ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ ഒരു രാജ്യമൊന്നാകെ കയ്യും മെയ്യും മറന്ന് പൊരുതുമ്പോൾ, വിവരവും വിദ്യാഭ്യാസവുമുള്ള ഒരു വിഭാഗം ആളുകൾ അശ്രദ്ധ കാട്ടുന്നതിനെ വിമർശിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഭോഗ്‍ലെയുടെ വിമർശനം. ലക്ഷക്കണക്കിന് ആളുകൾ ശരിയായ പാതയിലൂടെ പോയാലും ചെറിയൊരു വിഭാഗം ആളുകളുടെ അശ്രദ്ധ എല്ലാ പോരാട്ടങ്ങളുടെയും മുനയൊടിക്കുമെന്ന് ഭോഗ്‍ലെ ചൂണ്ടിക്കാട്ടി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഈ വിപത്തിനെ ചെറുക്കാനാകൂ എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

‘ഇത്രയേറെ ആളുകൾ (വൈറസ് വ്യാപനം തടയാൻ) കഠിനാധ്വാനം ചെയ്യുമ്പോൾ, രോഗ ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാസമ്പന്നരായ ആളുകൾ യാതൊരു കൂസലുമില്ലാതെ പാർട്ടികളിലും മറ്റും പങ്കെടുത്ത് കറങ്ങി നടക്കുന്നത് നിരാശപ്പെടുത്തുന്നു. കോടിക്കണക്കിന് ആളുകൾ ശരിയായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിലും ഒരു ചെറിയ വിഭാഗം ആളുകളുടെ ഉത്തരവാദിത്തമില്ലായ്മ എല്ലാ പോരാട്ടങ്ങളുടെയും മുനയൊടിച്ചേക്കാം. നമുക്കു കരുതലോടെയിരിക്കാം. ഈ പോരാട്ടത്തിൽ നമ്മൾ ഒറ്റക്കെട്ടാണ്’ – ഭോഗ്‌ലെ ട്വിറ്ററിൽ കുറിച്ചു.

ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭോഗ്‍ലെയുടെ ട്വീറ്റ് എന്ന് കരുതുന്നു. കഴിഞ്ഞ ദിവസം ലണ്ടനിൽനിന്ന് തിരിച്ചെത്തിയ കനിക കപൂർ, ചട്ടമനുസരിച്ച് ക്വാറന്റീനിൽ പ്രവേശിക്കുന്നതിനു പകരം ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. പിന്നീട് കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ഇവരുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്.

ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. ലക്നൗവിൽ കനിക പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്ന രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിങ് എംപിയും സ്വയം ക്വാറന്റീലേക്ക് പ്രവേശിച്ചിരുന്നു. ദുഷ്യന്ത് പങ്കെടുത്ത രാഷ്ട്രപതി ഭവനിലെ ചടങ്ങിലുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. 

English Summary: Harsha Bhogle urges people to stay vigilant as coronavirus cases continue to rise in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com