ADVERTISEMENT

ധാക്ക∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോകമൊന്നാകെ പ്രതിരോധം തീർക്കുമ്പോൾ, അവശ്യസാധനങ്ങൾക്ക് കുത്തനെ വിലകൂട്ടുന്ന വ്യാപാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗ്ലദേശ് ക്രിക്കറ്റ് താരം റൂബൽ ഹുസൈൻ രംഗത്ത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ബംഗ്ലദേശിലെ വ്യാപാരികളുടെ ലാഭക്കൊതിയെ റൂബൽ നിശിതമായി വിമർശിച്ചത്. രാജ്യമൊന്നാകെ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ ആർത്തി മൂത്ത് സാധനങ്ങൾക്ക് വിലകൂട്ടുന്ന വ്യാപാരികളാണ് യഥാർഥ കൊറോണ വൈറസെന്ന് റൂബൽ ഹുസൈൻ തുറന്നടിച്ചു.

ബംഗ്ലദേശിലാകെ ഇതുവരെ 20 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ സുഖപ്പെട്ടു. ഒരാൾ മരണത്തിന് കീഴടങ്ങി. വൈറസ് വ്യാപനത്തെ ചെറുക്കാൻ കായിക മത്സരങ്ങൾ ഉൾപ്പെടെ നിർത്തിവച്ച് അതീവ ജാഗ്രതയിലാണ് ബംഗ്ലദേശ്. ഇതിനിടെയാണ് മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് വ്യാപാരികൾ കുത്തനെ വിലകൂട്ടിയത്. ‘നമ്മൾ അത്യാഗ്രഹികളും ക്രൂരൻമാരുമായ രാജ്യമാണ്’ എന്ന ഏറ്റുപറച്ചിലോടെയാണ് റൂബൽ ഹുസൈന്റെ കുറിപ്പ് ആരംഭിക്കുന്നത്. അതിന്റെ തുടർച്ച ഇങ്ങനെ:

‘അടുത്തിടെ ചൈനയും ഇതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. അവിടെ പ്രതിസന്ധി ഘട്ടത്തിൽ വ്യാപാരികൾ മാസ്കുകളുടെ വില കുറയ്ക്കുകയാണ് ചെയ്തത്. കാരണം അവർക്ക് മനുഷ്യത്വമുണ്ട്. പക്ഷേ ഇവിടെയോ? കൊറോണയെന്ന് കേട്ടയുടനെ മാസ്കുകളുടെ വില നാം കുത്തനെ കൂട്ടി. അഞ്ചു രൂപയ്ക്ക് കിട്ടിയിരുന്ന മാസ്കിന് വില 50 രൂപയായി. 20 രൂപയ്ക്ക് കിട്ടിയിരുന്ന മാസ്കിന് 100ഉം 150ഉം രൂപയായി. കാരണം, നമ്മൾ അത്യാഗ്രഹികളാണ്.’

‘ആശയറ്റ ഈ ഘട്ടത്തിൽ, നമുക്കു സ്വാതന്ത്ര്യം നേടിത്തരാനായി അഹോരാത്രം പോരാടിയ നായകൻമാരെ ഞാൻ ഓർക്കുന്നു. ഇന്നുപക്ഷേ, ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ നമുക്കാവുന്നില്ല. എന്താണ് കാരണം?’

‘മാസ്കുകളുടെയും സാനിറ്ററൈസുകളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില ക്രമാതീതമായി വർധിക്കുകയാണ്. ഈ പ്രതിസന്ധി മുതലെടുത്ത് കൃത്രിമ വിലക്കയറ്റവും പ്രശ്നവും സൃഷ്ടിക്കുന്ന അത്യാഗ്രഹികളും ലാഭക്കൊതിയൻമാരുമായ വ്യാപാരികൾക്ക് ഹാ കഷ്ടം! ഈ രാജ്യത്തെ യഥാർഥ കൊറോണാ വൈറസ് നിങ്ങളാണ്’ – റൂബൽ ഹുസൈൻ കുറിച്ചു.

English Summary: Rubel Hossain says, greedy businessmen are real virus of the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com