ADVERTISEMENT

ധാക്ക∙ വിജയത്തിന്റെ വക്കിൽ നിൽക്കെ അമിതമായി ആഘോഷിക്കുക, പിന്നീട് അവിശ്വസനീയമായി മത്സരം തന്നെ കൈവിട്ട് നാണംകെടുക; കൈവെള്ളയിലിരുന്ന വിജയത്തിന്റെ ഉൻമാദത്തിൽ ആഘോഷം നടത്തുകയും പിന്നീട് മത്സരം തോറ്റ് നിരാശപ്പെടുകയും ചെയ്ത ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിമിന്റെ ചോര വറ്റിയ മുഖം ഇന്ത്യൻ ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കില്ല. ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനു മേൽ ഇന്ത്യ നേടിയ ഏറ്റവും വലിയ ആവേശ ജയങ്ങളിലൊന്നിന് ഇന്ന് അഞ്ച് വയസ്സ്! ഇന്നേക്ക് കൃത്യം നാല് വർഷം മുൻപാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തോൽവിയുറപ്പിച്ച മത്സരം ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയുടെ മിടുക്കുകൊണ്ട് ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്. അന്ന് വെറും ഒരു റണ്ണിനായിരുന്നു ഇന്ത്യൻ വിജയം. 

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്. ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ ഇന്ത്യൻ ഇന്നിങ്സിൽ 30 റൺസെടുത്ത സുരേഷ് റെയ്നയായിരുന്നു ടോപ് സ്കോറർ. 23 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതമാണ് റെയ്ന 30 റൺസെടുത്തത്. രോഹിത് ശർമ (18), ശിഖർ ധവാൻ (23), വിരാട് കോലി (24), ഹാർദിക് പാണ്ഡ്യ (15), ധോണി (പുറത്താകാതെ 13), രവീന്ദ്ര ജഡേജ (12) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി.

മറുപടി ബാറ്റിങ്ങിൽ അത്ര മികച്ച പ്രകടനമൊന്നുമായിരുന്നില്ല ബംഗ്ലദേശിന്റേതും. പക്ഷേ, അവസാന രണ്ട് ഓവറിൽ അവർക്ക് വിജയത്തിലേക്ക് വേണ്ടിയരുന്നത് 17 റൺസ് മാത്രം. ബാക്കിയുള്ളത് നാലു വിക്കറ്റും. 19–ാം ഓവർ ബോൾ ചെയ്ത ജസ്പ്രീത് ബുമ്ര വിട്ടുകൊടുത്തത് ആറു റൺസ് മാത്രം. ഇതോടെ അവസാന ഓവറിൽ വിജയത്തിലേക്ക് ബംഗ്ലദേശിന് വേണ്ടിയിരുന്നത് 11 റൺസ്. ക്രീസിൽ മഹ്മൂദുല്ലയും (17), മുഷ്ഫിഖുർ റഹിമും (മൂന്ന്). ബോളർ ഹാർദിക് പാണ്ഡ്യ.

ആദ്യ ബോളിൽ ഒരു റൺ. പക്ഷേ ഓഫ് സ്റ്റംപിനു പുറത്തേക്കെറിഞ്ഞ രണ്ടാം ബോൾ മുഷ്ഫിഖുർ റഹിമിന്റ ബാറ്റിലേറി വിശ്രമിച്ചത് ബൗണ്ടറിയിൽ. ആർത്തുവിളിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗാലറി ശോകമൂകം. അടുത്ത ബോൾ റഹിം ധോണിയുടെ തലയ്ക്കു മുകളിലൂടെ സ്കൂപ്പ് ചെയ്തതും ബൗണ്ടറി ലൈൻ തൊട്ടു. ഇതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യം മൂന്നു പന്തിൽ രണ്ടു റൺസായി കുറഞ്ഞു. വിജയമുറപ്പിച്ചതിന്റെ ആവേശത്തിൽ റഹിം ആഘോഷവും തുടങ്ങി.

പക്ഷേ, അവിടുന്നങ്ങോട്ടു കളി മാറി. നാലാം ബോളിലും വമ്പൻ അടിക്കു ശ്രമിച്ച മുഷ്ഫിഖുർ (11) മിഡ് വിക്കറ്റിൽ ശിഖർ ധവാന്റെ കൈകളിലൊതുങ്ങി. അടുത്ത ബോളിൽ മഹ്മുദുല്ല ശ്രമിച്ചതും ബൗണ്ടറിക്ക്. കവറിൽനിന്നും ഓടിയെത്തിയ ജഡേജ കൈവിട്ടെന്നു കരുതിയ ക്യാച്ച് കിടന്നുപിടിച്ചു. ഇന്ത്യൻ ഗാലറികളിൽ വീണ്ടും ആരവം. അവസാന ബോളിൽ ബംഗ്ലാദേശിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് രണ്ട് റൺസ്. മത്സരം ടൈയിലെത്തിക്കാൻ ഒരു റൺസും.

പാണ്ഡ്യയുടെ ലക്ഷണമൊത്ത ഫുൾ ലെങ്ത് ബോളിൽ ഷുബാഗത ഹോമിന് ഒന്നും ചെയ്യാനായില്ല. ബോൾ ധോണിയുടെ കൈകളിലൊതുങ്ങി. പക്ഷേ മറുവശത്തു നിന്നു മുസ്താഫിസുർ റഹ്മാൻ അതിനകം തന്നെ ക്രീസിൽ പാതി ദൂരം പിന്നിട്ടിരുന്നു. കയ്യിൽ കിട്ടിയ ബോൾ എറിയാൻ നിൽക്കാതെ ഓടിക്കയറിയ ധോണി ബോൾ സ്റ്റംപ് ചെയ്തു. റണ്ണൗട്ട്? തീരുമാനം തേർഡ് അംപയറിന്. റീ പ്ലേയിൽ ഭാഗ്യം ഇന്ത്യക്കൊപ്പം. ഒരു റൺസിന്റെ നാടകീയ വിജയം. പരിഹാസപാത്രമായ റഹിം പവലിയനിൽ മുഖംപൊത്തി.

പിന്‍കുറിപ്പ്: സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം 2003ലെ ലോകകപ്പ് ഫൈനലിൽ റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റതിന്റെ വാർഷികം കൂടിയാണിന്ന്. അന്ന് 125 റൺസിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്.

English Summary: On this day: India's 2003 heartbreak, Bangladesh's spectacular choke in 2016

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com