ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് അവരുടെ മുൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തർ. ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സർക്കാർ നിർദ്ദേശം. എന്നാൽ, പലർക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും അക്തർ മുന്നറിയിപ്പു നൽകി. പാക്കിസ്ഥാനിൽ ഇതുവരെ 875 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ആറു പേർ മരണത്തിനു കീഴടങ്ങി.

‘ഇന്ന് വളരെ സുപ്രധാനമായൊരു കാര്യത്തിന് ഞാൻ പുറത്തുപോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ മുൻകരുതലുകളോടെയുമാണ് പോയത്. ആരുമായും ഹസ്തദാനം നടത്തുകയോ ആരെയും ആശ്ലേഷിക്കുകയോ ചെയ്തില്ല. മാത്രമല്ല, വാഹനം പൂർണമായും അടച്ചുപൂട്ടിയാണ് യാത്ര ചെയ്തത്. കഴിയുന്നത്ര വേഗം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.’

‘പക്ഷേ, ഈ യാത്രയിൽ പുറത്തു കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഒരു ബൈക്കിൽ നാലു പേർ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവർ എവിടെയോ ടൂർ പോകുകയാണ്. ഒട്ടേറെപ്പേർ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു. വലിയ സംഘങ്ങളായി ചിലർ യാത്ര ചെയ്യുന്നതും പലയിടത്തും കണ്ടു. എന്തിനാണ് നമ്മൾ ഇപ്പോഴും ഹോട്ടലുകൾ തുറന്നുവച്ചിരിക്കുന്നത്? എത്രയും വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടത്?’ – തന്റെ യുട്യൂബ് ചാനലിൽ അക്തർ ചോദിച്ചു.

‘ഇന്ത്യയെ നോക്കൂ. അവിടെ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പാക്കിസ്ഥാനിൽ ഇപ്പോഴും നമുക്കു യാത്രകൾ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ല. വൈറസ് ബാധയുടെ 90 ശതമാനവും സമ്പർക്കത്തിൽനിന്നാണ് ഉണ്ടാകുന്നത്. എന്നിട്ടും നമുക്കു വീട്ടിലിരിക്കാനാകുന്നില്ല. നമ്മൾ എന്താണ് ഇങ്ങനെ? ഇത് അത്യന്തം അപകടകരമാണ്. ജനങ്ങളുടെ ജീവിതം വച്ചുള്ള കളിയാണിത്’ – അക്തർ മുന്നറിയിപ്പു നൽകി. ആളുകൾ തെരുവുകളിൽ കൂട്ടംകൂടുന്നത് തടയാൻ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും അക്തർ പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

‘കൊറോണ വൈറസ് അത്യന്തം അപകടകാരിയാണെന്ന കാര്യം മനസ്സിലാക്കാൻ നമുക്ക് ഇപ്പോഴുമായിട്ടില്ല. ചൂടുകാലത്ത് വൈറസ് വ്യാപിക്കില്ലെന്നും ഇത് യുവാക്കളിലേക്കു പടരില്ലെന്നുമുള്ള മിഥ്യാധാരണകൾക്ക് അടിപ്പെടരുത്. ആളുകൾ ഇപ്പോഴും പുറത്തുകൂടി സ്വൈര്യവിഹാരം നടത്തുകയാണ്. ഈ ഘട്ടത്തിൽ പുറത്തുപോകേണ്ട ആവശ്യമെന്താണ്?’– അക്തർ ചോദിച്ചു.

‘രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിനോട് എന്റെ അഭ്യർഥന. നഗരങ്ങൾ എത്രയും വേഗം അടച്ചുപൂട്ടുക. കൃത്യസമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിൽ ഇറ്റാലിയൻ സർക്കാർ വരുത്തിയ വലിയ പിഴവാണ് അവിടെ കാര്യങ്ങൾ ഇത്രയും ഗുരുതരമാക്കിയത്. അവിടെ ദിവസേനയെന്നവണ്ണം നൂറുകണക്കിനു പേരാണ് മരിച്ചുവീഴുന്നത്. ഇവിടെ ആളുകൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ സമയം അനുവദിച്ചശേഷം എല്ലാം അടച്ചുപൂട്ടുകയാണ് വേണ്ടത്. പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഇപ്പോഴും കാര്യഗൗരവം ബോധ്യപ്പെട്ടിട്ടില്ലെന്ന് പറയുന്നതിൽ വിഷമമുണ്ട്. അവർ ഇപ്പോഴും ഒരു വിനോദയാത്രയുടെ മൂഡിലാണ്’ – അക്തർ പറഞ്ഞു.

English Summary: Shoaib Akhtar asks people to stop treating Covid-19 pandemic as ‘holiday or picnic’ time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com