ADVERTISEMENT

ഇസ്‍‌ലാമാബാദ്∙ മതത്തിനും ജാതിക്കും അതീതമായി ഉയരാനും കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കാനും ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തർ രംഗത്ത്. ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ച് ലോകം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വൈറസിനെ ചെറുക്കാനാകൂ എന്നും അക്തർ ഓർമിപ്പിച്ചു. കൂട്ടംചേരുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് അക്തർ അഭ്യർഥിച്ചു.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരോടായി ഒരു അപേക്ഷ. കൊറോണ വൈറസ് വ്യാപനം ഒരു ആഗോള പ്രതിസന്ധിയാണ്. അതിനെ നേരിടാൻ നാമെല്ലാം മതത്തിനൊക്കെ ഉപരിയായി ഉയർന്ന് ഒരു ആഗോള ശക്തിയായേ പറ്റൂ. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെ നിലവിലുണ്ട്. പക്ഷേ നമ്മിൽ ചിലർ കൂട്ടംകൂടുകയോ സമ്പർക്ക വിലക്കു ലംഘിക്കുകയോ ചെയ്താൽ ഇതുകൊണ്ടൊന്നും ഫലമില്ലാതെ വരും’ – യുട്യൂബ് ചാനലിലൂടെ അക്തർ ചൂണ്ടിക്കാട്ടി.

ഈ പ്രതിസന്ധി ഘട്ടത്തിൽ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്ന പതിവ് പാടില്ലെന്നും അക്തർ അഭ്യർഥിച്ചു. ‘ഇങ്ങനെ ചെയ്യുന്നവർ ദിവസ വേതനക്കാരെ ഓർക്കണം. കടകളെല്ലാം കാലിയായിക്കൊണ്ടിരിക്കുകയാണ്. സാധനങ്ങളെല്ലാം പൂഴ്ത്തിവച്ചാലും മൂന്നു മാസത്തിനപ്പുറവും നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരെങ്ങനെ കുടുംബം പുലർത്തും? ഇത് മനുഷ്യത്വം കാട്ടേണ്ട സമയമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ല, മനുഷ്യനായിരിക്കുക. പരസ്പരം സഹായിക്കാൻ സന്നദ്ധരാകുക, പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക’ – അക്തർ പറഞ്ഞു.

ഇത്തരം പ്രതിസന്ധി ഘട്ടത്തിലും ധനികർക്ക് അതിജീവനം താരമ്യേന എളുപ്പമാണെന്ന് അക്തർ ചൂണ്ടിക്കാട്ടി. പാവപ്പെട്ട ജനങ്ങളുടെ കാര്യമോ? ഈ ഘട്ടത്തിൽ നാം പരസ്പരം വിശ്വസിച്ചേ മതിയാകൂ. മൃഗങ്ങളേപ്പോലെയല്ല, മനുഷ്യരേപ്പോലെ ജീവിക്കൂ. മറ്റുള്ളവരോട് ഉദാരമതികളാകൂ. നാം പരസ്പരം സംരക്ഷിക്കേണ്ട സമയമാണിത്. എല്ലാവരും മനസ്സുകൊണ്ടു ചേർന്നുനിൽക്കുക’ – അക്തർ ആഹ്വാനം ചെയ്തു.

English Summary: ‘What is the guarantee you will live after 3 months’: Shoaib Akhtar’s plea for unity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com