ADVERTISEMENT

കൊളംബോ∙ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടാൻ ശ്രീലങ്കൻ സർക്കാരിന് രണ്ടരക്കോടി ശ്രീലങ്കൻ രൂപ (ഒരു കോടിയിലധികം ഇന്ത്യൻ രൂപ) സംഭാവന നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി ലങ്കൻ ബോർഡ് രംഗത്തെത്തിയത്.

സാമ്പത്തിക സഹായത്തിനു പുറമെ വൈറസ് ബാധ നേരിടാൻ ആകുന്ന വിധത്തിലെല്ലാം സർക്കാരിനെ സഹായിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ടൂർണമെന്റുകൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാ കളിക്കാരോടും വീടുകളിൽ തങ്ങാൻ നിർദ്ദേശം നൽകിയതായും ബോർഡ് അറിയിച്ചു.

അതിനിടെ, സർക്കാരിനെ സഹായിക്കാൻ രംഗത്തെത്തിയ ക്രിക്കറ്റ് ബോർഡിന് ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്ഷെ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ കൃതജ്ഞതാ പ്രകാശനം.

‘കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിനെ സഹായിക്കാൻ 25 മില്യൻ ശ്രീലങ്കൻ രൂപ സംഭാവന ചെയ്ത ക്രിക്കറ്റ് ബോർഡിന് നന്ദി. രാജ്യത്തിന്റെ നാനാതുറകളിൽനിന്ന് സർക്കാരിന് ലഭിക്കുന്ന നിർലോഭമായ പിന്തുണയ്ക്കും നന്ദി. പിന്തുണച്ച് രംഗത്തുള്ള ശ്രീലങ്കൻ ക്രിക്കറ്റിലെ എല്ലാ താരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി’ – രജപക്ഷെ കുറിച്ചു.

English Summary: Sri Lanka Cricket grants LKR 25 million to fight coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com