ADVERTISEMENT

ചെന്നൈ∙ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ബോധവൽക്കരണം നൽകുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. വൈറസ് വ്യാപനത്തെ ചെറുക്കാൻ കൂട്ടായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായ ഇടവേളകളിൽ ട്വിറ്ററിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ് താരം. വൈറസ് വ്യാപനം തടയാൻ ‘സാമൂഹിക അകലം’ പാലിക്കാൻ സർക്കാർ നൽകിയ നിർദ്ദേശത്തോടു മുഖം തിരിച്ച ചെന്നൈയിലെ ജനതയ്ക്ക് മുന്നറിയിപ്പുമായി അശ്വിൻ രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോടു ക്രിയാത്മകമായി പ്രതികരിച്ച ആളുകളെ അഭിനന്ദിച്ചും അദ്ദേഹം രംഗത്തെത്തി.

വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ നിൽക്കാത്ത സാഹചര്യത്തിൽ ട്വിറ്ററിൽ തന്റെ പേരുതന്നെ മാറ്റിയിരിക്കുകയാണ് അശ്വിൻ. ആളുകൾക്ക് ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടെ ‘lets stay indoors India’ എന്നാണ് അശ്വിന്റെ ട്വിറ്ററിലെ പുതിയ ‘പ്രൊഫൈൽ നെയിം’. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളോട് വീടിനുള്ളിൽത്തന്നെ കഴിയാനുള്ള ആഹ്വാനമാണിതെന്ന് വ്യക്തം.

ഇതിനു പുറമെ, വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് സഹകരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അശ്വിൻ ട്വീറ്റ് ചെയ്തു:

‘നമുക്കു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് (ഇതിൽ ആധികാരികമായവയും പരിഭ്രാന്തി സൃഷ്ടിക്കുന്നവയുമുണ്ട്) അടുത്ത രണ്ടാഴ്ച (വൈറസ് വ്യാപനം തടയുന്നതിൽ) വളരെ സുപ്രധാനമാണെന്ന് വ്യക്തമാണ്. ഈ കാലയളവിൽ ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആളൊഴിഞ്ഞുതന്നെ കിടക്കണം. കാരണം, കൈവിട്ടുപോയാൽ ഇതു വലിയ ദുരന്തത്തിലേ അവസാനിക്കൂ’ – അശ്വിൻ കുറിച്ചു.

English Summary: R Ashwin changes his Twitter handle to spread awareness on coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com