sections
MORE

ധോണിക്ക് ഇനി ടീമിൽ ഇടമുണ്ടെന്ന് കരുതുന്നില്ല: തുറന്നടിച്ച് ഗാവസ്കറും

gavaskar-dhoni
സുനിൽ ഗാവസ്കർ, മഹേന്ദ്രസിങ് ധോണി
SHARE

മുംബൈ∙ മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി, ഈ വർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടംപിടിക്കുമെന്ന് കരുതുന്നില്ലെന്ന് മുൻ താരം സുനിൽ ഗാവസ്കർ. ധോണി ഒരിക്കൽക്കൂടി ലോകകപ്പിൽ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെങ്കിലും ഇത്തവണ അതു നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഗാവസ്കർ വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. ധോണി വീണ്ടും ടീമിൽ തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

‘ധോണി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത് കാണാൻ തീർച്ചയായും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അതിനുള്ള സാധ്യത തീർത്തും വിരളമാണെന്ന് മാത്രം. ധോണിയുടെ അസാന്നിധ്യത്തിൽ പുതിയ തന്ത്രങ്ങളുമായി ടീം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വലിയ പ്രസ്താവനകൾ ഇറക്കുന്നതിൽ അത്ര താൽപര്യം കാട്ടാത്ത താരമാണ് ധോണി. അതുകൊണ്ടുതന്നെ നിശബ്ദമായി അദ്ദേഹം കളം വിടുമെന്നാണ് ഞാൻ കരുതുന്നത്’ – ’ – ഒരു ദേശീയ ദിനപ്പത്രത്തോട് ഗാവസ്കർ പ്രതികരിച്ചു.

ദേശീയ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് ബുദ്ധിമുട്ടേറിയതാകുമെന്ന് മുൻ താരവും സിലക്ടറുമായിരുന്ന വെങ്കിടപതി രാജുവും അഭിപ്രായപ്പെട്ടു. 2007ൽ ധോണിയെ ഇന്ത്യൻ സീനിയർ ടീമിന്റെ നായകനായി അവരോധിച്ച സിലക്ഷൻ കമ്മിറ്റിയിൽ രാജുവും അംഗമായിരുന്നു. അതേസമയം, ധോണിയെ പൂർണമായും പടിക്കു പുറത്താക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ് ധോണി. അതുകൊണ്ടുതന്നെ വലിയ ആരാധകവൃന്ദവുമുണ്ട്. പക്ഷേ, ഇത്രയും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കളത്തിലേക്കു തിരിച്ചെത്തുകയെന്നത് ഒരു രാജ്യാന്തര താരത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ സംഗതിയാണ്. എങ്കിലും, ഈ വർഷം ഐപിഎൽ നടന്നാൽ ധോണിയുടെ പ്രകടനത്തെ ആധാരമാക്കി താരത്തിന് ടീമിൽ തിരിച്ചെത്താൻ അവസരം നൽകണം’ – രാജു ആവശ്യപ്പെട്ടു.

‘ടീമിൽ ഇടംപിടിക്കണമെങ്കിൽ ഏതു താരമായാലും മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. ആഭ്യന്തര ക്രിക്കറ്റിലായാലും ഇന്ത്യ എ ടീമിലായാലും ഇതിനു മാറ്റമില്ല. ഈ തലത്തിൽ കളിക്കാൻ പൂർണ സജ്ജനാണെന്ന് സ്വയം ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രായവും ഒരു വലിയ ഘടകമാണ്. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നത് ഒരിക്കലും അത്ര അനായാസമല്ല. അതിന് വ്യത്യസ്ത തലത്തിലുള്ള കായിക ക്ഷമതയും സാങ്കേതിക മികവും ആവശ്യമാണ്’ – രാജു ചൂണ്ടിക്കാട്ടി.

സമ്മർദ്ദ ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് 2007ൽ താൻ ഉള്‍പ്പെട്ട സിലക്ഷൻ കമ്മിറ്റി ധോണിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്നും രാജു വ്യക്തമാക്കി. ‘മാച്ച് വിന്നർമാരെയും സ്ഥിരത പുലർത്തുന്നവരെയും മാത്രമേ ടീമിലേക്കു പരിഗണിക്കൂ എന്നതായിരുന്നു അന്നത്തെ സിലക്ഷൻ കമ്മിറ്റിയുടെ രീതി. ധോണിയുടെ ശാന്ത സ്വഭാവവും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും സിലക്ഷൻ കമ്മിറ്റിയെ ആകർഷിച്ചു. മാത്രമല്ല, ടീമിലെ സീനിയർ താരങ്ങളിൽ പലരും പരുക്കുൾപ്പെടെയുള്ള കാരണങ്ങളാൽ ടീമിൽനിന്ന് ദീർഘകാലം വിട്ടുനിന്ന ശേഷം തിരിച്ചെത്തുന്ന ഘട്ടമായിരുന്നു അത്. അതിനാൽ ധോണിയെ ക്യാപ്റ്റനായി പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് ഒരിക്കലും ഖേദിക്കേണ്ടിയും വന്നില്ല’ – രാജു ചൂണ്ടിക്കാട്ടി.

English Summary: Don't think Dhoni will find place in T20 World Cup squad: Gavaskar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA