലെ വിരമിക്കൽ ടെസ്റ്റിൽ ഇന്ത്യയുടെ വിജയശിൽപിയായിരുന്നു പ്രഗ്യാൻ ഓജ. ഈ ടെസ്റ്റ് ഇന്നിങ്സിനും 126 റൺസിനും ഇന്ത്യ ജയിച്ചുകയറുമ്പോൾ, രണ്ട് ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം സഹിതം മത്സരത്തിൽ 10 വിക്കറ്റ് നേട്ടം കൈവരിച്ച ഓജയുടെ സംഭാവന നിസ്തുലമായിരുന്നു. ഒന്നാം ഇന്നിങ്സിൽ 11.2 ഓവറിൽ 40 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഓജയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിൻഡീസിനെ 182ന് പുറത്താക്കിയത്.

രണ്ടാം ഇന്നിങ്സിൽ 18 ഓവറിൽ 49 റൺസ് വഴങ്ങിയും ഓജ അഞ്ചു വിക്കറ്റെടുത്തതോടെ വിൻഡീസ് 187 റൺസിന് പുറത്തായി. ഇന്ത്യ ഇന്നിങ്സിനും 126 റൺസിനും  ജയിക്കുകയും ചെയ്തു. കളിയിലെ കേമനായതും ഓജ തന്നെ. അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഓജയുടെയും അവസാന ടെസ്റ്റായി ഇത് എന്നത് യാദൃച്ഛികമായി. പിന്നീട് ഏതാനും ഏകദിന മത്സരങ്ങൾ കൂടി കളിച്ച് ഓജ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞു.

ഇന്ത്യൻ ജഴ്സിയിലും പിന്നീട് മുംബൈ ഇന്ത്യൻസ് ജഴ്സിയിലും ഒരുമിച്ചു പങ്കുവച്ച അവിസ്മരണീയ നിമിഷങ്ങൾ ഓർമിച്ച് രോഹിത് ശർമയും ഓജയ്ക്ക് ആശംസകൾ നേർന്നിരുന്നു. ‘ഓജി, ഇന്ത്യയ്ക്കും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിക്കുമ്പോൾ ഒരുപിടി രസകരമായ മുഹൂർത്തങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചത് അവിസ്മരണീയമായിരുന്നു. ക്രിക്കറ്റ് കളത്തിനും അപ്പുറത്താണ് നമ്മുടെ സൗഹൃദം. പുതിയ തലമുറയ്ക്ക് പാഠങ്ങൾ പകർന്നുനൽകുന്ന മറുവശത്തും താങ്കളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു’ – രോഹിത് കുറിച്ചു.

‘ഉജ്വലമായ ക്രിക്കറ്റ് കരിയറിന് അഭിനന്ദനങ്ങൾ ഓജ. താങ്കളുടെ ക്രിക്കറ്റ് യാത്രയിൽ സഹയാത്രികനാകാൻ കഴിഞ്ഞത് സന്തോഷകരം തന്നെ. പ്രതിഭയുള്ളൊരു ചെറുപ്പക്കാരനിൽനിന്ന് ലോകോത്തര ബോളറായുള്ള താങ്കളുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനായതും അവിസ്മരണീയം. രണ്ടാം ഇന്നിങ്സിലേക്ക് എല്ലാ ആശംസയും’ – വി.വി.എസ്. ലക്ഷ്മൺ കുറിച്ചു.

English Summary: ‘You made my last Test special’ – Sachin Tendulkar on Pragyan Ojha’s retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com