ADVERTISEMENT

ധരംശാല∙ എട്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ക്രിക്കറ്റിലേക്കു മടങ്ങിവരവിനൊരുങ്ങി ഓൾ‌ റൗണ്ടർ ഹാർദിക് പാണ്ഡ്യ. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ പാണ്ഡ്യ കളിച്ചേക്കും. ചൊവ്വാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മുഴുവന്‍ സമയവും നെറ്റ്സില്‍ പരിശീലനത്തിലായിരുന്നു പാണ്ഡ്യ. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയായിരുന്നു പാണ്ഡ്യയ്ക്കു  പരുക്കേറ്റത്.

40 മിനിറ്റോളമാണ് നെറ്റ്സിൽ പാണ്ഡ്യ പന്തെറിഞ്ഞത്. കൂടെ പരുക്കിനു ശേഷം ഇന്ത്യൻ ടീമിൽ കളിക്കുന്ന ജസ്പ്രീത് ബുമ്രയുമുണ്ടായിരുന്നു. ഇന്ത്യയുടെ ബോളിങ് പരിശീലകൻ ഏറെ നേരം പാണ്ഡ്യയുടെ പരിശീലനം സൂക്ഷ്മമായി വിലയിരുത്തി. പരുക്കിൽ‌നിന്നു ഭേദപ്പെട്ട് ശാരീരികമായി കൂടുതൽ കരുത്ത് ആർജിച്ചാണു താരം വീണ്ടും കളത്തിലിറങ്ങുന്നതെന്നാണു വിദഗ്ധാഭിപ്രായം. ബാറ്റിങ്ങിൽ പഴയ ബൗണ്ടറി ഷോട്ടുകളും പാണ്ഡ്യ നെറ്റ്സിൽ പരിശീലിച്ചു.

പാണ്ഡ്യയ്ക്കു പകരം വിജയ് ശങ്കർ, ശിവം ദുബെ തുടങ്ങിയവർക്കെല്ലാം ടീം ഇന്ത്യയിൽ നേരത്തേ അവസരം ലഭിച്ചിരുന്നെങ്കിലും ഇവർക്കൊന്നും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ബാറ്റിങ്ങിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും ഫാസ്റ്റ് ബോളിങ്ങിൽ പഴയ മികവ് ആവർത്തിക്കാനാകുന്നില്ലെന്നതാണു പാണ്ഡ്യയുടെ ദേശീയ ടീമി‌ലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഡി.വൈ. പാട്ടീൽ കോർപറേറ്റ് ടൂർണമെന്റിൽ പാണ്ഡ്യയുടെ ബോളിങ് കാണാൻ ഇന്ത്യൻ സിലക്ടർമാർ മുംബൈയിലെത്തിയിരുന്നു.

കരുത്തുറ്റതും മൂർച്ചയേറിയതുമാണ് പാണ്ഡ്യയുടെ ബോളിങ് എന്നാണു സിലക്ടർമാരുടെ വിലയിരുത്തൽ. പരിശീലന സമയത്തെ ഇടവേളകളിൽ ഹാർദിക് പാണ്ഡ്യയുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തിയ ശേഷമാണു താരം ടീമിലേക്കു തിരികെയെത്താൻ തയാറാണെന്ന് ടീം ഇന്ത്യ ഉറപ്പിച്ചത്. ഞായറാഴ്ച ബിസിസിഐ സംഘടിപ്പിച്ച എല്ലാ പരിശോധനകളും പാണ്ഡ്യ വിജയകരമായി പൂർത്തിയാക്കി. ഡി.വൈ. പാട്ടീൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിയിൽ സെഞ്ചുറി നേടി താരം തിരിച്ചുവരവ് ഗംഭീരമാക്കി. 55 പന്തിൽ പുറത്താകാതെ 158 റൺസെടുത്ത പാണ്ഡ്യയുടെ അസാമാന്യ ബാറ്റിങ്ങിൽ അദ്ദേഹത്തിന്റെ ടീമായ റിലയൻസ് വൺ കൂറ്റൻ ജയവും സ്വന്തമാക്കിയിരുന്നു.

ടൂർണമെന്റിൽ പാണ്ഡ്യയുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം സിഎജിക്കെതിരെ 37 പന്തിൽനിന്ന് സെഞ്ചുറി നേടി പാണ്ഡ്യ ഞെട്ടിച്ചിരുന്നു. മത്സരത്തിലാകെ 39 പന്തുകൾ നേരിട്ട പാണ്ഡ്യ എട്ടു ഫോറും 10 പടുകൂറ്റൻ സിക്സും സഹിതം 105 റണ്‍സാണു നേടിയത്. അതേസമയം ടൂർണമെന്റ് ഫൈനലിൽ പാണ്ഡ്യയുടെ ടീം ഇന്ത്യൻ ഓയില്‍ ടീമിനോട് 11 റൺസിനു തോറ്റു. ഫൈനലിൽ പാണ്ഡ്യ പൂജ്യത്തിനു പുറത്തായിരുന്നു. മാർച്ച് 12 മുതൽ 18 വരെയാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര. നാളെ (12) ധരംശാലയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം മാർച്ച് 15ന് ലക്നൗവിലും മൂന്നാം മത്സരം മാർച്ച് 18ന് കൊൽക്കത്തയിലും നടക്കും.

English Summary: Stronger Hardik Pandya ready for his second coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com