ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ കനത്ത കെടുതികൾ നേരിടുമ്പോൾ സഹായവുമായി രംഗത്തെത്തുന്ന കായിക താരങ്ങളുടെ എണ്ണം കൂടുന്നു. ഇന്ത്യയിൽ വൈറസ് വ്യാപനം തടയുന്നതിന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കുന്നതിന് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായി സൗരവ് ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ മാതൃസംസ്ഥാനമായ ബംഗാളിൽ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകളിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങൾക്കാണ് അരി വിതരണം ചെയ്യുക. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കടന്ന പാക്കിസ്ഥാനിലും കായിക താരങ്ങൾ സഹായവുമായി രംഗത്തെത്തി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി കരാർ ഉള്ള താരങ്ങൾ ചേർന്ന് 50 ലക്ഷം രൂപയാണ് കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള സർക്കാർ ഫണ്ടിലേക്ക് നൽകുക. ഇവർക്കു പുറമെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ ഉന്നതസ്ഥാനം വഹിക്കുന്ന എല്ലാവരും രണ്ടു ദിവസത്തെ ശമ്പളവും സർക്കാരിന് നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സാൻ മാനി അറിയിച്ചു.

കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിനു സമീപമുള്ള ഹൈ പെർഫോമൻസ് സെന്റർ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി പിസിബി തുറന്നുകൊടുത്തിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്ത് മുൻ താരം ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ളവരും രംഗത്തുണ്ട്. അഫ്രീദിയെ അഭിനന്ദിച്ച് ഇന്ത്യൻ താരം ഹർഭജൻ സിങ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെ കോവിഡ് രോഗപ്രതിരോധത്തിനു പിന്തുണ പ്രഖ്യാപിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിന്റെ പകുതി സർക്കാരിനു സംഭാവന നൽകുമെന്ന് അവർ പ്രഖ്യാപിച്ചു. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുമായി കരാർ ഉള്ള 17 കളിക്കാർ ഉൾപ്പെടെ 27 താരങ്ങളാണ് സംഭാവന ചെയ്യുന്നത്. 25 ലക്ഷം ബംഗ്ലദേശി ടാക്ക (ഏകദേശം 22 ലക്ഷം രൂപ) ഇത്തരത്തിൽ സർക്കാരിനു ലഭിക്കും.

English Summary: Pakistan, Bangladesh Players Donate Their Salaries for Coronavirus Fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com