ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്നത്തെ ജനതാ കർഫ്യൂവിനോടു ഇന്ത്യൻ ജനത പ്രതികരിച്ച രീതിയെ പുകഴ്ത്തി മുൻ ന്യൂസീലൻഡ് പരിശീലകനും നിലവിൽ ഐപിഎൽ ക്ലബ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പറേഷൻസ് ഡയറക്ടറുമായ മൈക്ക് ഹെസ്സൻ രംഗത്ത്. ആളൊഴിഞ്ഞ മുംബൈയിലെ വിഖ്യാതമായ കടൽപ്പാലത്തിന്റെ വിഡിയോ പങ്കുവച്ചാണ് ട്വിറ്ററിലൂടെ ഹെസ്സന്റെ അഭിനന്ദനം. ഈ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ റീട്വീറ്റും ചെയ്തു.

തന്റെ ഹോട്ടൽ മുറിയിൽനിന്നും മുംബൈയിലെ കടൽപ്പാലത്തിന്റെ വിഡിയോ പകർത്തി മൈക്ക് ഹസ്സൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

‘വർഷങ്ങളായി എന്റെ ഹോട്ടൽ മുറിയിൽനിന്ന് ഈ ദൃശ്യം പലതവണ കണ്ടിട്ടുണ്ട്. പക്ഷേ അതിൽ എപ്പോഴും കുറഞ്ഞത് 1000 കാറുകളെങ്കിലും കാണും. ഇന്ത്യ ഇന്ന് കൊറോണ വൈറസിനോടു പൊരുതാൻ 14 മണിക്കൂർ കർഫ്യൂ ആചരിക്കുകയാണ്. എല്ലാവരും അതു അനുസരിക്കുന്നതാണ് കാണുന്നത്’ – കൂപ്പുകൈകളുടെ ഇമോജികൾ സഹിതം ഹെസ്സൻ കുറിച്ചു.

ഈ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു. ‘ഈ ലിങ്ക് നോക്കൂ. കോവിഡ്–19നെ പിഴുതെറിയാൻ ജനങ്ങൾ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു’ – മോദി കുറിച്ചു.

സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശം ചെന്നൈയിലെ ജനങ്ങൾ പാലിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും ജനതാ കർഫ്യൂവിനോടുള്ള ജനങ്ങളുടെ സഹകരണത്തെ പുകഴ്ത്തി രംഗത്തെത്തി. ജനതാ കർഫ്യൂവിനോടുള്ള ജനങ്ങളുടെ പ്രതികരണം അവിശ്വസനീയമാണെന്ന് അശ്വിൻ കുറിച്ചു. സ്കൂളുകളിലേതു പോലെ സമ്പൂർണ നിശബ്ദതയാണ് എല്ലായിടത്തും. ഈ രീതി വരും ദിവസങ്ങളിലും പിന്തുടരുമെന്ന് കരുതുന്നു. വരും ദിനങ്ങളിലും സാമൂഹിക അകലം പാലിക്കുന്ന പതിവ് തുടരാമെന്നും അശ്വിൻ കുറിച്ചു.

English Summary: PM Narendra Modi responds after Mike Hesson shares clip of an empty Mumbai sea link amid curfew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com