sections
MORE

മുൻനിര ബാറ്റ്സ്മാൻമാർ കയ്യൊഴിഞ്ഞു; വെല്ലിങ്ടനിൽ അദ്ഭുതങ്ങൾ കാത്ത് ഇന്ത്യ!

virat-kohli-out
പുറത്തായി മടങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോലി.
SHARE

വെല്ലിങ്ടൻ∙ തോൽക്കാൻ സാധ്യത വളരെയധികം, സമനില നേടാൻ ചെറിയ സാധ്യത, ജയിക്കാൻ സാധ്യത വിരളം... ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യയുടെ അവസ്ഥയെ ഇങ്ങനെ ചുരുക്കിയെഴുതാം. 183 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. ഉപനായകൻ അജിൻക്യ രഹാനെ 25 റൺസോടെയും ഹനുമ വിഹാരി 15 റൺസോടെയും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 118 പന്തിൽനിന്ന് 31 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനിയും 39 റൺസ് കൂടി വേണം.

ഓപ്പണർമാരായ പൃഥ്വി ഷാ (30 പന്തിൽ 14), മായങ്ക് അഗർവാൾ (99 പന്തിൽ 58), ചേതേശ്വർ പൂജാര (81 പന്തിൽ 11), ക്യാപ്റ്റൻ വിരാട് കോലി (43 പന്തിൽ 19) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. ടിം സൗത്തിക്കാണ് ശേഷിക്കുന്ന വിക്കറ്റ്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡ് വാലറ്റക്കാരുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 348 റൺസ് നേടിയതോടെയാണ് അവർക്ക് 183 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചത്. കോളിൻ ഡി ഗ്രാൻഡ്ഹോം (74 പന്തിൽ 43), കൈൽ ജയ്മിസൻ (45 പന്തിൽ 44), ട്രെന്റ് ബോൾട്ട് (24 പന്തിൽ 38) എന്നിവരാണ് ഇന്ന് തിളങ്ങിയ കിവീസ് താരങ്ങൾ. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി.

സ്കോർ ബോർഡിൽ 27 റൺസുള്ളപ്പോൾ പൃഥ്വി ഷായാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 30 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത ഷായെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. ടോം ലാഥം ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടിന് തുണനിന്നെങ്കിലും രണ്ടാം സെഷന്റെ അവസാന പന്തിൽ ചേതേശ്വർ പൂജാരയും പുറത്തായി. 81 പന്തു നേരിട്ട പൂജാര 11 റൺസുമായി ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പൂജാര ലീവ് ചെയ്ത പന്താണ് ഓഫ് സ്റ്റംപിളക്കിയത്. ഇതിനിടെ 75 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം മായങ്ക് ടെസ്റ്റിലെ നാലാം അർധസെഞ്ചുറിയും കുറിച്ചു. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്‌ക്കൊപ്പം അഗർവാൾ 51 റൺസ് കൂട്ടിച്ചേർത്തു.

മികച്ച ഫോമിൽ കളിച്ചുവന്ന ഓപ്പണർ മായങ്ക് അഗർവാളിന്റേതായിരുന്നു അടുത്ത ഊഴം. 99 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്ത അഗർവാളിനെ ടിം സൗത്തിയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ക്യാച്ചെടുത്തു. നിർണായക വിക്കറ്റായതിനാൽ അഗർവാളിനൊപ്പം ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ വിരാട് കോലി അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്കോർ 113ൽ എത്തിയപ്പോൾ കോലിയും കൂടാരം കയറി. ന്യൂസീലൻഡ് പര്യടനത്തിലെ മോശം ഫോം തുടരുന്ന കോലി 43 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റണ്‍സെടുത്താണ് പുറത്തായത്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ജെ.ബി. വാട്‌ലിങ് ക്യാച്ചെടുത്തു. സെഞ്ചുറിയില്ലാതെ കോലി പിന്നിടുന്ന തുടർച്ചയായ 20–ാം ഇന്നിങ്സാണിത്.

∙ ‘വാലിൽക്കുത്തി’ കിവീസ്

നേരത്തെ, അഞ്ചിന് 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അർധസെഞ്ചുറി മാത്രം പിറന്ന ഇന്നിങ്സിൽ 100.2 ഓവറിലാണ് കിവീസ് 348 റൺസെടുത്തത്. കോളിൻ ഡി ഗ്രാൻഡ്ഹോം (74 പന്തിൽ 43), കൈൽ ജയ്മിസൻ (45 പന്തിൽ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തിൽ 38) എന്നിവരാണ് വാലറ്റത്ത് കിവീസ് സ്കോർ ബോർഡിലേക്ക് കനമുള്ള സംഭാവനകൾ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ചു വിക്കറ്റ് വീഴ്ത്തി.

തലേന്നത്തെ അതേ സ്കോറിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജെ.ബി. വാട്‍ലിങ്ങിനെ നഷ്ടമാകുന്ന കാഴ്ചയോടെയാണ് ന്യൂസീലൻ‍ഡ് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. 30 പന്തിൽ 14 റൺസെടുത്ത വാട്‍ലിങ്ങിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഒൻപതു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും ടിം സൗത്തിയെ ഇഷാന്ത് ശർമ പുറത്താക്കിയതോടെ കിവീസിനെ 250നുള്ളിൽ ഒതുക്കാമെന്ന് ഇന്ത്യ മോഹിച്ചു. 13 പന്തിൽ ഒരേയൊരു ഫോർ സഹിതം ആറു റൺസെടുത്താണ് സൗത്തി മടങ്ങിയത്.

എന്നാൽ, കിവീസ് ഇന്നിങ്സിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടിനാണ് എട്ടാം വിക്കറ്റിൽ അരങ്ങൊരുങ്ങിയത്. കൈൽ ജയ്മിസനെ കൂട്ടുപിടിച്ച് 71 റൺസാണ് ഗ്രാൻഡ്ഹോം എട്ടാം വിക്കറ്റിൽ ചേർത്തത്. 45 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 44 റൺസെടുത്താണ് ജാമിസൻ മടങ്ങിയത്. അശ്വിന്റെ പന്തിൽ വിഹാരി ക്യാച്ചെടുത്തു. സ്കോർ 310ൽ എത്തിയപ്പോൾ ഗ്രാൻഡ്ഹോമും മടങ്ങി. 74 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 43 റൺസെടുത്ത ഗ്രാൻഡ്ഹോമിനെയും അശ്വിൻ തന്നെ പുറത്താക്കി.

എന്നാൽ, വിട്ടുകൊടുക്കാതെ പൊരുതിയ കിവീസ് 10–ാം വിക്കറ്റിൽ 38 റൺസ് കൂടി ചേർത്തു. 24 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്ത ട്രെന്റ് ബോൾട്ടിന്റെ കടന്നാക്രമണമാണ് കിവീസ് സ്കോർ 348ൽ എത്തിച്ചത്. അജാസ് പട്ടേൽ 20 പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ 22.2 ഓവറിൽ 68 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അശ്വിൻ മൂന്നും ബുമ്ര, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രകടനമാണ് രണ്ടാം ദിനം ന്യൂസീലൻഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസൻ 153 പന്തിൽ 11 ഫോറുകൾ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. 93 പന്തിൽ ആറു ഫോറുകളുടെ അകമ്പടിയോടെയാണ് വില്യംസൻ ടെസ്റ്റിലെ 32–ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. മൂന്നാം വിക്കറ്റിൽ റോസ് ടെയ്‍ലറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (93) തീർത്താണ് വില്യംസൻ ന്യൂസീലൻഡിനെ ശക്തമായ നിലയിലെത്തിച്ചത്. ഓപ്പണർമാരായ ടോം ലാഥം 30 പന്തിൽ 11), ടോം ബ്ലണ്ടൽ 80 പന്തിൽ 30), റോസ് ടെയ്‍ലർ (71 പന്തിൽ 44), ഹെൻറി നിക്കോൾസ് (62 പന്തിൽ 17) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റുള്ളവർ.

English Summary: New Zealand vs India, 1st Test - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA