sections
MORE

വാതുവച്ചിട്ടും വീണ്ടും ടീമിൽ; വിമർശിച്ച ഹഫീസിനോട് ‘പണി നോക്കാൻ’ പിസിബി

sharjeel-khan-hafeez
ഷർജീൽ ഖാൻ, മുഹമ്മദ് ഹഫീസ്
SHARE

ഇസ്‌ലാമാബാദ്∙ വാതുവയ്പു വിവാദത്തിൽ കുരുങ്ങി അഞ്ചു വർഷത്തെ വിലക്കു ലഭിച്ച ഷർജീൻ ഖാന് വീണ്ടും കളത്തിലിറങ്ങാൻ അവസരം നൽകിയതിനെ വിമർശിച്ച മുഹമ്മദ് ഹഫീസിനോട് ‘സ്വന്തം കാര്യം നോക്കാൻ’ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). 2017ൽ ദുബായിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ വാതുവയ്പ്പിനു പിടിക്കപ്പെട്ട താരമാണ് ഷർജീൽ ഖാൻ. ഇതോടെ ഷർജീലിനെയും സഹതാരം ഖാലിദ് ലത്തീഫിനെയും പിസിബി നാട്ടിലേക്കു തിരിച്ചയച്ചിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ അഞ്ചു വർഷത്തെ വിലക്കും ഏർപ്പെടുത്തി. പിന്നീട് നിരുപാധികം മാപ്പു പറഞ്ഞതോടെ 2019ൽ ശിക്ഷ റദ്ദാക്കി.

ഇതിനു പിന്നാലെ ഈ വർഷത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ താരത്തിന് പിസിബി അനുമതിയും നൽകിയിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് ഹഫീസ് രംഗത്തെത്തിയത്. ഈ വർഷത്തെ താരലേലത്തിൽ കറാച്ചി കിങ്സാണ് ഷർജീൽ ഖാനെ ടീമിലെത്തിച്ചത്. അവരുടെ ഓപ്പണറായിരുന്ന ഷർജീൽ 10 ഇന്നിങ്സുകളിൽനിന്ന് 190 റൺസാണ് നേടിയത്. 

ഷർജീൽ ഖാന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ്, ഷർജീൽ ഖാനെ തിരിച്ചുവിളിച്ചതിനെ ഹഫീസ് ചോദ്യം ചെയ്തത്. ‘പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നതിൽ മറ്റെന്ത് മികവിനേക്കാളും അന്തസ്സും അഭിമാനവുമല്ലേ പ്രധാനം? വെറുതെ ചോദിച്ചെന്നേയുള്ളൂ’ – ഇതായിരുന്നു ഹഫീസിന്റെ പോസ്റ്റ്.

എന്നാൽ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ ആയ വാസിം ഖാൻ അതിരൂക്ഷമായ ഭാഷയിലാണ് ഹഫീസിന്റെ പരാമർശത്തോട് പ്രതികരിച്ചത്. ഹഫീസിനോട് സ്വന്തം കാര്യം നോക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഹതാരങ്ങൾ ചെയ്യുന്നതിലെ തെറ്റും ശരിയും കണ്ടെത്തുന്ന കാര്യം ക്രിക്കറ്റ് ബോർഡിന് വിടാനും അദ്ദേഹം ‘ഉപദേശിച്ചു’.

‘സഹതാരങ്ങളെ വിമർശിക്കാനും വിവിധ വിഷയങ്ങളിൽ ക്രിക്കറ്റ് ബോർഡ് എന്തു തീരുമാനം കൈക്കൊള്ളണമെന്ന് ഉപദേശിക്കാനും താരങ്ങളാരും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കേണ്ടതില്ല. വിവിധ വിഷയങ്ങളേക്കുറിച്ചും ലോക ക്രിക്കറ്റിനെക്കുറിച്ചും എല്ലാവർക്കും അഭിപ്രായങ്ങളാകാം. പക്ഷേ താരങ്ങളും ക്രിക്കറ്റ് ബോർഡും ചെയ്യുന്നതിലെ ശരിതെറ്റുകളെക്കുറിച്ച് അവർ തീരുമാനിക്കേണ്ട. അതിന് ക്രിക്കറ്റ് ബോർഡുണ്ട്’ – വാസിം ഖാൻ മുന്നറിയിപ്പു നൽകി.

‘സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് ഹഫീസുമായി ഞാൻ വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. ശരിയായ വേദിയിലല്ല അദ്ദേഹം അഭിപ്രായം പറഞ്ഞതെന്നാണ് പിസിബിയുടെ നിലപാട്. മറ്റൊരു രാജ്യത്തും കളിക്കാർ അഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളിലേക്കു പോകുന്നില്ല. പാക്കിസ്ഥാനിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത? അങ്ങനെ ചെയ്യുന്നതിൽനിന്ന് പാക്ക് താരങ്ങളെയും വിലക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’– വാസിം ഖാൻ പറഞ്ഞു.

‘ഇംഗ്ലിഷ് സാഹചര്യങ്ങളിൽനിന്ന് വരുന്നയാളെന്ന നിലയിൽ, ഇംഗ്ലണ്ട് താരങ്ങൾ സഹതാരങ്ങളുടെ ശരിതെറ്റുകളേക്കുറിച്ചോ ക്രിക്കറ്റ് ബോർഡിന്റെ നയങ്ങളെക്കുറിച്ചോ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഹഫീസ് സ്വന്തം കളിയിലാണ് കാര്യമായി ശ്രദ്ധിക്കേണ്ടത്’ – വാസിം ഖാൻ ചൂണ്ടിക്കാട്ടി.

വാതുവയ്പ്പിനു പിടിക്കപ്പെട്ട താരങ്ങളെ വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്നതിനെ പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് ഹഫീസ് എതിർക്കുന്നത് ഇതാദ്യമല്ല. വാതുവയ്പ്പിനു പിടിക്കപ്പെട്ട മുഹമ്മദ് ആമിറിനെ ശിക്ഷാ കാലാവധിക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിച്ചതിൽ പ്രതിഷേധിച്ച് ഹഫീസും ടെസ്റ്റ് ടീം ക്യാപ്റ്റൻ അസ്ഹർ അലിയും 2005ൽ ടീമിന്റെ പരിശീലന ക്യാംപിൽനിന്ന് വിട്ടുനിന്നത് വാർത്തയായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇടപെട്ടാണ് അന്ന് ഇരുവരെയും അനുനയിപ്പിച്ചത്. ഇതിനുശേഷം ഇരുവരും ഒട്ടേറെ മത്സരങ്ങളിൽ മുഹമ്മദ് ആമിറിനൊപ്പം കളിച്ചു.

പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട ഷർജീൽ ഖാൻ, അപ്രതീക്ഷിതമായാണ് 2017ൽ വാതുവയ്പ്പു വിവാദത്തിൽ ഉൾപ്പെട്ടത്. രാജ്യാന്തര കരിയറിൽ 25 ഏകദിനങ്ങളും 15 ട്വന്റി20 മത്സരങ്ങളും ഒരു ടെസ്റ്റും കളിച്ചതിനു പിന്നാലെയാണ് താരം വാതുവയ്പ് വിവാദത്തിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ടത്.

English Summary: 'Focus on your own cricket' - PCB CEO Wasim Khan pulls up Mohammad Hafeez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA